കോഴിക്കോട്: വ്യത്യാസം വ്യക്തമായിരുന്നു. ഐ.എസ്.എല്‍ മത്സരങ്ങളുടെ ഇടവേളയില്‍ കഴിഞ്ഞദിവസം അരങ്ങേറിയ ബംഗളൂരു എഫ്.സി-ജൊഹര്‍ ദാറുല്‍ തസിം എ.എഫ്.സി കപ്പ് സെമിഫൈനല്‍ രണ്ടാം പാദ മത്സരം കാണികളെ ആവേശത്തില്‍ ആറാടിച്ച കളിയായിരുന്നു. ബംഗളൂരു എഫ്.സിയുടെ വിജയംമാത്രമായിരുന്നില്ല മത്സരത്തെ ശ്രദ്ധേയമാക്കിയത്.
ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ഇതുവരെ നടന്ന മത്സരങ്ങളെ അപേക്ഷിച്ച് എ.എഫ്.സി കപ്പ് മത്സരം പുലര്‍ത്തിയ നിലവാരമായിരുന്നു വേറിട്ടുനിന്നത്. ഇരു ടീമുകളും ആക്രമിച്ചുകളിച്ചതിനൊപ്പം മത്സരത്തിലുടനീളം നിലനിന്ന താളവും വേഗതയും ഐ.എസ്.എല്ലിനെ വെല്ലുന്നതായിരുന്നു.
കളത്തിലെ പകുതിയിലേറെ താരങ്ങള്‍ വിദേശികളായിട്ടും ഐ.എസ്.എല്ലിന്‍െറ നിലവാരം ഉയരാത്തതിന്‍െറ കാരണമെന്താണ്? പല ഘടകങ്ങളുണ്ടെങ്കിലും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഒട്ടും ശാസ്ത്രീയമല്ലാത്ത തിരക്കുപിടിച്ച മത്സരക്രമമാണ്.
പല ടീമുകള്‍ക്കും രണ്ടു കളികള്‍ക്കിടയില്‍ പലപ്പോഴും കിട്ടുന്നത് മൂന്നോ നാലോ ദിവസത്തെ ഇടവേളയാണ്. അതിനിടയില്‍ ചിലപ്പോള്‍ ദൈര്‍ഘ്യമേറിയ യാത്രയും വില്ലനാവുന്നു. നിരന്തരമായി മത്സരങ്ങള്‍ കളിക്കുന്നത് ടീമുകളെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഐ.എസ്.എല്‍ കാണിച്ചുതരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മത്സരങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാതെ മറ്റു നിലക്കുള്ള തയാറെടുപ്പുകളാണ് ടീമിന് ഗുണംചെയ്യുകയെന്നാണ് ബംഗളൂരു എഫ്.സിയുടെ അനുഭവം നല്‍കുന്ന പാഠം. കഴിഞ്ഞമാസവസാനം സെമിഫൈനല്‍, ആദ്യപാദം കളിച്ചതിനുശേഷം സൗഹൃദമത്സരങ്ങളിലൊന്നും പന്തുതട്ടാതെ തന്ത്രങ്ങളും ശൈലികളും മെച്ചപ്പെടുത്തുന്നതിനാണ് ബംഗളൂരു എഫ്.സി കോച്ച് ആല്‍ബര്‍ട്ടോ റോക്ക മുന്‍തൂക്കം നല്‍കിയത്.
എന്നാല്‍, ഐ.എസ്.എല്ലില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഒരു മത്സരം കഴിഞ്ഞശേഷം റിക്കവറി ടൈമും അടുത്ത മത്സരവേദിയിലേക്കുള്ള യാത്രയുമെല്ലാം കഴിഞ്ഞ് തയാറെടുപ്പിനുള്ള സമയം താരതമ്യേന കുറവാണ്.
മികച്ച പരിശീലകരെന്ന് വിശേഷണമുള്ള സീക്കോ, സ്റ്റീവ് കോപ്പല്‍, അന്‍േറാണിയോ ഹബാസ് തുടങ്ങിയവര്‍ക്കുപോലും ഇതുമൂലം പ്രത്യേകമായ പരിശീലന പദ്ധതികള്‍ നടപ്പാക്കാനാവാത്ത അവസ്ഥയുണ്ട്. തോറ്റ കളികള്‍ക്കുശേഷം പോലും കൂടുതല്‍ സമയം പരിശീലനത്തിനായി മാറ്റിവെക്കുന്നതിന് തിരക്കുപിടിച്ച മത്സരക്രമം തടസ്സമാവുന്നു.
ഐ.എസ്.എല്ലിലെ വിദേശതാരങ്ങള്‍ ഐ ലീഗിലെ വിദേശ കളിക്കാരെക്കാള്‍ മികച്ചവരാണെന്നത് ശരിയാണെങ്കിലും മത്സരക്രമത്തിലെ അശാസ്ത്രീയത കാരണം മിക്കവര്‍ക്കും തങ്ങളുടെ മികച്ച കളി പുറത്തെടുക്കാനാവുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇതുകൊണ്ടുകൂടിയാണ് മിക്ക കളികളും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതെ വിരസമായി അവസാനിക്കുന്നത്.
വിദേശരാജ്യങ്ങളിലും ചിലപ്പോള്‍ 20 ദിവസത്തിനിടെ നാലും അഞ്ചും മത്സരങ്ങളൊക്കെ കളിക്കേണ്ടിവരാറുണ്ടെങ്കിലും അതെല്ലാം ഒമ്പതുമാസത്തെ സീസണിന്‍െറ പീക്ക് ടൈമിലാണ് സംഭവിക്കാറ്. ഇവിടെ രണ്ടുമാസം മാത്രം കാലാവധിയുള്ള തുടക്കംമുതല്‍ അവസാനംവരെ വിശ്രമമില്ലാതെ പന്തുതട്ടേണ്ടതിനിടയിലാണ് തുടര്‍ച്ചയായി കളത്തിലിറങ്ങേണ്ടിവരുന്നത്. മുംബൈ സിറ്റിയുടെ മാര്‍ക്വീതാരവും ലോകകപ്പ് ഹീറോയുമായ ഡീഗോ ഫോര്‍ലാന്‍ ചൂണ്ടിക്കാണിച്ചപോലെ ഐ.എസ്.എല്‍ മാറേണ്ടിയിരിക്കുന്നു.
‘ഐ.എസ്.എല്ലിന് ഏറെക്കാലം ഇങ്ങനെ തുടരാനാവില്ല. മറ്റു ലീഗുകള്‍പോലെ ആഴ്ചയില്‍ ശരാശരി ഒരു കളി എന്ന നിലക്കുള്ള രീതിയിലേക്ക് മാറണം. എങ്കില്‍ മാത്രമേ ശരിയായ ഫുട്ബാള്‍ കളി പുറത്തുവരൂ’ -ഫോര്‍ലാന്‍െറ വാക്കുകള്‍. ഐ.എസ്.എല്ലിന്‍െറ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത് മുഖവിലക്കെടുത്തെങ്കില്‍ മാത്രമേ ഇന്ത്യയിലെ ഫുട്ബാളിന് നേട്ടമുണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.