കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ മത്സരവും നിർണായകമായ ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ അവശേഷിക്കുന്നത് ഒറ്റതന്ത്രം മാത്രം, കളിക്കണം ജയിക്കണം. കരുത്തരായ എഫ്.സി ഗോവക്കെതിരെ പോരിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിെൻറ കണക്കുപുസ്തകം ആശാവഹമല്ല. പന്ത്രണ്ടാമനായ ഗാലറിയുടെ ആരവങ്ങൾക്കും വിജയം നൽകാനാവില്ല. പക്ഷേ, ഹോംഗ്രൗണ്ട് വെച്ചുനീട്ടുന്ന ആനുകൂല്യത്തിൽ ടീം സ്പിരിറ്റോടെ പന്തുതട്ടിയാൽ ബ്ലാസ്റ്റേഴ്സിന് വിജയവഴി കണ്ടെത്തി സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താം. ഞായറാഴ്ച രാത്രി എട്ടിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്സിന് 12ാം മത്സരവും ഗോവക്ക് പത്തും. ഒമ്പതു മത്സരങ്ങളിൽ അഞ്ചു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ 16 പോയൻറുമായി നാലാം സ്ഥാനത്താണ് ഗോവ. 11 മത്സരങ്ങളിൽ 14 പോയൻറുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. മൂന്നു ജയം, അഞ്ചു സമനില, മൂന്നു തോൽവി.
മധുരപ്രതികാരത്തിന് അവസരം
മൂന്ന് എവേ മത്സരങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഹോംഗ്രൗണ്ടിൽ ഭാഗ്യം തേടുന്നത്. ഫേട്ടാർഡയിൽ അഞ്ചടികൊണ്ട് വരവേറ്റവർക്ക് സ്വന്തം മണ്ണിൽ മറുപടി നൽകാനുള്ള അവസരം കൂടിയാണിത്. ആദ്യപാദ മത്സരത്തിൽ ഫേട്ടാർഡയിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഗോവൻ ജയം. ഏഴാം മിനിറ്റിൽ മാർക്ക് സിഫ്നിയോസ് നേടിയ ലീഡിൽ മുന്നേറിയ ബ്ലാസ്റ്റേഴ്സിനെ 9, 18 മിനിറ്റുകളിലെ ഗോളിലൂടെ മാനുവൽ ലാൻസറോട്ട കീഴ്പ്പെടുത്തി. 30ാം മിനിറ്റിൽ ജാക്കിചന്ദിെൻറ ഗോളിലൂടെ ഒന്നാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നിരയെ നിഷ്പ്രഭമാക്കി ഫെറാൻ കൊറോമിനസിെൻറ ഐ.എസ്.എല്ലിലെ ഏറ്റവും വേഗമേറിയ ഹാട്രിക്. 47, 51, 55 മിനിറ്റുകളിൽ കൊറോമിനസ് വല കുലുക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് നിരയുടെ സകല വീര്യവും ഒലിച്ചുപോയി. ഒത്തിണക്കത്തോടെ കളിച്ചാൽ ഫേട്ടാർഡയിലെ കണക്കുകൾക്ക് കൊച്ചിയിൽ മറുപടി നൽകാം.
ലക്ഷ്യം തെറ്റാതെ മുന്നേറണം
ലക്ഷ്യബോധമില്ലാതെ കളിക്കുന്നതാണ് ബ്ലാസ്റ്റേഴ്സിെൻറ പരാജയം. ഇന്നത് മാറ്റിയെഴുതേണ്ടതുണ്ട്. അതിനുള്ള തന്ത്രങ്ങളോടെയാകും ബ്ലാസ്റ്റേഴ്സിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കുക. മത്സരവീര്യം പകരാൻ ഡേവിഡ് ജെയിംസിനോളം കഴിവ് മറ്റാർക്കുമില്ലെങ്കിലും പരിക്കാണ് തലവേദനയാകുന്നത്. ജാംഷഡ്പുരിനെതിരെ കളിച്ച ടീമിൽ കാര്യമായ അഴിച്ചുപണിയുണ്ടാകാനാണ് സാധ്യത. മധ്യനിരയിൽ കളി മെനയുന്നതിൽ തിളങ്ങുന്ന കെസിറോണ്‍ കിസിറ്റോ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്ക് മാറാത്ത ദിമിദർ ബെർബറ്റോവും കളിച്ചേക്കില്ല. പരിശീലനത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ വെസ്ബ്രൗൺ മധ്യനിരയിലേക്ക് വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. പരിക്കു മാറിയ റിനോ ആേൻറാ പ്രതിരോധത്തിൽ തിരിച്ചെത്തും. ഹ്യൂം ആദ്യ ഇലവനിൽ കളിക്കും. അഞ്ച് വിദേശ താരങ്ങളെ നിലനിർത്താനുള്ള ശ്രമത്തിൽ സിഫ്നിയോസിനെയും മറ്റു താരങ്ങളെയും എങ്ങനെ വിന്യസിക്കുമെന്നത് കണ്ടറിയണം. ഒന്നോ രണ്ടോ താരങ്ങളുടെ ചുമലിലേറി ഗോവക്കെതിരെ പട നയിക്കുന്നതും അപകടകരമാണ്.
ആക്രമണമെന്ന ഗോവൻ ശൈലി
ആദ്യ വിസിൽ മുതൽ ആക്രമിക്കുക എന്നതാണ് ഗോവയുടെ കളിശൈലി. പന്ത് കൈവശംവെക്കുന്നതിൽ പിന്നാക്കംപോയാലും കൃത്യതയുള്ള പാസുകളിലൂടെ എതിരാളികളുടെ ഏത് പ്രതിരോധത്തെയും തകർത്തെറിയാൻ അവർക്ക് കഴിയും.
ഇതുവരെയുള്ള മത്സരങ്ങളിൽ കൃത്യതയുള്ള പാസുകളുടെ കാര്യത്തിൽ ഏറ്റവും മുന്നിലാണ് ഗോവ. ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയാൽ വാടിപ്പോകുന്നതാണ് ബ്ലാസ്റ്റേഴ്സിെൻറ ചെറുത്തുനിൽപുകളെന്ന് വ്യക്തമായി ഗോവക്കറിയാം. ആദ്യപാദ മത്സരത്തിൽ സമനിലമോഹവുമായി പമ്മിനിന്ന ബ്ലാസ്റ്റേഴ്സിനെതിരെ മിന്നൽ ആക്രമണം അഴിച്ചുവിട്ട് മത്സരം പിടിച്ചെടുക്കുകയായിരുന്നു ഗോവ.
അലക്ഷ്യമായി മൈതാനത്ത് ഓടുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ വെല്ലുവിളിക്കാൻ പ്രാപ്തമാണ് ഗോവൻ ആക്രമണ നിര. ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമും ഗോവ തന്നെ-22. ഒമ്പതു ഗോളുമായി സീസണിലെ ടോപ് സ്കോറർ സ്ഥാനത്തുള്ള കൊറോമിനസ്, ഏഴ് ഗോൾ നേടിയ ലാൻസറോട്ട എന്നിവരാണ് അവരുടെ ശക്തി. ഗോള്‍വലക്കു മുന്നില്‍ വിശ്വസ്തൻ ലക്ഷ്മികാന്ത് കട്ടിമണിയും പ്രതിരോധത്തിൽ നാരായണന് ദാസ്, മുഹമ്മദ് അലി, സെര്‍ജിയോ ജെസ്റ്റി, സെറിറ്റണ്‍ ഫെര്‍ണാണ്ടസ് എന്നിവരും ഇറങ്ങും. മധ്യനിരയിൽ കളിമെനയാൻ എഡു ബേഡിയ, മാനുവേല്‍ അരാന, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദാര് റാവു ദേശായി എന്നിവരിൽ മൂന്നു പേരുമെത്തും.
നാലിലൊന്ന് ഇന്നറിയാം
പോയൻറ് പട്ടികയിലെ നില മെച്ചപ്പെടുത്താൻ തന്നെയാകും ഇരു ടീമുകളുടെയും പോരാട്ടം. ഇന്ന് വിജയിക്കുന്നവർക്ക് നാലാം സ്ഥാനത്തേക്ക് മുന്നേറാം. പകരംവീട്ടി കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സും വിട്ടുവീഴ്ചക്കു തയാറാകാതെ ഗോവയും പടക്കിറങ്ങുമ്പോൾ കലൂരിലെ മത്സരം തീപാറുമെന്ന് ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.