സോചി: ത്രികോണം വരച്ചപോലെ മുൻനിരയിലെ മൂന്ന് പടക്കുതിരകൾ. ഗോൾപോസ്റ്റിനു കീഴെ ആറടി ആറിഞ്ചുകാരനായ വലിയ മനുഷ്യൻ തിബോ കർടുവ. പിന്നെ പ്രതിരോധമെന്നത് ബെൽജിയത്തിനൊരു വഴിപാടുമാത്രമാണെന്ന് കോച്ച് റോബർട് മാർടിനസ് ചിന്തിച്ചതിൽ തെറ്റില്ല. മൂന്നുപേരെ മാത്രം പ്രതിരോധത്തിൽ നിയോഗിച്ച് 3-4-2-1 ശൈലിയിൽ പാനമയെ നേരിട്ട ബെൽജിയത്തിന് കിരീട ഫേവറിറ്റുകൾക്കൊത്ത തകർപ്പൻ ജയം. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പാനമയുടെ വലയിൽ കളിയുടെ രണ്ടാം പകുതിയിൽ മൂന്ന് എണ്ണംപറഞ്ഞ ഗോളുകൾ അടിച്ചുകയറ്റിയാണ് ബെൽജിയം ഗ്രൂപ് ‘ജി’യിൽ ജയത്തോടെ തുടക്കം കുറിച്ചത്.
ഗോൾരഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്ക് ശേഷമായിരുന്നു മൂന്ന് ഗോളിെൻറയും പിറവി. 47ാം മിനിറ്റിൽ മനോഹരമായ േവാളിയിലൂടെ പാനമ വലകുലുക്കി ഡ്രീസ് മെർടൻസ് വേട്ടക്ക് തുടക്കമിട്ടു. മറ്റൊരു അവകാശിയുമില്ലാത്ത ഇമ്പമാർന്ന ഷോട്ട് വലക്കണ്ണി കുലുക്കിയപ്പോൾ സോചിയിലെ ഫിഷ്റ്റ് ഒളിമ്പിക്സ് സ്റ്റേഡിയം നിറച്ച ചെമ്പട ഇരമ്പി.ശേഷമായിരുന്നു ലുകാക്കു ഷോ. എഡൻ ഹസഡും കെവിൻ ഡിബ്രുയിനും മധ്യനിരയിൽനിന്നു സൃഷ്ടിക്കുന്ന ക്രിയേറ്റിവ് ഫുട്ബാളിനൊപ്പം മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഗോളടിയന്ത്രം കുതിച്ചുപാഞ്ഞു. 69ാം മിനിറ്റിൽ ഡിബ്രുയിൽ നൽകിയ ക്രോസിന് തലവെച്ച് ആദ്യ ഗോൾ. 75ാം മിനിറ്റിൽ ഹസാഡിെൻറ ക്രോസ് സ്പ്രിൻറ് റണ്ണപ്പിലൂടെ വലയിലെത്തിച്ച് രണ്ടാം ഗോളും.
അതേസമയം, ലോകകപ്പിലെ അരങ്ങേറ്റക്കാരുടെ സഭാകമ്പമൊന്നുമില്ലാതെ പോരാടിയ പാനമയും ആരാധകരുടെ കൈയടി നേടി.ആദ്യ പകുതിയിൽ കേളികേട്ട ബെൽജിയം ആക്രമണത്തെ പിടിച്ചുകെട്ടാനും ഉജ്ജല പ്രത്യാക്രമണത്തിലൂടെ ഡെഡ്രിക് ബൊയാട്, യാൻ വെർടൻഗൻ പ്രതിരോധത്തെ വിറപ്പിക്കാനും അവർക്കായി. ആജാനുബഹുവായ ക്യാപ്റ്റൻ റോമൻ ടോറസായിരുന്നു പാനമയുടെ പ്രതിരോധമതിൽ. അനിബാൽ ഗോഡോയ്, ജോസ് ലൂയിസ് റോഡ്രിഗസ്, ബ്ലാസ് പെരസ് എന്നിവർ ശ്രദ്ധേയ മുന്നേറ്റം നടത്തി.
രണ്ടാം പകുതിയുടെ തുടക്കം. ബെൽജിയംപോലും പ്രതീക്ഷിക്കാത്ത മുഹൂർത്തത്തിലായിരുന്നു ഗോളിെൻറ പിറവി. ഡി ബ്രുയിെൻറ ത്രോവിനു പിന്നാലെ വലതു വിങ്ങിൽനിന്നെത്തിയ പന്ത് ബോക്സിനുള്ളിൽ തട്ടിയും മുട്ടിയും ഗതിമാറി. ഇതിനിടെയാണ് ഉയർന്നെത്തിയ പന്ത് അലസനായി നടന്ന ഡ്രീസ് മെർടൻസിെൻറ ബൂട്ടിന് പാകമാവുന്നത്. ഉജ്ജ്വലമാെയാരു വോളിയിൽ പന്ത് വലയിലേക്ക് ഉൗർന്നിറങ്ങി. പാനമ താരങ്ങൾക്കും ഗോളിക്കും പ്രതിരോധിക്കാൻപോലും അവസരമില്ലാതെ ഉജ്ജ്വലമായൊരു വോളി ഗോൾ.
രണ്ടാം ഗോളിനുള്ള ബെൽജിയം ശ്രമങ്ങൾ. ഇടതുവിങ്ങിലൂടെ മുന്നേറിയ ഡിബ്രുയിൽ പെനാൽറ്റി ബോക്സിനുള്ളിൽ പാനമൻ താരങ്ങൾക്കിടയിലൂടെ പന്തുമായി ചിലന്തിവലകെട്ടുകയായിരുന്നു. ഇതിനിടെ ഗോൾമുഖം ഒഴിഞ്ഞുലഭിച്ചപ്പോൾ കുത്തിനൽകിയത് റൊമേലു ലുകാകുവിന്. ഒാഫ്സൈഡ് കെണിപൊട്ടിച്ച് മനോഹര ഹെഡ്ഡറിലൂടെ പന്ത് വലയിൽ. പനാമയെ നിശ്ശേഷം തകർത്ത് മൂന്നാം ഗോൾ. വേഗത, കൃത്യത, ഫിനിഷിങ്. സ്വന്തം പകുതിയിൽനിന്ന് ഡിബ്രുയിനും വിസലും തുടങ്ങിയ നീക്കം ഹസാഡിലൂടെ ലുകാക്കുവിലേക്ക്. മധ്യനിരയിൽനിന്ന് പന്തെടുത്ത മാഞ്ചസ്റ്റർ താരം മിന്നൽവേഗത്തിൽ ഒാടിക്കയറി േഗാളിയെയും മറികടന്ന് മനോഹര ഫിനിഷിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.