കോയമ്പത്തൂർ: കളിക്കൊപ്പം കൈയാങ്കളിയും നിറഞ്ഞ ഐ ലീഗ് പോരിനൊടുവിൽ ചെന്നൈ സിറ്റി എഫ്. സിയോട് പൊരുതിത്തോറ്റ് ഗോകുലം കേരള എഫ്.സി. കോയമ്പത്തൂരിലെ നെഹ്റു സ്റ്റേഡിയത്തിൽ ന ടന്ന ‘ദക്ഷിണേന്ത്യൻ നാട്ടങ്ക’ത്തിൽ 3-2നായിരുന്നു ചെന്നൈയുടെ ജയം. ഉറുഗ്വായ്യിൽ ജനിച് ച സ്പാനിഷ് ഫുട്ബാളർ പെഡ്രോ മാൻസി മൂന്നാം വട്ടവും ഹാട്രിക് സ്വന്തമാക്കിയാണ് ചെന്നൈയെ പോ യൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലനിർത്തിയത്. ഏഴ്, 59, 80 മിനിറ്റുകളിലായിരുന്നു ചെ ന്നൈ ക്യാപ്റ്റൻ കൂടിയായ മാൻസിയുടെ ഗോളുകൾ. 10 ഗോളുമായി മാൻസി ലീഗിൽ ഗോൾവേട്ടക്കാരിൽ മുന്നിലുമെത്തി. മുഡെ മൂസയും ജോയൽ സൺഡേയും 2-1 ന് മുന്നിലെത്തിച്ച ശേഷമായിരുന്നു രണ്ടാം പകുതിയിൽ കളി മറന്ന ഗോകുലം കീഴടങ്ങിയത്.
ഫൗളിനു പിന്നാലെ മൈതാനത്ത് ഏറ്റുമുട്ടിയ ഗോകുലത്തിെൻറ അർജുൻ ജയരാജും ആതിഥേയ താരം പാണ്ഡ്യൻ സിനിവാസനും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ചുവപ്പ് കാർഡ് വാങ്ങി പുറത്തായി. 11 കളികളിൽനിന്ന് 24 പോയൻറുമായി ചെന്നൈ കിരീടപ്രതീക്ഷകൾ നിലനിർത്തി. 10 പോയൻറുള്ള ഗോകുലം എട്ടാം സ്ഥാനത്ത് തുടരുകയാണ്.
ഏഴാം മിനിറ്റിൽ സാൻട്രോ റോഡ്രിഗ്വസിെൻറ കോർണർ കിക്കിൽ നിന്നാണ് ക്യാപ്റ്റൻ മാൻസി ചെന്നൈക്കായി ഗോൾ നേടിയത്. എന്നാൽ, ആരാധക സംഘമായ ‘ബറ്റാലിയ’യുടെയും മലയാളി കോളജ് വിദ്യാർഥികളുടെയും നിറഞ്ഞ പിന്തുണയിൽ ഗോകുലം പച്ചപ്പട മുന്നേറി. 17ാം മിനിറ്റിൽ സന്ദർശക ടീം തിരിച്ചടിച്ചു. അർജുൻ ജയരാജിെൻറ ഫ്രീകിക്കിൽ നിന്നുള്ള പന്ത് രാജേഷ് ഹെഡ് ചെയ്തത് പോസ്റ്റിൽ തട്ടി തെറിച്ചു. തക്കം പാർത്തുനിന്ന മുഡെ മൂസ ചെന്നൈ ഗോളിയെ വെട്ടിച്ച് പന്ത് വലയിലാക്കി. ഇതിനിടെ നിസ്സാര പിഴവുകൾക്ക് ഗോകുലം താരങ്ങൾക്കെതിരെ ഝാർഖണ്ഡുകാരൻ റഫറി ഓംപ്രകാശ് ഠാകുർ രണ്ടുതവണ മഞ്ഞക്കാർഡ് പുറത്തെടുത്തു.
വർധിതവീര്യത്തോടെ ഇരച്ചുകയറിയ ഗോകുലം 38ാം മിനിറ്റിൽ ഗോൾ നേടി ചെന്നൈ ടീമിനെയും ആരാധകരെയും ഞെട്ടിച്ചു. പെനാൽറ്റി ബോക്സിലേക്ക് ഗോകുലം പ്രതിരോധഭടൻ അഭിഷേക് ദാസ് നീട്ടിക്കൊടുത്ത പന്ത് ആതിഥേയരുടെ ഫോർവേഡ് ഷെം മാർട്ടൻ യുജിെൻറ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റി കിക്കിനായി വിരൽ ചൂണ്ടി. ജോയൽ സൺഡേയുടെ ദുർബലമായ കിക്ക് ചെന്നൈ ഗോളി സൻറാന തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് സൺഡേ തന്നെ വലയിലെത്തിച്ചു. പിന്നീട് ഇഞ്ചുറി സമയത്താണ് അർജുൻ ജയരാജിനും പാണ്ഡ്യൻ സിനിവാസനും ചുവപ്പ് കാർഡ് ലഭിക്കുന്നത്. ഗോൾ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ച ചെന്നൈക്ക് മാൻസി തന്നെ രക്ഷകനായി. 59ാം മിനിറ്റിൽ നെസ്റ്റർ ബോക്സിലേക്ക് ലോബ് ചെയ്ത പന്തിൽ നിന്നായിരുന്നു മാൻസിയുടെ ഹെഡർ ഗോൾ.
സമനില ഗോളിനു ശേഷവും ആതിഥേയർ കളം നിറഞ്ഞു. 80ാം മിനിറ്റിൽ നെസ്റ്ററിെൻറ ഷോട്ട് ഗോകുലം ഗോളിയും ക്യാപ്റ്റനുമായ ഷിബിൻരാജ് തടുത്തെങ്കിലും തിരിച്ചെത്തിയ പന്ത് ലക്ഷ്യത്തിലെത്തിച്ചാണ് മാൻസി ഐ ലീഗിലെ തെൻറ മൂന്നാമത്തെ ഹാട്രിക് കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.