മുംബൈ: മാതാവിെൻറ കണ്ണീരിനുമുന്നിൽ ഭീകരവാദമുപേക്ഷിച്ച് സേനക്കുമുന്നിൽ കീഴടങ്ങിയ മജീദ് ഖാനെ പരിശീലിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യൻ ഫുട്ബാൾ മാന്ത്രികൻ ബൈച്യുങ് ബൂട്ടിയ. താഴ്വരയിൽ ഫുട്ബാൾ കളിച്ചുനടന്ന മജീദിെൻറ ഭീകരസംഘടനാ പ്രവേശനവും മടക്കവും സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ കൂടിയായ ബൂട്ടിയ പരിശീലകനാകാമെന്ന വാഗ്ദാനം ജമ്മു കശ്മീർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറിനെ അറിയിച്ചത്. ഡൽഹിയിലെ ബൈച്യുങ് ബൂട്ടിയ ഫുട്ബാൾ സ്കൂളിലെ പരിശീലനത്തിൽ പെങ്കടുക്കാൻ മജീദിനെ അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. വാർത്ത തന്നെ സ്പർശിച്ചെന്നും എല്ലാ പ്രയാസങ്ങൾക്കുമുള്ള സാന്ത്വനമാണ് ഫുട്ബാളെന്നും ബൂട്ടിയ പറഞ്ഞു.
കശ്മീർ താഴ്വരയിലെ ഫുട്ബാൾ മത്സരങ്ങളിൽ പെങ്കടുത്ത് മികച്ച ഗോൾ കീപ്പറെന്ന കീർത്തി നേടിയ മജീദ് നവംബർ ഒമ്പതിനാണ് ലശ്കറെ ത്വയ്യിബയിൽ ചേർന്നത്. ഇതറിഞ്ഞ മാതാവ് ആയിഷ ഖാൻ വിലപിച്ചുകൊണ്ട് മകനെ തിരിച്ചുവിളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ആയുധം താഴെവെക്കണമെന്ന് മാധ്യമങ്ങളിലൂടെ അവർ നടത്തിയ നിരന്തര അഭ്യർഥന ഒടുവിൽ ഫലപ്രാപ്തിയിലെത്തുകയായിരുന്നു. മാതാവിെൻറ വിലാപത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ മജീദ് സംഘടനവിട്ട് തെക്കൻ കശ്മീരിലെ ഇന്ത്യൻ സേനാ ക്യാമ്പിലെത്തി കീഴടങ്ങുകയായിരുന്നു.
മജീദിനെതിരെ കുറ്റം ചുമത്തില്ലെന്നും അദ്ദേഹത്തിന് സാധാരണജീവിതം നയിക്കാൻ അവസരം നൽകുമെന്നും ഭീകരവിരുദ്ധ വിഭാഗമായ വിക്ടർ ഫോഴ്സിലെ കമാൻഡിങ് ഒാഫിസർ മേജർ ജനറൽ ബി.എസ്. രാജു പറഞ്ഞു. പഠനം തുടരാനും കായികരംഗത്ത് ഉയരാനും അവസരമൊരുക്കും. ഭീകരസംഘടനയിൽ ചേർന്ന യുവാക്കൾ മജീദിെൻറ മാർഗം സ്വീകരിച്ച് മടങ്ങിവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മജീദ് ഖാേൻറത് അറസ്റ്റോ കീഴടങ്ങലോ അല്ലെന്ന് കശ്മീർ റേഞ്ച് പൊലീസ് െഎ.ജി മുനീർ ഖാൻ പറഞ്ഞു. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പോവുകയും മടങ്ങിവരുകയും ചെയ്തതാണ്. എന്നാൽ, മടക്കത്തിനു പിന്നിൽ കുടുംബത്തിനുള്ള പങ്ക് വലുതാണെന്നു അേദ്ദഹം പറഞ്ഞു.
കശ്മീരിലെ അനന്ത്നാഗിൽ ഫുട്ബാൾ കളിയും സന്നദ്ധ പ്രവർത്തനങ്ങളുമായി കഴിഞ്ഞ മജീദ്, ഉറ്റസുഹൃത്ത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് ഭീകര സംഘടനയിൽ ചേരാൻ തീരുമാനിച്ചതത്രെ. ഭീകര സംഘടനയിൽ ചേർന്നതറിഞ്ഞ് പിതാവ് ഇർഷാദ് ഖാന് ഹൃദയാഘാതമുണ്ടായി. മകനെ മടങ്ങിവരാൻ പ്രേരിപ്പിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് ഇർഷാദ് പറഞ്ഞു. അതേസമയം, മാതാവിെൻറ അപേക്ഷ ശ്രദ്ധയിൽപെട്ടപ്പോൾ മജീദിനെ മടങ്ങിപ്പോകാൻ അനുവദിക്കുകയായിരുന്നുവെന്ന് ലശ്കറെ ത്വയ്യിബ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.