സെൻറ് പീറ്റേഴ്സ്ബർഗിൽ മിശിഹായുടെ ഉയിർത്തെഴുന്നേൽപുനാളിനുവേണ്ടി കാത്തിരിക്കുന്ന ആരാധകരിൽ ടിക്കറ്റ് കിട്ടാത്തവരേറെയാണ്. സ്വന്തം ‘മിശിഹാ’യുടെ നീലയും വെള്ളയും പത്താംനമ്പർ ജഴ്സിയണിഞ്ഞ് പകൽസമയം മോസ്കോ നഗരത്തിലൂടെ ഊരുചുറ്റുന്ന ഇവരെല്ലാം വൈകുന്നേരത്തോടെ അർജൻറീന-നൈജീരിയ മത്സരം കാണാനായി ഫാൻഫെസ്റ്റ് വേദിയിലെത്തുന്നുണ്ട്.
ലോകകപ്പിൽ അത്ര പ്രതീക്ഷയില്ലാത്ത പല മത്സരങ്ങളുടെയും ടിക്കറ്റുകൾ ഇപ്പോഴും ലേലവെബ്സൈറ്റുകളിൽ ലഭ്യമാണ്. മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷ കൂടുന്നതിനനുസരിച്ച് ടിക്കറ്റിെൻറ തുകയും കൂടും. ഫിഫയുടെ സൈറ്റിൽ കാലേകൂട്ടി അപേക്ഷിച്ചാൽ അടിസ്ഥാന നിരക്കായ 105 ഡോളർ (ഏകദേശം 7000 രൂപയിൽ താഴെ) മതി. ക്വാർട്ടർ, സെമി, ഫൈനൽ എന്നിവക്ക് നിരക്ക് കൂടും. സ്റ്റേഡിയങ്ങളിൽ ഇരിപ്പിടങ്ങളുടെ നിലയനുസരിച്ച് നാലു കാറ്റഗറികളായി തിരിച്ചിട്ടുണ്ട്.
ആദ്യത്തെ മൂന്നു കാറ്റഗറികൾ തമ്മിൽ ടിക്കറ്റ് നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. നാലാം കാറ്റഗറി റഷ്യക്കാർക്കുവേണ്ടി മാത്രമുള്ളതാണ്. അവർക്ക് നിരക്കും കുറവ്. ലേല സൈറ്റുകളിൽ പക്ഷേ കഥ മാറും. മോസ്കോയിൽ നടക്കുന്ന ബ്രസീൽ-സെർബിയ മത്സരത്തിന് 600 ഡോളറോളമാണ് (40,000 രൂപയിലധികം) നിരക്ക്. ഇതൊന്നുമല്ലാതെ സ്റ്റേഡിയങ്ങൾക്കു സമീപം ലാഭമെടുത്ത് ടിക്കറ്റ് മറിച്ചുവിൽക്കുന്നവരെയും അപൂർവമായി കാണാം.
ലോകകപ്പ് റഷ്യക്ക് കാര്യക്ഷമതയുടെയും കൃത്യതയുടെയുംകൂടി ഉത്സവമാണ്. കളി കഴിഞ്ഞ് കൃത്യം 10 മിനിറ്റിനകം സോചിയിലെ ഫിഷ്റ്റ് സ്റ്റേഡിയത്തിലെ 45,000 കാണികളെയും ബഹളം കൂടാതെ പുറത്തെത്തിച്ച് ഗതാഗതക്കുരുക്ക് കൂടാതെ അയക്കുന്നത് ചെറുതല്ലാത്ത മതിപ്പുണ്ടാക്കും. നൂറുകണക്കിന് വരുന്ന വളൻറിയർമാരുടെ സന്നദ്ധ സേവനം ഇതിൽ വലിയ സംഭാവന നൽകുന്നുണ്ട്. ഭൂരിഭാഗവും പെൺകുട്ടികൾ ഉൾക്കൊള്ളുന്ന ഈ വളൻറിയർ സംഘം തങ്ങളുടെ ഭാഷാപ്രശ്നത്തെ കൊച്ചു കൊച്ചു ഇംഗ്ലീഷ് വാക്കുകളും നിറഞ്ഞ ചിരിയും ഉപയോഗിച്ച് മറികടക്കുന്നത് കൗതുകക്കാഴ്ചയാണ്. റഷ്യക്ക് കളിയും കാര്യവും രണ്ടല്ലതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.