മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ ജീവന്മരണ പോരാട്ടത്തിൽ ജീവൻ നിലനിർത്തിയ മലപ്പുറം എഫ്.സിക്ക് സ്തുതി. ഇരട്ട ഗോളടിച്ച് വിജയ ശിൽപിയായ പെഡ്രോ മാൻസിക്കും സ്തുതി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മലപ്പുറം സെമി സാധ്യത നിലനിർത്തിയത്. 45,54 മിനിറ്റുകളിൽ പെഡ്രോ മാൻസി, 84 ാം മിനിറ്റിൽ അലക്സ് സാഞ്ചസ് എന്നിവർ മലപ്പുറത്തിനായി ഗോൾ നേടി. ഇതോടെ ഒമ്പത് പോയന്‍റുമായി ലീഗിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്കൊപ്പം നാലാം സ്ഥാനത്തെത്തി. സ്വന്തം ഗ്രൗണ്ടിൽ ടീമിന്റെ ആദ്യ ജയം കൂടിയാണിത്.
ഈ മാസം 27ന് കോഴിക്കോട് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സുമായാണ് മലപ്പുറത്തിന് അടുത്ത മത്സരം. ലീഗിൽ ഒരു ജയവും നേടാനാകാതെ തൃശൂർ നാണം കെട്ട് അവസാന സ്ഥാനത്താണ്.
കോഴിക്കോടിനെതിരെ നടന്ന എവേ മാച്ചിൽ നിന്നും അഞ്ച് മാറ്റങ്ങളുമായാണ് മലപ്പുറം ഇറങ്ങിയത്. ഗോൾകീപ്പർ ടെൻസിൻ, റൂബൻ ഗാർസസ്, ബിന്ധ്യ, അലക്സ് സാഞ്ചസ്, നവീൻ എന്നിവരെ കോച്ച് പുറത്തിരുത്തി. ഗോൾകീപ്പറായി അണ്ടർ 23 താരം മുഹമ്മദ് സിനാനിനൊപ്പം ഗുർജീന്ദർ കുമാർ, സെർജിയോ ബാർബോസ, നോറം, പെഡ്രോ മാൻസി എന്നിവരും ആദ്യ ഇലവനിൽ തിരിച്ചെത്തി.
ബ്രസീലിയൻ താരങ്ങളുടെ കരുത്തിൽ 5 - 3 -2 ശൈലിയിലാണ് ആദ്യ ജയം തേടി തൃശൂർ മലപ്പുറത്തിനെ നേരിട്ടത്. ഏഴാം മിനിറ്റിൽ മലപ്പുറത്തിന്റെ സ്പാനിഷ് താരം പെഡ്രോ മാൻസിക്ക് ബോക്സിനകത്ത് നിന്ന് മികച്ച അവസരം ലഭിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധം തട്ടിയകറ്റി. തൊട്ടടുത്ത നിമിഷം ലഭിച്ച ഫ്രീകിക്കും ഗോളായില്ല. 17-ാം മിനിറ്റിൽ തൃശൂർ ലീഡ് നേടുമെന്ന് ഉറപ്പിച്ച നിമിഷം. മൈനസ് പാസ് സ്വീകരിക്കുന്നതിൽ കീപ്പർ മുഹമ്മദ് സിനാന് ഉണ്ടായ വീഴ്ച ഗോളാക്കുന്നതിൽ തൃശൂർ പരാജയപ്പെട്ടു. 23-ാം മിനുട്ടിൽ ജൊസേബ ബെറ്റിയ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പ്രതീഷ് തൃശൂരിനെ കാത്തു.
45-ാം മിനിറ്റിൽ ഗാലറിയെ ഇളക്കി മറിച്ച് മലപ്പുറം മുന്നിലെത്തി. വലതു വിങ്ങിൽ നിന്നും ബാർബോസ നൽകിയ ക്രോസിൽ നിന്ന് മികച്ച ഹെഡറിൽ പെഡ്രോ മാൻസി പന്ത് വലയിലെത്തിച്ചു. (സ്കോർ 1-0). ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് തൃശൂർ നാല് ഷോട്ടുകൾ ഉതിർത്തെങ്കിലും ഗോൾ നേടാനായില്ല.
ഗോൾ തിരിച്ചടിക്കാൻ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് തൃശൂർ രണ്ടാം പകുതിയിൽ ഇറങ്ങിയത്. മുഹമ്മദ് സഫ് നീദ്, മെയിൽസൺ എന്നിവരെ പിൻവലിച്ച് ഡാനി, ഗിഫ്റ്റി ഗ്രാഷ്യസ് എന്നിവർ ഇറങ്ങി. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനകം മലപ്പുറം ലീഡുയർത്തി. 54-ാം മിനിറ്റിൽ പെഡ്രോ മാൻസിയെ ബോക്സിൽ ഡാനി വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി അനായാസം വലയിലെത്തിച്ച് മാൻസി മത്സരത്തിൽ തന്റെ രണ്ടാം ഗോളും കണ്ടെത്തി. (സ്കോർ 2-0).
തൊട്ടടുത്ത മിനിറ്റിൽ ബാർബോസക്ക് അവസരം ലഭിച്ചെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു. 67-ാം മിനിറ്റിൽ തൃശൂരിന്റെ ബ്രസീൽ താരം അലക്സ് സാൻ റോസിന്റെ ഫ്രീ കിക്ക് ബാറിൽ തട്ടിത്തെറിച്ചു.
84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സ് സാഞ്ചസും ഗോളടിച്ചതോടെ തൃശൂരിന്റെ കൊമ്പൊടിഞ്ഞു. (സ്കോർ 3-0 ). അനസ് എടത്തൊടികയുടെ അസിസ്റ്റിൽ നിന്നാണ് സാഞ്ചസ് ഗോളടിച്ചത്. ടീമിനായി ആദ്യമായി വല കാക്കാനിറങ്ങിയ കാസർകോട് സ്വദേശി മുഹമ്മദ് സിനാൻ നടത്തിയ മികച്ച പ്രകടനം തൃശൂരിന്റെ ഗോളടിക്കാനുള്ള മോഹത്തിന് വിലങ്ങുതടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.