ലിബ്രെവില്ളെ: 1996ല്‍ കൊറിയക്കെതിരായ സൗഹൃദ പോരാട്ടത്തില്‍ ഈജിപ്തിന്‍െറ വലകാത്ത് ഇസാം അല്‍ ഹദാരി ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇന്നത്തെ സൂപ്പര്‍താരം മുഹമ്മദ് സാലാഹ് നാലാം വയസ്സിന്‍െറ വികൃതികളെല്ലാമുള്ള പയ്യനായിരുന്നു.
ഇന്ന്, 21 വര്‍ഷം കഴിഞ്ഞു. 44 വയസ്സിലും സര്‍ക്കസുകാരന്‍െറ മെയ്വഴക്കവുമായി ഇസാം ഈജിപ്ഷ്യന്‍ വലക്ക് മുന്നില്‍ നിറഞ്ഞാടുമ്പോള്‍ മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നവരില്‍ മുഹമ്മദ് സാലാഹിനെപ്പോലെ മറ്റനേകം പേരുമുണ്ട്. 20കാരായ റമദാന്‍ സുബ്ഹി, കരിം ഹാഫസ്, 21കാരായ മഹ്മൂദ് ഹസന്‍, മഹ്മൂദ് കറാബ... ഇവരൊന്നും ഇസാം ഈജിപ്തിന്‍െറ ദേശീയ കുപ്പായത്തില്‍ കളിച്ചുതുടങ്ങിയ കാലത്ത് പിറന്നിട്ടുപോലുമില്ല.
തന്‍െറ കളി കണ്ട് വലിയ താരങ്ങളായി മാറിയ ഒരു സംഘത്തിനൊപ്പമാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ഏറ്റവും പ്രായമേറിയ താരമായി മാറിയ ഇസാം കളിക്കുന്നത്. നാലുതവണ ആഫ്രിക്കന്‍ ചാമ്പ്യനായ ഏക താരമെന്ന പദവിയണിയുന്ന ഇസാം ഇന്നുകൂടി കിരീടമണിഞ്ഞാല്‍ വന്‍കരയുടെ ഫുട്ബാള്‍ ചരിത്രത്തിലെ ഇതിഹാസങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ടാവും.
രണ്ടു പതിറ്റാണ്ടിലേറെ രാജ്യാന്തര ജഴ്സിയണിഞ്ഞ ഇസാമിന്‍െറ 44ാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ജനുവരി 15ന്. ജന്മദിനം ആഘോഷമാക്കിയത് കരിയറിലെ 150ാം മത്സരം പൂര്‍ത്തിയാക്കി. സെമിയില്‍ ബുര്‍കിനഫാസോക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ രക്ഷപ്പെടുത്തിയ 150ാം മത്സരവും അതിഗംഭീരമാക്കി.
തലമുറകള്‍ തമ്മിലെ താരതമ്യത്തില്‍ കാര്യമില്ളെന്നതാണ് ഈജിപ്തിന്‍െറ വെറ്ററന്‍ തരത്തിന്‍െറ പക്ഷം. ഓരോ തലമുറക്കും അവരുടേതായ മിടുക്കും സ്റ്റാമിനയുമുണ്ട്. മത്സര പരിചയമാണ് കാര്യം. വിജയവും പരാജയവും സ്ഥായിയല്ല -ടീമിന്‍െറ ബിഗ് ബോസിന്‍െറ വാക്കുകള്‍.
ഞാന്‍ കളിച്ചതില്‍ ഏറ്റവും ശക്തനായ എതിരാളിയെന്നായിരുന്നു ഈ പടക്കുതിരയെക്കുറിച്ച് ഐവറികോസ്റ്റ് ഇതിഹാസം ദിദിയര്‍ ദ്രോഗ്ബയുടെ വാക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.