ചൈനയിൽ രൂപംകൊണ്ട കാൽപന്തുകളി ഫുട്ബാളായി പരിണാമം പ്രാപിച്ചത് ഇംഗ്ലീഷുകാർ കളിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.സ്ഥലകാലങ്ങൾക്കുമപ്പുറമായി ഭൂമിയിലെ സുന്ദര കായിക വിനോദമായി മാറാനുള്ള കാരണം അതിെൻറ ലാളിത്യമായിരുന്നു. നിയമങ്ങളും ചട്ടങ്ങളുമൊക്കെ രൂപപ്പെടുംമുമ്പ് ഒരു പന്തുണ്ടായിരുന്നെങ്കിൽ എവിടെയും ഏതു നേരത്തും അത് കളിക്കാമായിരുന്നു. കൊയ്ത്തുകഴിഞ്ഞ വയലുകളും ബ്രസീലിലെ തെരുവോരങ്ങളും അറേബ്യയിലെ മണലാരണ്യവും കളിക്കളമായി മാറി. കാലം മാറിയപ്പോൾ വ്യവസ്ഥാപിത നിയമങ്ങളായി. ഒരു ഗോൾ പോസ്റ്റും ഇരു ടീമുകളിലും 11 പേരും അത് നിയന്ത്രിക്കാൻ ഒരു റഫറിയും വിസിലും മതിയെന്ന അവസ്ഥയുണ്ടായി. പരിണാമം അവിടെ അവസാനിക്കുന്നില്ല. വൻകിട സ്റ്റേഡിയങ്ങളായി, ഒരു റഫറി മൂന്നും അഞ്ചുമായി.
യന്ത്രവത്കരണം
സബ്സ്റ്റിറ്റ്യൂഷൻ ബോർഡിലൂടെയായിരുന്നു ആദ്യ യന്ത്രവത്കരണം. തൊണ്ണൂറുകളിലെ ആ പുതുമയോടെ ഫുട്ബാളിെൻറ പരിഷ്‌കാരം ഏതാണ്ട് പൂർത്തിയായെന്ന് കരുതിയപ്പോഴാണ് പന്തുകളുടെ പരിണാമം. കാറ്റ് നിറച്ച ബ്ലാഡർ തള്ളിക്കയറ്റി കുത്തിക്കെട്ടി കളിച്ചിരുന്ന രീതി മാറി റെഡിമെയ്ഡ് ബാളുകളും ഹൈടെക് ബാളുകളും നിലവിൽവന്നു. ഒടുവിൽ കാമറയും ചിപ്പും ഘടിപ്പിച്ച പന്തുകൾ വരെ ആധുനിക ഫുട്ബാളിെൻറ ഭാഗമായി.
ചിപ് ഘടിപ്പിച്ച ബ്രസൂക്ക 2014 ലോകകപ്പിനെ ഹൈടെക് ആക്കിയതിനുള്ള കാരണം 1966ലെ ഇംഗ്ലണ്ട് ലോകകപ്പു മുതൽ ഫുട്ബാൾ ഫലങ്ങളെ സംശയത്തിെൻറ നിഴലിൽ നിർത്തിയിരുന്ന വരകടക്കാത്ത ഫാൻറം ഗോളുകളായിരുന്നു.ആതിഥേയരായ ഇംഗ്ലണ്ടും അവരെ നിഴൽപോലെ പിന്തുടരുന്ന ജർമനിയും തമ്മിലെ കലാശപ്പോരാട്ടത്തിൽ ജെഫ് ഹർസ്റ്റിെൻറ ഗോൾ വര കടന്നില്ലെന്നും അത് ഗോളായിരുന്നില്ലെന്നും ജർമനിയും ഒരു കൂട്ടരും ഇന്നും വിശ്വസിക്കുന്നു. അത്തരം ഒരു അസ്വസ്ഥത ഫുട്ബാളിന് ഇനി ഉണ്ടാകരുതെന്നു കരുതി നടത്തിയ പരീക്ഷണങ്ങളാണ് 2014ൽ സഫലമായ ഗോൾലൈൻ ടെക്നിക്. അതിനായി ഒമ്പത് സൂപ്പർ ഹൈസ്പീഡ് കാമറകളും ബ്രസൂക്ക പന്തിൽ ചിപ്പും ഘടിപ്പിച്ചു. അതൊരു വൻ വിജയമായി. ഹോണ്ടുറസിന് എതിരെയുള്ള മത്സരത്തിൽ ഫ്രാൻസിെൻറ കരീം ബെൻസേമയുടെ ഹെഡർ ആയിരത്തിൽ ഒരു സെക്കൻഡിലാണ് ഗോൾ വരകടന്നത്. അത് അന്നത്തെ ഗോൾലൈൻ ടെക്നിക് കാമറകൾ ഒപ്പിയെടുത്തപ്പോൾ ബെൻസേമയും ഗോൾ ലൈൻ ടെക്നിക്കും ലോക ഫുട്ബാൾ ചരിത്രത്തിെൻറ ഭാഗമായി.തുടർന്നും ഫുട്ബാൾ ഫലങ്ങൾ സംശയത്തിനും അപ്പുറമാക്കാനുള്ള പരീക്ഷണങ്ങൾ ആവർത്തിച്ചു. ഒടുവിൽ ഈ ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യാന്തര ലീഗ് മത്സരങ്ങളിൽ പരീക്ഷിച്ചു വിജയമെന്ന് കണ്ടെത്തിയ ‘വാർ’ എന്ന വിഡിയോ അസിസ്റ്റ് റഫറി സിസ്റ്റം കാര്യക്ഷമമായി റഷ്യൻ ലോകകപ്പിൽ അവതരിപ്പിക്കുന്നു.
എന്താണ് ‘വാർ’
ക്രിക്കറ്റിലും ഹോക്കിയിലും പരീക്ഷിച്ചു വിജയിച്ചതാണ് വിഡിയോ അനാലിസിസ് സംവിധാനം. എന്നാൽ, ഇത് കളിയുടെ രസച്ചരട് പൊട്ടിക്കുമോ എന്ന സന്ദേഹം കാരണം ഇതുവരെ ഫുട്ബാളിൽനിന്ന് മാറ്റിനിർത്തപ്പെടുകയായിരുന്നു. ആവർത്തിക്കുന്ന റഫറിയിങ് പിഴവുകൾ കണക്കിലെടുത്ത് കുറേക്കൂടി മെച്ചപ്പെട്ട വിഡിയോ അനാലിസിസ് സംവിധാനം നടപ്പാക്കാൻ ഫിഫ തീരുമാനിച്ചു.
റഷ്യയിൽ മൂന്നു ടെക്നോളജി
● വാർ (വിഡിയോ അനാലിസിസ്
റഫറി സിസ്റ്റം)
● ഗോൾ ലൈൻ ടെക്നോളജി
● ഇലക്ട്രോണിക് പെർഫോമൻസ്
ട്രാക്കിങ് സിസ്റ്റം
‘വാർ’
കാമറയിൽ പതിയുന്ന ദൃശ്യങ്ങൾക്കനുസരിച്ചു തരംഗങ്ങൾ റഫറിയുടെ കൈയിലെ ആം ബാൻഡ് പോലുള്ള ഉപകരണത്തിലും സൈഡ് റഫറിമാരുടെ കൊടിക്കമ്പിലും വന്നു പതിക്കും. ഒന്നാമത്തെ രീതിയിലെ സന്ദേശം അനുസരിച്ചു റഫറിക്ക് നടപടി സ്വീകരിക്കാം.
ഗോൾ പോസ്റ്റിനു സമീപത്തെ കണ്ണിൽ പതിയാത്ത സ്ഥിരം ഫൗളുകൾ. പെനാൽറ്റിക്ക് വഴിവെക്കുന്ന ഇത്തരം ഫൗളുകൾ അപ്പീലിനു ശേഷമാകും പരിഗണിക്കപ്പെടുക. മത്സരം നിർത്തിെവച്ച് റഫറിക്ക് നേരിട്ടു വിഡിയോ ചിത്രങ്ങൾ പരിശോധിച്ചശേഷം തീരുമാനങ്ങളെടുക്കാം.
സംശയ സാഹചര്യങ്ങളിൽ റഫറിയോട് അപ്പീൽ ചെയ്യാൻ കളിക്കാർക്കും അവകാശമുണ്ട്. ആ അവസരങ്ങളിലും റഫറിക്ക് വിഡിയോ നോക്കി തീരുമാനമെടുക്കാം.
വാച്ചിൽ ഗോൾ തെളിയും
പരിഷ്കരിക്കപ്പെട്ട ഗോൾ ലൈൻ ടെക്നോളജി പ്രകാരം പന്ത് വരകടന്നാൽ ഉടൻ റഫറിയുടെ കൈയിലെ വാച്ചിൽ ‘ഗോൾ’ എന്ന് തെളിയും.
മികവളക്കാൻ ഇ.പി.ടി.എസ്
കളിക്കാരുടെ വ്യക്തിഗത മികവ് അളക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക് പെർഫോമൻസ് ആൻഡ് ട്രാക്കിങ് സിസ്റ്റം. ഇതും ഒരു ചെറിയ ഒരു ചിപ്പിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കളിക്കാരുടെ ജഴ്സിക്ക് അടിയിലുള്ള കുപ്പായത്തിലാണ് ഇതിെൻറ സ്ഥാനം. ഒരു കളിക്കാരൻ എത്ര തവണ പന്ത് തട്ടി, എത്ര പാസുകൊടുത്തു, എത്ര ചുവടുകൾ ഓടി എന്നുവരെ കണ്ടെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.