കാറ്റലോണിയൻ രാവുകളെ സുരഭിലമാക്കിയ ഒരു നർത്തകൻ കൂടി വിടവാങ്ങുമ്പോൾ...

സമയം അങ്ങനെയാണ്, സുന്ദര സ്വപ്നങ്ങൾക്ക് അതെപ്പോഴും വിരാമം കുറിക്കും. അലിഞ്ഞു ചേരാൻ ശ്രമിക്കുന്തോറും അത് നമ്മെ പിന്നോട്ട് വലിച്ചു കൊണ്ടേയിരിക്കും. മനസ്സിനെ പിടിച്ചുപറിക്കുന്ന വേദനയിൽ ആ സ്വപ്നം എന്നെന്നേക്കുമായി അവസാനിപ്പിച്ച്​ സമയം നമ്മെ നോക്കി പല്ലിളിക്കും.

പാറിപ്പറക്കുന്ന മിശിഹായും മിന്നിമറയുന്ന നെയ്മറും കൊത്തിപ്പറക്കുന്ന സുവാരസും. ബാഴ്സയുടെ സൗന്ദര്യം അതായിരുന്നു. നയനങ്ങളെ ബാഴ്സയിലേക്ക്​ അവർ ആകർഷിച്ചുകൊണ്ടേയിരുന്നു. 'എം.എസ്.എൻ' എന്ന വാക്കിനു തന്നെ ഫുട്ബോൾ പ്രേമികൾ 'അതിരില്ലാത്ത സൗന്ദര്യം' എന്നാണ് നിർവചിച്ചിരുന്നത്. ലോകം ആ സൗന്ദര്യത്തെ ആവോളം ആസ്വദിച്ചു. അതിൻറെ ഉന്മാദത്തിൽ നിറഞ്ഞാടി. എന്നാൽ 2017ൽ വലിയ തുകക്ക്​ കാനറി പക്ഷി പാരീസിലേക്ക് ചേക്കേറിയപ്പോൾ തനിച്ചായതും നിലച്ചതും ആ സൗന്ദര്യം മാത്രമായിരുന്നില്ല, കാറ്റലോണിയൻ ഫുട്​ബാളിൻെറ കല കൂടിയായിരുന്നു. എങ്കിലും ചിലപ്പോഴെങ്കിലും ആ ഓർമകളിലേക്ക് തിരിച്ചു നടക്കുവാൻ ലിയോയും ലൂയിസും നമ്മെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യമ​ാണോ അനിവാര്യതയാണോ എന്നറിയില്ല​, ഇപ്പോൾ ലൂയിസും ആ ആനന്ദനൃത്തം അവസാനിപ്പിച്ച്​ തിരിഞ്ഞു നടക്കുകയാണ്.


വികൃതി പയ്യനെന്ന പേരുദോഷവുമായാണ്​ സുവാരസ് ബാഴ്സലോണയുടെ വരയൻ കുപ്പായത്തിൽ എത്തുന്നത്. ആഫ്രിക്കൻ ലോകകപ്പിൽ ആ ഭൂഖണ്ഡത്തിൻെറ മുഴുവൻ പ്രതീക്ഷകളും നെഞ്ചിലേറ്റിയ ഘാനയെ സ്വന്തം കൈ കൊണ്ട് തട്ടിത്തെറിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തിയ 'ക്രൂര' മനസ്സിനുടമായിയിരുന്നു സുവാരസ്. കളിക്കളത്തിലെ തൻറെ ഭ്രാന്തൻ ചെയ്​തികളാൽ ചായക്ക് ഒരു 'സുവാരസ്' എന്ന തമാശ മലബാറിലെ മക്കാനികളിൽ വരെയെത്തി. പക്ഷേ അയാളുടെ വരവ്​ ബാഴ്സയുടെ ചരിത്രത്തിൻെറ ഭാഗമായി. സുവാരസ് ലക്ഷണമൊത്ത സ്​ട്രൈക്കറായി വളരുകയും ചെയ്തു.

സാക്ഷാൽ റൊണാൾഡിന്യോക്ക്​ ശേഷം ബാഴ്​സ നടത്തിയ ഏറ്റവും മികച്ച ഔട്ട്‌ഡോർ സൈനിങ് ആയിരുന്നു സുവാരസ്. ഏഴുവർഷത്തോളം മെസ്സി എന്ന ഇതിഹാസത്തിന് താങ്ങും തണലുമായിരുന്നു സുവാരസ്. ഡിഫൻസിൻെറ ഊരാക്കുടുക്കുകളിൽ താൻ കണ്ടെത്തിയ വഴികൾ തുറന്നു കിട്ടാനും തനിക്ക് ലക്ഷ്യത്തിലേക്ക് ഏത്താനും സുവാരസ് എന്ന എന്ന മാർഗ്ഗം മാത്രമേ പലപ്പോഴും മെസ്സിക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. രസച്ചരട്​ പൊട്ടാത്ത ഒരു ​രസതന്ത്രം ഇരുവർക്കുമിടയിലുണ്ടായിരുന്നു. അമാനുഷിക ശക്തിയുള്ളയാളല്ല സുവാരസ്​, പക്ഷേ കഠിനാധ്വാനവും പോരാട്ട വീര്യവും കൊണ്ട്​ അയാളതിനെ അതിജയിച്ചു.


പ്രതാപകാലത്ത് അയാൾക്കൊത്തൊരു പകരക്കാരൻ ലോക ഫുട്​ബാളിൽ ഉണ്ടായിരുന്നില്ലെന്ന്​ തന്നെ പറയാം. അതിനാൽ പകരമൊരാളെ കണ്ടെത്തുവാൻ ബാഴ്സ ഇക്കാലയളവ്‌ വരെ ശ്രമിച്ചിട്ടുമുണ്ടായിരുന്നില്ല. ക്ലബ്ബിൻറെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരിൽ മൂന്നാമനായിട്ടാണ് സുവാരസ് ബാഴ്സയുടെ പടിയിറങ്ങുന്നത്. അയാൾ അവശേഷിപ്പിക്കുന്ന ശൂന്യത ബാഴ്​സ എങ്ങനെ നികത്തുമെന്ന്​ കണ്ടറിയണം. അത് കൊണ്ട് തന്നെയാണ് സുവാരസ് ഇതിലും നല്ല യാത്രയയപ്പ്​ അർഹിച്ചിരുന്നുവെന്ന്​ മെസ്സി ബാർസക്കെതിരെ തുറന്നടിച്ചതും.

ലാലിഗയുടെ കളിത്തട്ടുകളിൽ അയാളിനിയുമുണ്ടാകും. കാറ്റലോണിയക്കാരുടെ ശത്രുക്കളിൽ പ്രധാനികളിലൊന്നായ അത്​ലറ്റി​േകായുടെ വരയൻ കുപ്പായത്തിൽ. ഡിയഗോ ഫോർലനും ഡിയഗോ ഗോഡിനും അടക്കമുള്ള ഉറുഗ്വൻ ഇതിഹാസങ്ങൾ തിമിർത്താടിയ അത്​ലറ്റിക്കോയുടെ ആരവങ്ങളിൽ ആയാൾ ആനന്ദനൃത്തമാടട്ടെ. കാത്തിരിക്കാം, അയാളുടെ ചടുലതയുള്ള കാൽപാദങ്ങളുടെ താളങ്ങൾക്കായി.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.