ക്രിസ്റ്റ്യാനോ; അദ്ഭുത ‘ബാലണ്‍’

പാരിസ്: പോര്‍ചുഗലിന് യൂറോപ്യന്‍ ഫുട്ബാള്‍ കിരീടവും റയല്‍ മഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടവും സമര്‍പ്പിച്ച പൊന്‍കാലുകള്‍ക്ക് അര്‍ഹതക്കുള്ള അംഗീകാരമായി ഫ്രഞ്ച് ഫുട്ബാള്‍ മാഗസിന്‍െറ ‘ബാലണ്‍ ഡി ഓര്‍’ പുരസ്കാരം. ഫിഫയുമായി പിരിഞ്ഞതോടെ ബാലണ്‍ ഡിഓറിന് മുന്‍വര്‍ഷങ്ങളെക്കാള്‍ പകിട്ട് കുറഞ്ഞെങ്കിലും വരാനിരിക്കുന്ന ഫിഫ ലോകഫുട്ബാളര്‍ പുരസ്കാരത്തിന്‍െറ സൂചനയായി മാറി പാരിസില്‍ നിന്നുള്ള ലോക ഫുട്ബാള്‍ പുരസ്കാരം. മുഖ്യ എതിരാളിയായ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയെയും ഫ്രാന്‍സിന്‍െറ അന്‍െറായിന്‍ ഗ്രീസ്മാനെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു ക്രിസ്റ്റ്യാനോ  ‘ബാലണ്‍ ഡിഓര്‍’ പുരസ്കാരത്തിന് അര്‍ഹനായത്. 

പോര്‍ചുഗലിന് യൂറോകപ്പും റയല്‍ മഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗും സമ്മാനിച്ച് 2016നെ അവിസ്മരണീയമാക്കിയ ക്രിസ്റ്റ്യാനോയെ ഒൗദ്യോഗിക പ്രഖ്യാപനത്തിനും മുമ്പേ തന്നെ ആരാധക ലോകം ജേതാവാക്കിയിരുന്നു.  2008ല്‍ ബാലണ്‍ ഡിഓറും 2013, 2014ല്‍ ഫിഫ ബാലണ്‍ ഡിഓറും നേടിയശേഷമാണ് നാലാംവട്ടം പുരസ്കാരമത്തെുന്നത്. ഇനി മുന്നിലുള്ളത് അഞ്ചു തവണ ജേതാവായ ലയണല്‍ മെസ്സി മാത്രം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നഗരവൈരികളായ അത്ലറ്റികോ മഡ്രിഡിനെതിരെ അവസാന പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലത്തെിച്ച് കിരീടം സമ്മാനിച്ചും, യൂറോകപ്പ് പോരാട്ടത്തിലും സ്വന്തം നിരയെ കിരീടത്തിലേക്ക് നയിച്ചും സീസണ്‍ ഗംഭീരമാക്കിയ ക്രിസ്റ്റ്യാനോ ഗോള്‍ വേട്ടയിലും മികവ് പുറത്തെടുത്തു. ഈ വര്‍ഷം ക്ളബിനായി നേടിയത് 38 ഗോളും 14 അസിസ്റ്റും. പോര്‍ചുഗലിന് വേണ്ടി 13 ഗോളുകളും മൂന്ന് അസിസ്റ്റും. ഗോളെണ്ണത്തില്‍ ക്രിസ്റ്റ്യാനോയെക്കാള്‍ മുന്നിലാണ് മെസ്സിയെങ്കിലും കിരീടനേട്ടങ്ങളില്‍ പിന്നിലായത് തിരിച്ചടിയായി. 58 ഗോളാണ് മെസ്സി ബാഴ്സലോണക്കും അര്‍ജന്‍റീനക്കുമായി നേടിയത്. കോപ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ പെനാല്‍റ്റി പാഴാക്കി തോറ്റതും ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സ നേരത്തെ പുറത്തായതും മെസ്സിക്ക് തിരിച്ചടിയായി. 

ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 173 മാധ്യമപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ കണ്ടത്തെുന്നത്. ‘ഫ്രാന്‍സ് ഫുട്ബാള്‍’ മാഗസിന്‍ നല്‍കിവന്നിരുന്ന ഈ അവാര്‍ഡ് 2010 മുതല്‍ ഫിഫയുമായി സഹകരിച്ചു ഫിഫ ബാലണ്‍ ഡിഓര്‍ എന്ന പേരില്‍ നല്‍കിവന്നിരുന്നു. എന്നാല്‍, ഇത്തവണ ഫിഫയുമായി വേര്‍പിരിഞ്ഞ ‘ഫ്രാന്‍സ് ഫുട്ബാള്‍’ മാഗസിന്‍ ആദ്യം നല്‍കിയിരുന്നപോലെ സ്വതന്ത്രമായി അവാര്‍ഡ് നല്‍കുകയായിരുന്നു. ഫിഫ ലോക ഫുട്ബാളര്‍ പുരസ്കാരം ജനുവരി ഒമ്പതിന് പ്രഖ്യാപിക്കും. 
 

Tags:    
News Summary - Cristiano Ronaldo wins Ballon d'Or for the fourth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.