സന്തോഷ് ട്രോഫി താരം പി.എൻ. നൗഫൽ, പ്രഥമ പരിശീലകൻ കെ.എഫ്. ഫ്രാൻസീസിനും കോസ് മോസ് ക്ലബ് പ്രവർത്തകർക്കുമൊപ്പം

അരനൂറ്റാണ്ട് കളിക്കളത്തിൽ നിറഞ്ഞ് തിരുവമ്പാടി കോസ്മോസ്

തിരുവമ്പാടി: ഫുട്ബാൾ പരിശീലനത്തിലും സംഘാടനത്തിലും ചരിത്രമെഴുതിയ തിരുവമ്പാടി കോസ് മോസ് ക്ലബിന് അരനൂറ്റാണ്ടിന്റെ മികവ്. മലയോര മേഖലയിലെ ഫുട്ബാൾ ക്ലബുകൾ നാമാവശേഷമാകുമ്പോഴാണ് കോസ് മോസിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. സന്തോഷ് ട്രോഫിയിൽ ഏഴാം കിരീടം കേരളത്തിന് നേടിക്കൊടുത്തതിൽ പങ്കാളിയായ ടീമംഗം പി.എൻ. നൗഫലിന്റെ കളി വൈഭവം കണ്ടെത്തുന്നത് ക്ലബിന്റെ പരിശീലന കളരികളിലായിരുന്നു.

1974 ൽ ആണ് കോസ് മോസ് ക്ലബ് രൂപവത്കരിച്ചത്. വേനൽ അവധിക്കാലത്ത് ഫുട്ബാൾ, അത് ലറ്റിക് ക്യാമ്പുകൾ ക്ലബ് സ്ഥിരമായി സംഘടിപ്പിക്കാറുണ്ടായിരുന്നു. കോസ് മോസ് ഫുട്ബോൾ ടൂർണമെൻറുകൾ ഒരു കാലത്ത് മലയോരത്തിന്റെ കാൽപന്ത് പ്രേമികളുടെ ആവേശമായിരുന്നു. തിരുവമ്പാടി ഹൈസ്കൂൾ മൈതാനിയായിരുന്നു ക്ലബിന്റെ ഫുട്ബാൾ പരിശീലന കേന്ദ്രം. അഞ്ച് വർഷത്തോളമായി ഈ മൈതാനം ഉടമസ്ഥാവകാശ തർക്കത്തിലാണ്. ഇതോടെ ക്ലബിന് കളിക്കളം നഷ്ടമായി. കളിക്കായി സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കോസ് മോസ് ഫുട്ബാൾ ക്യാമ്പുകളിലൂടെ വളർന്ന് അത് ലറ്റിക്സിൽ നേട്ടങ്ങൾ കൊയ്തവരാണ് ദ്രുതകർമ സേനയിൽ ഉയർന്ന ഉദ്യോഗസ്ഥനായ കടായിക്കൽ ബഷീർ, കായികധ്യാപകരായ കെ.ടി. ജോണി, മുഹമ്മദ് ഹുസൈൻ എന്നിവർ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ക്യാമ്പംഗവും കോഴിക്കോട് വാഴ്സിറ്റി താരവുമായിരുന്ന എ.എം. ബഷീറും ക്ലബിന്റെ താരമായിരുന്നു.

കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ഫുട്ബാളിലും കോസ് മോസിന്റെ താരങ്ങൾ അണിനിരന്നു. കോസ് മോസിന്റെ പര്യായമാണ് പരിശീലകനായ കെ.എഫ്. ഫ്രാൻസിസ്. ഇദ്ദേഹത്തിന്റെ ക്ലബുമായുള്ള ബന്ധം അഞ്ച് ദശാംബ്ദങ്ങൾക്കപ്പുറം കോസ് മോസ് രൂപവത്കരണ ഘട്ടത്തിൽ തുടങ്ങിയതാണ്. കാൽപന്ത് കളി ജീവിതത്തിന്റെ പ്രധാന ഭാഗമാക്കിയ കെ.എഫ്. ഫ്രാൻസിസ് 32 വയസ്സ് വരെ സെവൻസ് ടൂർണമെൻറിൽ സജീവമായി കളിച്ചിരുന്നു. ഇപ്പോൾ വിവിധ ക്ലബുകളിൽ ഫുട്ബാൾ പരിശീലകനാണ്.

സന്തോഷ് ട്രോഫി താരം പി.എൻ. നൗഫലിന്റെ എട്ടാം വയസ്സു മുതൽ 16ാം വയസ്സുവരെയുള്ള പ്രധാന പരിശീലകനായിരുന്ന ഫ്രാൻസിസ് ഓൾ കേരള സെവൻസ് ടൂർണമെൻറ് അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.