വരണമെന്നാശിച്ചിട്ടും ലോകകപ്പിന് വരാൻ പറ്റാത്ത ഒരാളുടെ സങ്കടത്തെ ലോകകപ്പ് കാണാനെത്തിയ സുഹൃത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യും? ജർമനിയെ തോൽപിച്ച മെക്സിക്കൻ ടീമിെൻറ ആരാധകർ വാദ്യഘോഷങ്ങളുമായി ചിത്രപ്പണികൾ ചെയ്ത ബസിൽ മോസ്കോ തെരുവുകൾ ചുറ്റിത്തിരിയുകയാണ്. ബസിെൻറ മുൻവശത്ത് ഒരു മെക്സിക്കൻ കാരണവരുടെ ആളൊത്ത ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ അനുവാദം നൽകാത്തതിനാൽ കക്ഷിക്ക് കൂട്ടുകാരോടൊപ്പം റഷ്യയിൽ വരാനൊത്തില്ല. കട്ടൗട്ട് വെച്ച് പുള്ളിയെ ലോകകപ്പ് നഗരി കാണിക്കുകയാണ് ചങ്ങാതിമാർ. മെക്സിക്കോയിലെ ഏതോ ഗ്രാമത്തിൽ കണ്ണീരൊഴുക്കിയിരിക്കുന്ന കൂട്ടുകാരന് ചങ്ങാതിമാരൊരുക്കുന്ന നഷ്ട പരിഹാരം. ജർമനിയെ വീഴ്ത്തിയത് മെക്സിക്കോ തീർത്തും ആഘോഷിക്കുകയാണ്. നിറങ്ങളണിഞ്ഞുള്ള പാട്ടും മേളക്കൊഴുപ്പുമാണ് മുഖ്യം. അഭിവാദ്യം ചെയ്യുന്നവരെ അവർ ചേർത്തുപിടിക്കുന്നു, ഒന്നിച്ചു നിന്ന് ചിത്രമെടുക്കുന്നു.
ഏറെ കളിച്ച് വൈകിയുറങ്ങുന്ന കുട്ടിയാണ് റഷ്യയിലെ ജൂൺമാസ സൂര്യൻ. സൂര്യനസ്തമിക്കാത്ത രാവുകളുമുണ്ട് ഇപ്പോൾ പലയിടങ്ങളിലും. വൈറ്റ് നൈറ്റ്സ് എന്ന ദസ്തയേവ്സ്കിയൻ പ്രയോഗത്തിെൻറ ചാരുത റഷ്യയിലെ മങ്ങിയ രാസൂര്യനെ കണ്ടു തന്നെയറിയണം. ലോകകപ്പ് കൂടി വന്നതോടെ മോസ്കോയിലെ തെരുവുകളിൽ രാത്രി എല്ലാ അർഥത്തിലും പകലായി ജ്വലിക്കുകയാണ്. റെഡ് സ്ക്വയറിൽ ഫാൻ ഫെസ്റ്റിവൽ നടക്കുന്ന വഴികളിലെല്ലാം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മനുഷ്യർ ആടിയുംപാടിയും രാവ് പൊലിപ്പിക്കുന്നു. സ്പെയിൻ, ഈജിപ്റ്റ്, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം ആരാധക സംഘങ്ങളുണ്ടെങ്കിലും അരങ്ങു കൊഴുപ്പിക്കുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തന്നെ. അർജൻറീനയുടെയും ബ്രസീലിെൻറയും മെക്സിക്കോയുടെയും പെറുവിെൻറയും ഉറുഗ്വായിയുടെയും ആരാധകർ ആട്ടവും കൊട്ടും പാട്ടുമായി തെരുവുകൾ കീഴടക്കുകയാണ്. ക്രെംലിൻ മൈതാനത്തേക്കുള്ള വഴികളിൽ കാവിലെ പാട്ടുമത്സരം നടക്കുന്നുണ്ട്.
മോസ്കോയിലെ അവസാനത്തെ മാർക്സ് പ്രതിമ ആഘോഷങ്ങൾക്കെല്ലാം സാക്ഷിയായി ചക്രവാളത്തിലേക്ക് നോട്ടമയച്ചുനിൽപുണ്ട്. 1961 ൽ റെഡ് സ്ക്വയറിൽ സ്ഥാപിക്കപ്പെട്ട ഈ കരിങ്കൽപ്രതിമയാണ് ലോകത്തെ പല ചുവട് മുന്നോട്ടു നടത്തിയ ഒരു പ്രത്യയശാസ്ത്രത്തിെൻറ നിലക്കാത്ത സ്മാരകം. രാത്രി ഏറെ വൈകി അക്കാദമിക്ക പിലൂജിനയിലെ ഫ്ലാറ്റിലേക്ക് തിരികെ നടക്കുമ്പോൾ, വഴിയരികിൽ കാണുന്ന പാർക്കിൽ ആളൊഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധിച്ചു. വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രം വീണുകിട്ടുന്ന വേനൽ, ആഘോഷമാക്കുകയാണ് റഷ്യൻ ജനത. മുക്കിലിരിക്കേണ്ട ജീവിതാവസ്ഥയല്ല റഷ്യക്കാർക്ക് വാർധക്യം. പുറംജീവിതത്തിെൻറ ഒരു വ്യവഹാരങ്ങളിൽ നിന്നും അവർ മാറ്റി നിർത്തപ്പെടുന്നില്ല എന്നത് പോസിറ്റിവായി തോന്നി. കാലത്തിെൻറ കളികളേറെ കണ്ട ആ കണ്ണുകളിൽ തിളങ്ങുന്ന കളിചിരികളുടെ പേരിൽ മാത്രം നമുക്ക് റഷ്യക്ക് പാസ്മാർക്ക് നൽകാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.