കൊച്ചി: എറണാകുളം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അത്ലറ്റിക്സ് ഇനങ്ങൾ നടക്കുന്ന മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിർമാണപ്രവർത്തനങ്ങൾക്ക് ട്രാക്കിലെ ഓട്ടമത്സരത്തിന്റെ വേഗം. നവംബർ നാലിനാണ് കായികമേളയുടെ ഔദ്യോഗിക തുടക്കമെങ്കിലും ഏഴിനാണ് മഹാരാജാസ് ഗ്രൗണ്ടിലെ ട്രാക്കുണരുക.
എന്നാൽ, നവംബർ ഒന്നിനകം കരാറുകാർ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തി പൂർത്തിയാക്കി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി വ്യക്തമാക്കി. അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപ്രതീക്ഷിതമായി പെയ്യുന്ന മഴ മാത്രമാണ് പ്രതിസന്ധി. രണ്ടു സംഘങ്ങളായി കരാറുകാർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, കൂടുതൽ സംഘങ്ങളെ ഉപയോഗപ്പെടുത്തി വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് ലിമിറ്റഡാണ് മഹാരാജാസ് ഗ്രൗണ്ടിൽ നിർമാണം നടത്തുന്നത്. 75 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. അവസാനഘട്ട റെഡ് ലെയറിങും ട്രാക്ക് ലൈനിങ്ങും ഉൾപ്പെടെ ജോലികളാണ് ബാക്കിയുള്ളത്. ലെയറിങ് ബുധനാഴ്ചതന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ട൪ എസ്. ഷാജഹാൻ അറിയിച്ചു. കായികമേള തുടങ്ങാൻ ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാക്കാൻ സമയം ധാരാളമുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഗ്രൗണ്ടിൽ പുതിയ സിന്തറ്റിക് ട്രാക്ക് രൂപവത്കരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. മലേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് ഗ്രാന്യൂൾസ് ഉൾപ്പെടെ ഉപയോഗിച്ചാണ് നിർമാണം.
കൊച്ചി: എറണാകുളം ജില്ലയിലെ 17 വേദികളിലായി 39 കായിക ഇനങ്ങളിൽ 24,000 കായിക പ്രതിഭകൾ തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള ‘കൊച്ചി24’ന് ഇനി 12 നാൾ. നവംബർ നാലിന് വൈകീട്ട് കലൂർ സ്റ്റേഡിയത്തിൽ മന്ത്രി വി. ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാവും. ഉദ്ഘാടനശേഷം 3000 വിദ്യാർഥികൾ പങ്കെടുക്കുന്ന കലാപരിപാടി അരങ്ങേറും. നവംബർ അഞ്ചിനാണ് മത്സരങ്ങൾക്ക് തുടക്കമാവുക. മേളയുടെ സമാപനവും സമ്മാനദാനവും നവംബർ 11ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ഇത് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുമെന്നും ഒരുക്കങ്ങൾ അതിവേഗം നടക്കുകയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സരങ്ങൾ സമയത്ത് അവസാനിക്കുന്നതിനായി രാത്രിയും നീളുന്ന തരത്തിലായിരിക്കും മേള മുന്നേറുക.
ഇൻക്ലൂസിവാകും
കായികം...
രാജ്യത്താദ്യമായി സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഇൻക്ലൂസിവ് സ്പോർട്സും മേളയുടെ ഭാഗമായി നടക്കും. 1876 ഭിന്നശേഷിക്കാരാണ് തങ്ങൾക്കിഷ്ടമുള്ള ഇനങ്ങളിൽ മത്സരിക്കുക. ഇവർക്കായി മൂന്ന് ഗെയിംസ്, 18 അത്ലറ്റിക്സ് ഇനങ്ങൾ ഒരുക്കിയിട്ടുണ്ട്. നവംബർ അഞ്ചിന് മൂന്ന് വേദികളിലായാണ് ഇൻക്ലൂസിവ് സ്പോർട്സ് ഇനങ്ങൾ നടക്കുക. അടുത്ത വർഷം മുതൽ പൊതുവിഭാഗത്തിൽ മത്സരിക്കാൻ താൽപര്യമുള്ളവർക്ക് അതിനുള്ള ക്രമീകരണം ഒരുക്കുന്നതിനു മുന്നോടിയായാണ് ഇതിന് തുടക്കമിടുന്നത്. കായികക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ഇനങ്ങളിൽ പ്രത്യേകമായിത്തന്നെ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം.
ചരിത്രത്തിൽ ആദ്യമായി സ്കൂൾ കായികമേളയിൽ കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിൽ എവർ റോളിങ് ട്രോഫി സമ്മാനിക്കും. ഇതുകൂടാതെ വിജയികൾക്ക് പ്രൈസ് മണി, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവയും നൽകും. കായികമേളയുടെ രണ്ട് പ്രചാരണ ജാഥകൾ ജില്ലകളിലൂടെ സഞ്ചരിക്കും.
തിരുവനന്തപുരത്തുനിന്ന് എവർറോളിങ് ട്രോഫിയും കാസർകോടുനിന്ന് ദീപശിഖയും ഭാഗ്യചിഹ്നം ‘തക്കുടു’വും വഹിച്ചാണ് ജാഥകൾ സഞ്ചരിക്കുക. നവംബർ മൂന്നിന് വൈകീട്ട് ജില്ലയിലെത്തുന്ന ജാഥകൾ വിപുലമായ സ്വീകരണത്തോടെ ഉദ്ഘാടന വേദിയായ കലൂർ സ്റ്റേഡിയത്തിൽ എത്തിച്ചേരും.
14 ജില്ലകളിൽനിന്നുള്ള വിദ്യാർഥികളെക്കൂടാതെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കൗമാര കായികതാരങ്ങൾകൂടി പങ്കെടുക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ സവിശേഷത.
ഗൾഫിലെ എട്ട് സ്കൂളുകളിൽനിന്നാണ് വിദ്യാർഥികളെത്തുക. ദേശീയ നിലവാരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാനായി 2000 ഒഫീഷ്യൽസ്, 500 സെലക്ടർമാർ, 2000 വളന്റിയർമാർ എന്നിവരുണ്ടാകും. 50 സ്കൂളുകളിലാണ് താമസസൗകര്യം. കൗമാര കായികതാരങ്ങളിലും കാണികളിലും ഗ്രീന് പ്രോട്ടോകോള് സന്ദേശം എത്തിക്കും.
സ്കൂൾ ഒളിമ്പിക്സ് എന്നാണ് നേരത്തേ കായികമേളയെ പ്രഖ്യാപിച്ചതെങ്കിലും ഈ പേരുപയോഗിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒളിമ്പിക്സ് മാതൃകയിലുള്ള സ്കൂൾ കായികമേള എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. കായികമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.