മോസ്കോ: അങ്ങനെ അതും സംഭവിച്ചു. ബ്രസീലിൽ കിരീടം ചൂടിയ വമ്പുമായി റഷ്യയിൽ ആദ്യ പോരാട്ടത്തിനിറങ്ങിയ ചാമ്പ്യൻ ജർമനിക്ക് ആദ്യ അങ്കത്തിൽതന്നെ തോൽവി. ലാറ്റിനമേരിക്കൻ കൊടുങ്കാറ്റായി മാറിയ മെക്സികോക്ക് മുന്നിൽ 1-0ത്തിനാണ് യോആഹിം ലോയ്വിെൻറ ചാമ്പ്യൻ പട മുട്ടുമടക്കിയത്. 35ാം മിനിറ്റിലെ കണ്ണഞ്ചിപ്പിക്കും കൗണ്ടർ അറ്റാക്കിൽ ഹിർവിൻ ലൊസാനോ നേടിയ ഗോളിലാണ് ജർമനി വീണത്. ഇനിയറിയേണ്ടത്, മുൻ ലോകകപ്പുകളിൽ ചാമ്പ്യന്മാരായി വന്ന് ആദ്യ റൗണ്ടിൽ തന്നെ തിരിച്ചുപോവേണ്ടിവന്ന ഫ്രാൻസിെൻറയും സ്പെയിനിെൻറയും ദുർവിധി ജർമനിയെയും പിടികൂടുമോയെന്നു മാത്രം.
തുടക്കം മനോഹരം
പ്രതീക്ഷിച്ചപോലെത്തന്നെയായിരുന്നു ജർമനിയുടെ ഫോർമേഷൻ. ലീപ്സിഗിെൻറ തിമോ വെർണറെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിൽ ആക്രമണ ഫുട്ബാൾ. ലോയ്വിെൻറ തന്ത്രങ്ങൾ മനസ്സിൽ കണ്ടാവണം, മെക്സികോ കോച്ച് യുവാൻ കാർലോസ് ഒസാരിയോ ഇതേ ഫോർമേഷനിൽതന്നെ തിരിച്ചടിച്ചു. സൂപ്പർ താരം ഹാവിയർ ഹെർണാണ്ടസ് ഏക സ്ട്രൈക്കർ. എന്നാൽ കളിതുടങ്ങിയപ്പോൾ, ജർമനിയുടെ ചാമ്പ്യൻ പകിെട്ടാന്നും കണ്ടില്ല. പതിവുപോലെ ജർമനിയുടെ ഉയർന്നുപൊങ്ങിയ നീളൻ നീക്കങ്ങൾക്ക് മെക്സികോയുടെ കൂറ്റൻ തിരമാല കണക്കെയുള്ള തിരിച്ചടി. കേളികേട്ട പ്രതിരോധ താരങ്ങളായ മാറ്റ് ഹമ്മൽസിനെയും ജെറോങ് ബോട്ടങ്ങിനെയും ലാറ്റിനമേരിക്കക്കാർ തെല്ലൊന്നുമല്ല പരീക്ഷിച്ചത്. ജർമനിയുടെ നീക്കങ്ങൾക്കൊത്ത മറുനീക്കങ്ങൾ തന്നെ മെക്സികോയും പുറത്തെടുത്തതോടെ, മധ്യനിരയിൽ ടോണി ക്രൂസിനും സമി ഖദീരക്കും മെസ്യൂത് ഒാസിലിനും പതിവിനും കൂടുതലായി പിന്നോട്ടിറങ്ങി കളിക്കേണ്ടിവന്നു. ഒാരോ നിമിഷവും ഗോളും പ്രതീക്ഷിച്ച് ഇരു ടീമിെൻറയും ആരാധകർ ആർപ്പുവിളികളുയർത്തി.
ഗോൾ 1 35ാം മിനിറ്റ്
പച്ചപ്പടയുടെ അധ്വാനത്തിന് ഫലമെത്തിയത് 35ാം മിനിറ്റിൽ. ജർമൻ പ്രതിരോധത്തെയും മധ്യനിരയെയും ശരിക്കും വെല്ലുവിളിച്ച ഗോൾ. മെക്സികോയുടെ ഗോൾമുഖത്ത് അങ്കലാപ്പ് സൃഷ്ടിച്ച് ഗോളി ഗിലർമോ ഒച്ചാവോയെ പരീക്ഷിക്കാനുള്ള അവസരത്തിനിടെ, അപകടരഹിത ടാക്ലിങ്ങിലൂടെ മെക്സികോ ക്യാപ്റ്റൻ ആന്ദ്രസ് ഗ്വാർഡാഡോ പന്ത് കൈക്കലാക്കുന്നു. പിന്നീട് കണ്ടത് മെക്സികോയുടെ മിന്നൽപിണർ പോലുള്ള നീക്കമാണ്. കാർലോസ് വേലയും ലൊസാനോയും ഹെർണാണ്ടസും പെൻസിൽകൊണ്ട് വരച്ചു പഠിച്ചപോലെ, ഞൊടിയിടയിൽ നീക്കം. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഹമ്മൽസും ബോട്ടങ്ങും ഒാസിലും മെക്സിക്കൻ കളിക്കാരുടെ പിന്നാലെ ഒാടി. ബോക്സിനു തൊട്ടുമുെമ്പ പന്തു സ്വീകരിച്ച യാവിയർ െഹർണാണ്ടസ് ഫ്രീയായി നിന്ന ഹിർവിങ് ലൊസാനോക്ക് പന്ത് നൽകി. ബോട്ടങ്ങിനെ രണ്ടുവട്ടം വെട്ടിയൊഴിഞ്ഞ ലൊസാനോയുടെ ഷോട്ട് ജർമൻ ഗോളിക്ക് പിടികൊടുക്കാതെ വലയിലേക്ക്. നോയർ ആ ഷോട്ടിനുമുന്നിൽ തീർത്തും നിസ്സഹായനായിരുന്നു. മെക്സിക്കൻ ആരവങ്ങൾ വാനോളം ഉയർന്ന സമയം. ഒരു നിമിഷം ജർമൻ താരങ്ങൾ തരിച്ചുനിന്നെങ്കിലും തിരിച്ചടിക്കുള്ള ശ്രമം തുടങ്ങി. മെക്സിക്കൻ ബോക്സിൽ നിന്നും ജർമനിക്ക് നിരവധി അവസരങ്ങൾ. അതിനിടക്ക് ഒരു പെനാൽറ്റിക്കായി ജർമൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും നടന്നില്ല.
നിർഭാഗ്യം രണ്ടാം പകുതി
പറഞ്ഞു പഠിപ്പിച്ചാണ് ലോയ്വ് രണ്ടാം പകുതി ജർമൻ താരങ്ങളെ കളത്തിലിറക്കിയത്. മെക്സിക്കൻ പ്രതിരോധകോട്ട പിളർത്താനാവില്ലെന്ന് മുൻകൂട്ടിക്കണ്ട് താരങ്ങളോട് ലോങ് റേഞ്ചറുകൾക്ക് നിർദേശിച്ചു. ബോക്സിനു പുറത്തുനിന്നും തുരുതുരാ ഷോട്ടുകൾ പായിച്ചുെകാണ്ടിരുന്നു. ജൂലിയൻ ഡ്രാക്സലറുടെയും മാർവിൻ പ്ലാറ്റൻഹാർഡറ്റിെൻറയും ഗോളുറപ്പിച്ച ഷോട്ടുകൾ തെന്നിമാറിയത് തലനാരിഴക്ക്. തൊട്ടുപിന്നിലായി കിമ്മിച്ചിെൻറ ആക്രോബാറ്റിക് ഷോട്ടും വഴിമാറി. മാർകോ റോയ്സിനെയും മാരിയോ ഗോമസിനെയും യൂലിയൻ ബ്രാൻഡറ്റിനെയും ഇറക്കി ജർമനി ആക്രമണം കനപ്പിച്ചു. ഒറ്റപ്പെട്ട മെക്സിക്കൻ തിരിച്ചടികൾ ഭയപ്പെടുത്തിയെങ്കിലും ജർമനി തിരിച്ചടിക്കുമെന്നുറപ്പിച്ച നിമിഷങ്ങൾ. ഒടുവിൽ നിർഭാഗ്യം വിട്ടുമാറില്ലെന്നുറപ്പായതോടെ, ചാമ്പ്യന്മാരുടെ ഉതിർത്ത ഷോട്ടുകളും ഒഴുക്കിക്കളഞ്ഞ വിയർപ്പും പാഴാവുമെന്നുറപ്പായി. ബ്രസീലിനെയും അർജൻറീനയെയും മലർത്തിയടിച്ച് കിരീടം ചൂടിയ രാജാക്കന്മാർ മെക്സികോയുടെ മുന്നിൽ മൂക്കുകുത്തി വീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.