ദോഹ: യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം സജീവമായ ‘പാഡൽ ടെന്നിസ്’ ഗെയിമിൽ നിക്ഷേപവുമായി ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് (ക്യൂ.എസ്.ഐ). അന്താരാഷ്ട്ര തലത്തിലെ പ്രശസ്തമായ പാഡ്ൽ ടൂർണമെന്റ് സംഘാടകരായ വേൾഡ് പാഡൽ ടൂർ (ഡബ്ല്യൂ.പി.ടി) ആണ് ഖത്തർ സ്വന്തമാക്കിയത്.
ഇന്റർനാഷനൽ പാഡൽ ഫെഡറേഷൻ, പ്രീമിയർ പാഡൽ സ്ഥാപകരായ പ്രഫഷനൽ പാഡൽ അസോസിയേഷൻ, വേൾഡ് പാഡൽ ടൂർ സംഘടിപ്പിക്കുന്ന സെറ്റ്പോയന്റ്സ് ഇവന്റ്സ് ഉടമകളായ ഡാം എന്നിവരുമായാണ് ക്യു.എസ്.ഐ ചരിത്രപരമായ കരാറിൽ എത്തിയത്. കരാറിനു പിന്നാലെ പ്രീമിയർ പാഡലും വേൾഡ് പാഡൽ ടൂറും അന്താരാഷ്ട്ര പാഡൽ ഫെഡറേഷനു കീഴിലുള്ള പ്രീമിയർ പാഡൽ എന്ന് വിളിക്കപ്പെടുന്ന ഏക ആഗോള പ്രഫഷനൽ പാഡൽ ടൂർ ആയി ഏകീകരിക്കപ്പെടും.
ക്യു.എസ്.ഐയും മറ്റു കക്ഷികളും തമ്മിൽ മാസങ്ങൾ നീണ്ടുനിന്ന ചർച്ചകളുടെ പരിസമാപ്തിയാണ് ഈ കരാർ. കരാറിൽ ഒപ്പുവെച്ചതോടെ വേൾഡ് പാഡൽ ടൂറിന്റെ ബിസിനസ് ആസ്തികൾ ക്യു.എസ്.ഐ സ്വന്തമാക്കും. കൂടാതെ ക്യു.എസ്.ഐ, എഫ്.ഐ.പി, രണ്ട് ടൂറുകളിലും മത്സരിച്ച പ്രഫഷനൽ പാഡൽ താരങ്ങൾ എന്നിവരുൾപ്പെടെയുള്ള കക്ഷികൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാനും കരാറിലുണ്ട്.
വേൾഡ് പാഡൽ ടൂർ ഏറ്റെടുത്തെങ്കിലും 2023 കലണ്ടർ വർഷത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടക്കും. എന്നാൽ അടുത്ത കലണ്ടർ വർഷത്തിൽ കരാർ പ്രകാരം എഫ്.ഐ.പിയുടെ ഭരണത്തിൽ ഒരൊറ്റ പ്രീമിയർ പാഡൽ ഗ്ലോബൽ ടൂർ ആയിട്ടായിരിക്കും സംഘടിപ്പിക്കുക.
2013ലാണ് വേൾഡ് പാഡൽ ടൂർ സ്ഥാപിക്കപ്പെട്ടത്. 14 രാജ്യങ്ങളിലായി 26ലധികം പുരുഷ-വനിത ടൂർണമെന്റുകൾ, 17 ആഗോള സ്പോൺസർമാർ, 150ലധികം രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ടെലിവിഷൻ സംപ്രേഷണം, നാല് ദശലക്ഷത്തിലധികം വരുന്ന സോഷ്യൽ മീഡിയ ഫോളോവേഴ്സ് എന്നിവ ഇതിൽ ഉൾപ്പെടും.
അതേസമയം, എഫ്.ഐ.പിയുടെ ഭരണത്തിനു കീഴിലുള്ളതും പി.പി.എയുടെയും ഇന്റർനാഷനൽ പാഡൽ പ്ലെയേഴ്സ് അസോസിയേഷന്റെയും പിന്തുണയോടെയുള്ളതുമായ ഔദ്യോഗിക പ്രഫഷനൽ പാഡൽ ടൂറിന് കഴിഞ്ഞവർഷം മാത്രമാണ് തുടക്കംകുറിച്ചത്. ആദ്യ വർഷത്തിനുള്ളിൽതന്നെ കായികലോകത്ത് ഏറ്റവും വേഗത്തിൽ വളർന്ന ടൂറുകളിലൊന്നായി മാറാനും ഇതിന് കഴിഞ്ഞു. പാരിസിലെ സ്റ്റേഡ് റോളണ്ട് ഗാരോസുൾപ്പെടുന്ന ലോകപ്രശസ്ത ഗ്രൗണ്ടുകളും ഇതിന് വേദിയായി.
ആഗോളതലത്തിൽ പാഡലിനെ സംബന്ധിച്ച് ഇത് ചരിത്രനിമിഷമാണെന്നും രണ്ട് പാഡൽ ടൂറുകൾ പാഡൽ ഫെഡറേഷന് കീഴിൽ അടുത്ത വർഷം മുതൽ ഒരൊറ്റ പ്രീമിയർ പാഡൽ ടൂറായി ആരംഭിക്കുകയാണെന്നും അതിവേഗം വളരുന്ന കായിക വിനോദമെന്ന നിലയിൽ പാഡലിന്റെ വികസനത്തിന് നേതൃത്വംനൽകുന്നതിൽ ക്യു.എസ്.ഐ അഭിമാനിക്കുന്നുവെന്നും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും പ്രീമിയർ പാഡലിന്റെയും ചെയർമാനായ നാസർ അൽ ഖിലൈഫി പറഞ്ഞു.
2024ൽ പുതിയ ഗ്ലോബൽ പ്രീമിയർ പാഡൽ ടൂർ ആരംഭിക്കുന്നതോടെ പാഡലിലെ മുൻനിര ചാമ്പ്യൻഷിപ്പായി ഇത് മാറും. ലോക കായിക രംഗത്തെ ഏറ്റവും ആവേശകരമായ പ്രൊജക്ടുകളിലൊന്നായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. ഗ്ലോബൽ പ്രീമിയർ പാഡൽ ടൂറിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.