മോസ്കോ: 90 മിനിറ്റ് കോട്ടകെട്ടിയ പ്രതിരോധവും ഗോളി കെയ്ലർ നവാസും പതറിപ്പോയ അവസാന നിമിഷങ്ങളിൽ േകാസ്റ്ററീകക്കെതിരെ തുടരെ രണ്ടു ഗോളുകൾ അടിച്ചുകയറ്റി നിർണായക ജയവും വിലപ്പെട്ട മൂന്നു പോയൻറുമായി ഗ്രൂപ് ഡിയിൽ ബ്രസീൽ മുന്നോട്ട്. റഷ്യൻ ലോകകപ്പിൽ ആദ്യമായി ഗോൾരഹിത സമനിലയെന്ന് തോന്നിച്ച മത്സരത്തിൽ 91, 96 മിനിറ്റുകളിൽ കുടീന്യോയും നെയ്മർ ജൂനിയറും നേടിയ ഗോളുകളിലാണ് ബ്രസീൽ ഏകപക്ഷീയ ജയവുമായി ആഫ്രിക്കൻ കരുത്തിനെ മറികടന്നത്. ഇതോടെ, കളിച്ച രണ്ടും തോറ്റ കോസ്റ്ററീക പുറത്തായപ്പോൾ ഗ്രൂപ്പിൽ ബ്രസീലിന് നോക്കൗട്ട് ഒരു സമനില മാത്രം അകലെ.
നേരേത്ത, െഎസ്ലൻഡ് ഒരുക്കിയ ‘ബസ് പാർക്കിങ്’ അതിനെക്കാൾ തീവ്രതയോടെ നടപ്പാക്കി ബ്രസീൽ മുന്നേറ്റത്തെ നേരിടാനായിരുന്നു തുടക്കത്തിലേ േകാസ്റ്ററീകയുടെ ഗെയിംപ്ലാൻ. സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങിയ ആദ്യ നിമിഷം മുതൽ ലാറ്റിൻ അമേരിക്കൻ വശ്യതയുമായി നെയ്മറും കുടീന്യോയും സംഘവും പട നയിച്ചപ്പോൾ നാലാം മിനിറ്റിൽതന്നെ ബ്രസീലിന് അനുകൂലമായി ആദ്യ ഫ്രീ കിക്ക്. നെയ്മർ എടുത്ത ഷോട്ട് പക്ഷേ, പ്രകോപനങ്ങളൊന്നും തീർക്കാതെ പുറത്തേക്ക്. കാലുകളിൽ മാന്ത്രികത നിറച്ച് ബ്രസീൽ നീക്കങ്ങളുടെ ചുക്കാൻപിടിച്ച നെയ്മറിനെ പിടിച്ചുകെട്ടലായിരുന്നു കോസ്റ്ററീകൻ പ്രതിരോധത്തിെൻറ പ്രഥമ പരിഗണന. ഇതോടെ, നിരന്തരം ഫൗളിനിരയായി താരം മൈതാനത്ത് വീഴുന്നതും പതിവു കാഴ്ചയായി. പലവട്ടം ലഭിച്ച ഫ്രീകിക്കുകൾ പക്ഷേ, ഗോളാക്കുന്നതിൽ ബ്രസീൽ പരാജയപ്പെടുകയും ചെയ്തു.
അതിനിടെ, 26ാം മിനിറ്റിൽ കോസ്റ്ററീകൻ വല കുലുങ്ങി. പെനാൽറ്റി ബോക്സിൽ വട്ടമിട്ടുനിന്ന ഗബ്രിയേൽ ജീസസ് അനായാസം കോസ്റ്ററീക്കൻ ഗോളിയെ മറികടന്നെങ്കിലും റഫറിയുടെ ഒാഫ്സൈഡ് വിസിൽ മുഴങ്ങി. അപൂർവ നിമിഷങ്ങളിൽ ബ്രസീൽ പാതിയിലേക്ക് പന്തുമായി ആഫ്രിക്കൻ താരങ്ങൾ എത്തിനോക്കിയെങ്കിലും ഒരിക്കൽപോലും ബ്രസീൽ ഗോളി പരീക്ഷിക്കപ്പെേട്ടയില്ല. മറുവശത്ത്, ബ്രസീലിെൻറ പ്രതീക്ഷയായ കുടീന്യോയും ബാഴ്സയിലെ സഹതാരം പൊളീഞ്ഞോയും പലവട്ടം കോസ്റ്ററീകൻ ഗോൾമുഖത്ത് അപായവുമായി എത്തി. പ്രതിരോധത്തിനൊപ്പം നിർഭാഗ്യവും ബ്രസീലിന് പാരയായപ്പോൾ രണ്ടാം പകുതിയും ഗോളൊന്നും വീഴാതെ അവസാനിക്കുമെന്നായി. 80ാം മിനിറ്റിൽ കോസ്റ്ററീകൻ ബോക്സിൽ പരിക്കേറ്റുവീണ നെയ്മറുടെ അപ്പീലിൽ പെനാൽറ്റി വിധിച്ചെങ്കിലും ഇത്തവണ ‘വാർ’ ആഫ്രിക്കൻ ടീമിന് രക്ഷയായി. ഫൗളിനു മുേമ്പ വീഴ്ച നടന്നതിനാൽ പെനാൽറ്റി റഫറി പിൻവലിച്ചു.
സുനാമിത്തിരകൾ കണക്കെ ഒന്നിനുപിറകെ ഒന്നായി ബ്രസീൽ മുന്നേറ്റം പന്തുമായി എതിർനിരയിൽ പറന്നുനടന്നതിന് ശുഭാന്ത്യമെന്നോണം 91ാം മിനിറ്റിലാണ് കാത്തിരുന്ന ഗോൾ പിറക്കുന്നത്. ബ്രൂണോ തുടങ്ങിവെച്ച നീക്കം ഇടതു വിങ്ങിൽ മാഴ്സലോയിലേക്ക്. ഇടതുകാലിൽ സ്വീകരിച്ച് അൽപം മുന്നോട്ടുനീങ്ങി വലതുവിങ്ങിലേക്ക് നൽകിയ ലോങ് ക്രോസ് ഫെർമീന്യോ തലവെച്ചത് പെനാൽറ്റി സ്പോട്ടിനരികെ ഗബ്രിയേൽ ജീസസിെൻറ കാലുകളിൽ. പറന്നെത്തിയ കുടീന്യോക്ക് പാകത്തിൽ ജീസസിെൻറ ലഘുവായൊരു ടച്ച്. അഡ്വാൻസ് ചെയ്ത ഗോളിയുടെ കാലുകൾക്കിടയിലൂടെ കുടീന്യോ പോസ്റ്റിലേക്ക് പായിക്കുേമ്പാൾ ഗാലറി പൊട്ടിത്തെറിച്ചു. ബ്രസീൽ 1-0ത്തിന് മുന്നിൽ. ആവേശം മൂത്ത് ‘പുറംകളി’യുമായി ഇറങ്ങിയോടിയ ബ്രസീൽ കോച്ച് ഇതിനിടെ, മൈതാനത്ത് വീണെങ്കിലും ‘പരിക്കൊന്നുമില്ലാതെ’ കൂടെയുള്ള ഒഫീഷ്യലുകൾ പിടിച്ചെഴുന്നേൽപിച്ചു.
തുള വീണ കോസ്റ്ററീകൻ പ്രതിരോധഭിത്തി തകർത്ത് പിന്നെയും ആക്രമണം കനപ്പിച്ച ബ്രസീൽ മിനിറ്റുകൾക്കിടെ ലീഡ് വർധിപ്പിച്ചു. തൊട്ടുമുമ്പ് ഫെർമീന്യോ കളഞ്ഞ സുവർണാവസരത്തിനുശേഷം ഇത്തവണ പന്ത് കാസെമിറോയിൽ നിന്ന് ഡഗ്ലസ് േകാസ്റ്റയിലേക്ക്. അതിവേഗം മുന്നോട്ടുനീങ്ങി പോസ്റ്റിനു മുന്നിൽ കാത്തുനിന്ന നെയ്മറുടെ കാലുകൾക്ക് കണക്കാക്കി നൽകിയ പാസ് ചെറിയ ഫ്ലിക്കിൽ പോസ്റ്റിലേക്ക് തിരിച്ചുവിടുേമ്പാൾ കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി. ഇനി റഫറിയുടെ വിസിലിനു മാത്രമേ സമയമുള്ളൂവെന്നറിഞ്ഞിട്ടും നീക്കം തുടർന്നു. 96 മിനിറ്റ് നീണ്ട കളിയുടെ 67 ശതമാനവും നിയന്ത്രിച്ച ബ്രസീൽ എതിർ പോസ്റ്റ് കണക്കാക്കി പായിച്ചത് 24 ഷോട്ടുകൾ. മറുവശത്ത് 33 ശതമാനം മാത്രം കൈയിൽ വെച്ചവർ നാലു തവണ മാത്രമാണ് ബ്രസീൽ പോസ്റ്റിനു സമീപത്തേക്ക് പന്ത് എത്തിച്ചത്. അതിൽ ഒന്നുപോലും ഗോളിയെ പരീക്ഷിച്ചതേയില്ല. സൂപ്പർ താരങ്ങളായ നെയ്മറും കുടീന്യോയും കാർഡ് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.