പാരിസ്: ഒളിമ്പിക്സ് മാർച്ച് പാസ്റ്റിനുള്ള ഇന്ത്യൻ താരങ്ങളുടെ യൂനിഫോം ഒരുക്കിയ പ്രമുഖ ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം. ഇന്ത്യൻ പതാകയിലെ നിറങ്ങൾ ഉൾപ്പെടുത്തി ഡിസൈൻ ചെയ്ത യൂനിഫോമിന് നിലവാരമില്ലെന്നാണ് പ്രധാന വിമർശനം. ടെക്സ്റ്റൈൽ, കൈത്തറി മേഖലകളിൽ സമ്പന്ന പൈതൃകമുള്ള ഒരു രാജ്യത്തിന്റെ ടീമിനെ ഇത്രയും പ്രധാനപ്പെട്ട ഒരു ആഗോള വേദിയിൽ എന്തിനാണ് ഇത്രയും മോശമായ രീതിയിൽ അവതരിപ്പിച്ചതെന്നും ചോദ്യങ്ങളുണ്ട്.
വെളുത്ത കുർത്തയും പൈജാമയും ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമവും പച്ചയും കലർന്ന ജാക്കറ്റുമായിരുന്നു പുരുഷ അത്‌ലറ്റുകളുടെ വേഷമെങ്കിൽ ത്രിവർണം പ്രിന്റ് ചെയ്ത സാരിയായിരുന്നു വനിത കായികതാരങ്ങൾ അണിഞ്ഞത്. ഏറെ പ്രശസ്തനായ ഡിസൈനർ തരുൺ തഹിലിയാനിയാണ് ഇതൊരുക്കിയതെന്നറിഞ്ഞതോടെയാണ് രോഷം രൂക്ഷമായത്.
ഈ യൂനിഫോമുകളേക്കാൾ മികച്ച സാരികൾ 200 രൂപക്ക് മുംബൈ തെരുവുകളിൽ വിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്നായിരുന്നു ഡോ. നന്ദിത അയ്യർ എക്സിൽ കുറിച്ചത്. ഡിജിറ്റൽ പ്രിന്റുകൾ, വിലകുറഞ്ഞ പോളിസ്റ്റർ തുണികൾ, യാതൊരു ഭാവനയും ഇല്ലാതെ ഒരുമിച്ചെറിഞ്ഞ ത്രിവർണം എന്നിവയുടെ സംയോജനമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തിന്റെ ഫാഷൻ തലസ്ഥാനത്താണ് ഒരു ഇന്ത്യൻ അത്‌ലറ്റ് മങ്ങിയതും സാധാരണയുമായ ഈ വേഷത്തിൽ കാണപ്പെടുന്നതെന്നും തരുൺ തഹിലിയാനിയുടെ പ്ലാസ്റ്റിക് ഷീറ്റ് പോലെയുള്ള സാരിയും ത്രിവർണത്തിന്റെ ഭാവനാശൂന്യമായ ഉപയോഗവുമെല്ലാം ഇന്ത്യൻ തുണിത്തരങ്ങളുടെ ഗംഭീരമായ ലോകത്തേക്കുള്ള ജാലകം അടക്കുകയാണെന്നുമായിരുന്നു മലയാളി സാഹിത്യകാരൻ എൻ.എസ് മാധവന്റെ പ്രതികരണം.
ചുളിഞ്ഞ കുർത്തകൾ, പോളിസ്റ്റർ പ്രിന്റഡ് സാരികൾ, മങ്ങിയ നിറങ്ങൾ... നൂറിലധികം കൈത്തറി തുണിത്തരങ്ങളും നിരവധി മികച്ച നെത്തുകാരുമെല്ലാമുള്ള നാട്ടിൽ നിന്നാണ് ഇവർ വരുന്നത്, പരിഹാസ്യം’ -എന്നിങ്ങനെയായിരുന്നു മറ്റൊരു വിമർശനം.
വിമർശനങ്ങൾ രൂക്ഷമായതോടെ ഡിസൈനർ തരുൺ തഹ്‍ലിയാനി ന്യായീകരണവുമായി രംഗത്തെത്തി. ഇത് രാജ്യത്തിന്റെ നെയ്ത്ത് പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും അഞ്ച് മണിക്കൂറോളം താരങ്ങൾ ചൂടിൽ നിൽക്കേണ്ട കാര്യം പരിഗണിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.