നോട്ടിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 50 റൺസിലെത്തുന്ന ടീമെന്ന സ്വന്തം റെക്കോഡ് പുതുക്കി ഇംഗ്ലണ്ട്. ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ് ഇംഗ്ലീഷ് ബാറ്റർമാരുടെ വെടിക്കെട്ട് പിറന്നത്. ഓപണർ ബെൻ ഡെക്കറ്റും വൺഡൗണായെത്തിയ ഒലീ പോപും ചേർന്ന് 4.2 ഓവറിലാണ് ടീം സ്കോർ അർധസെഞ്ച്വറിയിലെത്തിച്ചത്. 14 പന്തിൽ 33 റൺസ് ബെൻ ഡെക്കറ്റിന്റെയും ഒമ്പത് പന്തിൽ 16 റൺസ് ഒലീ പോപിന്റെയും സംഭാവനയായിരുന്നു.
1994ൽ ഓവലിൽ ദക്ഷിണാഫ്രിക്കക്കെതിരെ 4.3 ഓവറിൽ 50 റൺസ് തികച്ച സ്വന്തം റെക്കോഡാണ് ഇംഗ്ലീഷുകാർ മറികടന്നത്. വേഗതയേറിയ അർധസെഞ്ച്വറിയിൽ ആദ്യ മൂന്ന് സ്ഥാനവും നിലവിൽ ഇംഗ്ലണ്ടിന്റെ പേരിലാണ്. 2002ൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ശ്രീലങ്കക്കെതിരെ അഞ്ചോവറിൽ ഇംഗ്ലീഷുകാർ 50ൽ എത്തിയിരുന്നു. 2004ൽ കറാച്ചിയിൽ പാകിസ്താനെതിരെ 5.2 ഓവറിൽ അർധശതകം കടന്ന ശ്രീലങ്ക നാലാമതും 2008ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെയും 2023ൽ പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റിൻഡീസിനെതിരെയും 5.3 ഓവറിൽ 50ലെത്തിയ ഇന്ത്യ അഞ്ചാമതുണ്ട്.
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച വെസ്റ്റിൻഡീസ് സ്കോർ ബോർഡിൽ റൺസ് ചേർക്കും മുമ്പ് ഓപണർ സാക് ക്രോളിയെ പുറത്താക്കിയിരുന്നു. എന്നാൽ, ബെൻ ഡക്കറ്റും ഒലീ പോപും ചേർന്ന് വെസ്റ്റിൻഡീസ് ബൗളർമാരെ നിർദയം കൈകാര്യം ചെയ്തതോടെ 40 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ് ആതിഥേയർ. 59 പന്തിൽ 71 റൺസെടുത്ത ബെൻ ഡക്കറ്റിനെ ഷമർ ജോസഫിന്റെ പന്തിൽ ജേസൻ ഹോൾഡർ പിടികൂടിയപ്പോൾ 119 പന്ത് നേരിട്ട് 76 റൺസുമായി ഒലീ പോപ് പുറത്താകാതെ നിൽക്കുകയാണ്. 14 റൺസെടുത്ത ജോ റൂട്ട് ആണ് പുറത്തായ മറ്റൊരു ബാറ്റർ. 35 റൺസുമായി ഹാരി ബ്രൂക്കാണ് ഒലീ പോപിനൊപ്പം ക്രീസിൽ. വെസ്റ്റിൻഡീസിനായി അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്, ഷമർ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.