ബ്രിസ്ബേൻ: ഗ്രാൻഡ് സ്ലാം സീസണ് തുടക്കം കുറിച്ച് ആസ്ട്രേലിയൻ ഓപൺ മത്സരങ്ങൾക്ക് മെൽബൺ പാർക്കിൽ കേളികൊട്ടുയരാൻ ഒരാഴ്ച ബാക്കിനിൽക്കെ വമ്പൻ ജയങ്ങളുമായി മുൻനിര താരങ്ങൾ.
ബ്രിസ്ബേൻ ഇന്റർനാഷനൽ ഫൈനലിൽ റഷ്യൻ താരം പോളിന കുഡെർമെറ്റോവയെ 4-6 6-3 6-2ന് വീഴ്ത്തി ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക കിരീടം ചൂടി. കഴിഞ്ഞ വർഷം എലിന റിബാകിനയോട് ഫൈനലിൽ തോറ്റ കടം തീർത്തായിരുന്നു സബലെങ്കയുടെ ജയം.
മറ്റൊരു മത്സരത്തിൽ യുനൈറ്റഡ് കപ്പ് പുരുഷ വിഭാഗത്തിൽ ടെയ്ലർ ഫ്രിറ്റ്സ് വിജയിച്ചു. പോളണ്ടിന്റെ ഹൂബർട്ട് ഹർകാസിനെയാണ് താരം വീഴ്ത്തിയത്. വനിതകളിൽ കൊക്കോ ഗോഫ് ജയിച്ചു. ഇഗ സ്വിയാറ്റെകിനെ 6-4 5-7 7-6 (7-4) നാണ് തോൽപിച്ചത്.
അതിനിടെ, നീണ്ട ഇടവേളക്കു ശേഷം ഡബ്ല്യു.ടി.എ ഫൈനൽ കളിക്കുന്ന നവോമി ഒസാക്ക പരിക്കേറ്റ് പുറത്തായി. 2023ൽ കുഞ്ഞിന് ജന്മം നൽകിയ താരം 15മാസത്തെ അവധി കഴിഞ്ഞാണ് തിരിച്ചെത്തിയിരുന്നത്. എന്നാൽ, ഡെന്മാർക്ക് താരം ക്ലാര ടോസണെതിരെ ആദ്യ സെറ്റ് ജയിച്ച ശേഷമായിരുന്നു കളി നിർത്തിയത്.
താരം ഇത്തവണ ആസ്ട്രേലിയൻ ഓപണിൽ ഇറങ്ങിയേക്കില്ല. അതേ സമയം, വിംബിൾഡൺ ചാമ്പ്യൻ ക്രെജ്സികോവയും ഇത്തവണ ഇറങ്ങില്ല. താരം പരിക്കിൽനിന്ന് മുക്തയാകാത്തതാണ് വിഷയം. ജനുവരി 12നാണ് ആസ്ട്രേലിയൻ ഓപണ്‍ തുടക്കമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.