ലണ്ടൻ: മനസ്സ് ബാഴ്സലോണയിലെ നൂകാംപിലും ശരീരം ലിവർപൂളിലെ ആൻഫീൽഡിലും. കഴിഞ്ഞ ഒരു വർഷമായി ഫിലിപ് കുടീന്യോ ഇങ്ങനെയായിരുന്നു. എന്നാൽ ഒന്നല്ല, മൂന്നു വർഷമായി ബാഴ്സലോണയെ മോഹിച്ചായിരുന്നു ബ്രസീൽ താരം ലിവർപൂൾ കുപ്പായത്തിൽ പന്തുതട്ടിയതെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയും. സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ തെൻറ ബാഴ്സലോണ പ്രേമം ഇടക്കൊക്കെ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
ക്ലബ് ഫുട്ബാൾ ട്രാൻസ്ഫർ ലോകത്തെ രണ്ടാമത്തെ ഉയർന്ന പ്രതിഫലവുമായി ഫിലിപ് കുടീന്യോ ബാഴ്സലോണയിലേക്ക് പോകുേമ്പാൾ അത് അദ്ദേഹത്തിെൻറ സ്വപ്നസാക്ഷാത്കാരമാണെന്ന് വെളിപ്പെടുത്തിയത് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് തന്നെയാണ്. 160 ദശലക്ഷം യൂറോ (ഏതാണ്ട് 1219 കോടി രൂപ) പ്രതിഫലത്തിന് ലണ്ടനിൽനിന്ന് ബാഴ്സയിലേക്ക് പറക്കുേമ്പാൾ യാഥാർഥ്യമാവുന്നത് താരം ഏറെനാൾ താലോലിച്ച മോഹവുമാണ്.
കഴിഞ്ഞ ജൂലൈയിൽ തന്നെ പൂർത്തിയാവേണ്ടതായിരുന്നു കൂടുമാറ്റം. ബ്രസീൽ ടീമിൽ ഒന്നിച്ചു കളിക്കുന്ന ബാഴ്സലോണയുടെ മുൻ താരം നെയ്മറായിരുന്നു കുടീന്യോയുടെ സ്പെയിൻ മോഹം വളർത്തിയത്. ലിവർപൂളിലെ മുൻ കൂട്ടുകാരനും നിലവിലെ ബാഴ്സ താരവുമായ ലൂയി സുവാരസ്, ബ്രസീൽ ടീമിലെ സഹതാരം പൗളീന്യോ എന്നിവരുടെ ക്ഷണം കൂടിയായതോടെ ബാഴ്സലോണ വല്ലാതെ കൊതിപ്പിച്ചു. കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫറിൽ ബാഴ്സലോണ കുടീന്യോക്കായി ലിവർപൂളിലെത്തിയെങ്കിലും കരാർതുകയുടെ പേരിൽ വിജയം കണ്ടില്ല. കുടീന്യോയെ വിടില്ലെന്ന് ലിവർപൂൾ ഉറപ്പിച്ചുപറഞ്ഞതോടെ ആ മോഹം കൊട്ടിയടക്കപ്പെട്ടു. പക്ഷേ, വിടാതെ പിന്തുടർന്ന ബാഴ്സയും ക്ലബ് വിടാനുള്ള കുടീന്യോയുടെ ആഗ്രഹവും ഒന്നായതോടെ ജനുവരി വിൻഡോയിൽ ലക്ഷ്യം കണ്ടു.
ഡ്രസിങ് റൂമിലെ കുടീന്യോയുടെ ജഴ്സി പ്രദർശിപ്പിച്ചുകൊണ്ടാണ് ബാഴ്സലോണ റെക്കോഡ് കൂടുമാറ്റം പുറത്തുവിട്ടത്. മധ്യനിരയിലെ വിശ്വസ്തൻ ആന്ദ്രെ ഇനിയേസ്റ്റക്ക് പകരക്കാരെ തേടുന്ന ടീമിന് ഏറെ ആശ്വാസമാവും ബ്രസീൽ താരത്തിെൻറ വരവ്. ലയണൽ മെസ്സി, സുവാരസ്, പൗളീന്യോ കൂട്ടിലെ ബാഴ്സലോണ കുതിപ്പിനിടയിലാണ് മധ്യനിരക്ക് ഉൗർജമായ കരാർ. 2013ൽ 80 ലക്ഷം യൂറോക്ക് സ്വന്തമാക്കിയ കുടീന്യോയെ പത്തു മടങ്ങ് ലാഭത്തിലാണ് ലിവർപൂൾ കൈമാറുന്നത്. 2013ൽ ഇൻറർമിലാനിൽ നിന്നെത്തിയ താരം 153 കളിയിൽ 41 ഗോൾ നേടി. ബാഴ്സലോണ കുപ്പായത്തിൽ ജനുവരി 12ന് നടക്കുന്ന കിങ്സ് കപ്പിൽ ബ്രസീൽ താരത്തിെൻറ അരേങ്ങറ്റം കാത്തിരിക്കുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.