മഞ്ചേരി: 90 മിനിറ്റ് തികയാതെ മുഴങ്ങിയ ദീര്‍ഘവിസില്‍ പോലെ അപകടം അരിച്ചത്തെിയത് വിശ്വസിക്കാനാവാതെ പഴയ കളിത്തോഴര്‍ അരീക്കോട് തെരട്ടമ്മലിന് സമീപത്തെ വീട്ടില്‍ ജാബിറിന്‍െറ ശരീരത്തിനരികെയിരുന്നു. കേരള പൊലീസിന് കളിയഴകില്‍ മേല്‍വിലാസമുണ്ടാക്കിയ യു. ഷറഫലി, സക്കീര്‍ ഹുസൈന്‍, ഹബീബ് റഹ്മാന്‍, മെഹബൂബ് എന്നിവരോടൊപ്പം മലയാളിക്ക് മറക്കാനാകാത്ത പേരായിരുന്നു സി. ജാബിറിന്‍േറത്. തെരട്ടമ്മല്‍ മൈതാനത്തെ പുല്‍ത്തകിടിയില്‍ ഇപ്പോഴും ഇവരുടെ ബൂട്ടുകള്‍ പതിയുമ്പോള്‍ കുമ്മായവരക്കപ്പുറം ആര്‍പ്പുവിളി ഉയരാറുണ്ട്.
വീട്ടുമുറ്റത്തെ കളിമൈതാനിയില്‍നിന്ന് തുടങ്ങി മലപ്പുറത്തിന്‍െറ സെവന്‍സ് മൈതാനങ്ങളിലൂടെ ദേശീയ ടീം വരെയുള്ള ജാബിറിന്‍െറ വളര്‍ച്ചക്ക് പിന്നില്‍ തെരട്ടമ്മല്‍ ഗ്രാമത്തിന്‍െറ പങ്ക് ചെറുതല്ല. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മമ്പാട് എം.ഇ.എസ് കോളജ് ടീമില്‍. ഒപ്പം കാലിക്കറ്റ് സര്‍വകലാശാലാ ടീമിലും. കോഴിക്കോട്ടെ ചില സെവന്‍സ് ക്ളബുകള്‍ക്കായും ജഴ്സിയണിഞ്ഞു. പൊലീസ് ടീമിലേക്ക് ജാബിറിന് വഴി തുറന്നത് 1990ല്‍ തൃശൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പിലൂടെയാണ്. ഇ.എം. ശ്രീധരന്‍ പിന്‍വാങ്ങുകയും പുതിയ കോച്ചായി ചാത്തുണ്ണി എത്തുകയും ചെയ്ത സമയം. കളം വാണ് കളിച്ച യൂനിവേഴ്സിറ്റി കളിക്കാരന്‍ ജാബിറിന്‍െറ ഊഴങ്ങളൊന്നും വെറുതെയായില്ല. തൃശൂരില്‍ ഫെഡറേഷന്‍ കപ്പില്‍ കേരള പൊലീസിന്‍െറ കളിക്കാര്‍ മുത്തമിടുമ്പോള്‍ ഊര്‍ജവും കരുത്തുമായത് മലബാറിലെ കാല്‍പന്തുകളി കമ്പക്കാരാണ്.
93 മുതല്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം സന്തോഷ് ട്രോഫിയിലും 90 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഫെഡറേഷന്‍ കപ്പിലും നിറഞ്ഞാടി. കേരള പൊലീസില്‍ എ.എസ്.ഐയായാണ് സര്‍വിസില്‍ കയറിയത്. എം.എസ്.പി ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരിക്കെയാണ് ഞായറാഴ്ച രാത്രിയിലെ വാഹനാപകടം ജീവന്‍കവര്‍ന്നത്. കൊണ്ടോട്ടി ഒഴുകൂര്‍ സ്വദേശിനി നസീമയാണ് ഭാര്യ. ഫിദ ജാബിര്‍, റിംദ, ഫഹദ് എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.