തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിലെ രാഷ്ട്രീയ അതിപ്രസരത്തിലും സാമ്പത്തിക തിരിമറികളിലും മനംമടുത്ത് ഒളിമ്പ്യൻ അഞ്ജുബോബി ജോർജിന് പിന്നാലെ വൈസ് പ്രസിഡൻറ് മേഴ്സി കുട്ടനും കൗൺസിലിെൻറ പടിയിറങ്ങുന്നു. തനിക്കെതിരെ ഭരണസമിതി അംഗങ്ങളിൽ ചിലർ നടത്തുന്ന നീക്കങ്ങളിലും സ്പോർട്സ് കൗൺസിലെ അനാവശ്യ ധൂർത്തിലും പ്രതിഷേധിച്ചാണ് മേഴ്സി കുട്ടൻ രാജിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.
പ്രസിഡൻറ് ടി.പി. ദാസനും രണ്ട് അഡ്മിനിട്രേറ്റിവ് ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രണ്ടുമാസമായി മേഴ്സി കുട്ടൻ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തേക്ക് വരുന്നില്ല. കായിക താരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നടപടികള്‍ക്ക് പകരം സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്കായി ചിലർ സ്പോർട്സ് കൗൺസിലിനെ ഉപയോഗിക്കുന്നത് സംബന്ധിച്ച് മേഴ്സി കുട്ടൻ കായികമന്ത്രി എ.സി. മൊയ്തീന് പരാതി നൽകിയിരുന്നു. എന്നാൽ, ഇതിൽ അന്വേഷണമുണ്ടായില്ല.
ഫിഫ അണ്ടർ 17 ലോകകപ്പിന് സ്വാഗതമേകി തിരുവനന്തപുരത്ത് സംഘടിപ്പിച്ച റോഡ് ഷോയും സംസ്ഥാന സർക്കാറിെൻറ വൺ മില്യൻ ഗോൾ സംസ്ഥാനതല ഉദ്ഘാടന പരിപാടിയും മേഴ്സി കുട്ടൻ ബഹിഷ്കരിച്ചിരുന്നു. പബ്ലിക് റിലേഷൻ വകുപ്പിനെ മറികടന്ന് ഫിഫയുടെ പ്രചാരണാർഥം സ്വകാര്യ പി.ആർ ഏജൻസിക്ക് ഏഴ് ലക്ഷം രൂപയുടെ കരാർ നൽകിയതിനെയും മേഴ്സി കുട്ടൻ ചോദ്യം ചെയ്തിരുന്നു.
കൗൺസിൽ ആസ്ഥാന നവീകരണത്തിെലെ ധൂർത്തിനെ ചൊല്ലി മേഴ്സി കുട്ടനും ചില ഭരണസമിതി അംഗങ്ങളും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. കായിക വകുപ്പ് ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചെങ്കിൽ മേഴ്സി കുട്ടെൻറ രാജി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.