മലാഗ (സ്പെയിൻ): ഡേവിസ് കപ്പോടെ ടെന്നിസിൽ നിന്ന് വിരമിക്കുന്ന റാഫാൽ നദാലിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി മറ്റൊരു ഇതിഹാസ താരമായ റോജർ ഫെഡറർ. സ്പാനിഷ് താരമായ നദാലിനെ അഭിസംബോധന ചെയ്ത് 'വാമോസ്' എന്ന തലവാചകത്തോടെ ആരംഭിക്കുന്ന സുദീർഘ പോസ്റ്റിൽ ഇരുവർക്കുമിടയിലെ തിളക്കമാർന്ന നിരവധി മുഹൂർത്തങ്ങൾ സ്വിറ്റ്സർലൻഡുകാരൻ പങ്കുവെക്കുന്നുണ്ട്.
‘‘നീ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തയാറെടുക്കുമ്പോള്‍, എനിക്ക് കുറച്ച് കാര്യങ്ങള്‍ പങ്കിടാനുണ്ട്. ഞാന്‍ വികാരാധീനനാകുന്നതിനുമുമ്പ് എനിക്കത് പറയണം. നീയെന്നെ ഒരുപാട് തോൽപിച്ചു. എനിക്ക് അങ്ങോട്ട് തോൽപിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍. മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ എന്നെ വെല്ലുവിളിച്ചു. കളിമണ്‍ കോര്‍ട്ടില്‍, ഞാന്‍ നിന്റെ വീട്ടുമുറ്റത്ത് കാലുകുത്തുന്നത് പോലെ തോന്നി. ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ കളിയില്‍ മാറ്റം വരുത്താന്‍ എന്നെ പ്രേരിപ്പിച്ചു. എന്തിന് പറയുന്നു, എന്റെ റാക്കറ്റിന്റെ വലുപ്പം മാറ്റാന്‍ പോലും നിര്‍ബന്ധിതനാവേണ്ടി വന്നു.’’-ഫെഡറർ തുടരുന്നു.
''ഞാന്‍ വളരെ അന്ധവിശ്വാസമുള്ള ആളല്ല, പക്ഷേ താങ്കളെന്നെ അത്തരത്തിലൊരു തലത്തിലേക്ക് കൊണ്ടുപോയി. മുഴുവന്‍ പ്രക്രിയയും, ആ ആചാരങ്ങളെല്ലാം... വാട്ടര്‍ ബോട്ടിലുകള്‍ കൂട്ടിച്ചേര്‍ക്കുക, മുടി ശരിയാക്കുക, അടിവസ്ത്രങ്ങള്‍ ക്രമീകരിക്കുക... എല്ലാം ഞാനിഷ്ടപ്പെട്ടു. നിനക്കറിയാമോ റഫ, നീ എന്നെ കളി കൂടുതല്‍ ആസ്വദിക്കാന്‍ ശീലിപ്പിച്ചു. 2004ലെ ആസ്ട്രേലിയന്‍ ഓപണിനുശേഷം, ഞാന്‍ ആദ്യമായി ഒന്നാം റാങ്ക് നേടി. ഞാന്‍ ലോകത്തിന്റെ നെറുകയിലാണെന്ന് കരുതി. പിന്നെ രണ്ടുമാസങ്ങള്‍ക്കു ശേഷം, മയാമിയിലെ കോര്‍ട്ടില്‍ ചുവന്ന കൈയില്ലാത്ത ഷര്‍ട്ട് ധരിച്ചെത്തി എന്നെ തോൽപിച്ചു. നിന്നെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. വരും കാലത്ത് വലിയ വിജയങ്ങള്‍ നേടുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ എല്ലായ്പ്പോഴും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ഒരു മാതൃകയാണ്. ഞങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ അക്കാദമികളില്‍ പരിശീലനം നേടിയതില്‍ ഞാനും മിര്‍ക്കയും (മിർക്ക ഫെഡറർ) വളരെ സന്തോഷിക്കുന്നു. ആയിരക്കണക്കിന് യുവ കളിക്കാരെപ്പോലെ അവര്‍ വളരെയധികം പഠിച്ചു’’.
‘‘2022 ലെ ലേവര്‍ കപ്പ്, എന്റെ അവസാന മത്സരം. നീ എന്റെ അരികില്‍ ഉണ്ടായിരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം എല്ലാം അർഥമാക്കുന്നു. എന്റെ എതിരാളിയായിട്ടല്ല, മറിച്ച് എന്റെ ഡബിൾസ് പങ്കാളിയായി. ആ രാത്രിയില്‍ പങ്കുവെച്ചത് എന്റെ കരിയറിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളില്‍ ഒന്നായിരിക്കും. റഫ, ഇതിഹാസ കരിയറിന്റെ അവസാന ഭാഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എനിക്കറിയാം. അത് കഴിയുമ്പോള്‍ നമ്മള്‍ സംസാരിക്കും. ഇപ്പോള്‍, നിങ്ങളുടെ കുടുംബത്തെയും ടീമിനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പഴയ സുഹൃത്ത് എപ്പോഴും നിനക്കായി ആഹ്ലാദിക്കുന്നുവെന്നും അടുത്തതായി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആനന്ദിക്കുന്നുണ്ടെന്നും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിന്റെ ആരാധകന്‍, റോജര്‍’’- കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.