???????????? ??????? ??????????????? ???????????

കളമൊഴിയാത്ത ഊര്‍ജ പ്രവാഹം

ഇപ്പോള്‍ കാല്‍പന്തുലോകത്തിന്‍െറ നാവില്‍ ഒരേയൊരു പേരു മാത്രം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന 31കാരന്‍. അടിച്ച ഗോളുകളെക്കാള്‍ കളിക്കളത്തിലും ഗാലറിയിലും നിറച്ച ഊര്‍ജത്തിന്‍െറ മറ്റൊരു പേരായി ക്രിസ്റ്റ്യാനോ മാറുമ്പോള്‍ പോര്‍ചുഗല്‍, ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പ് കിരീടത്തിന് ഉടമകളായി മാറിയിരിക്കുന്നു. ഫ്രാന്‍സിനെ അട്ടിമറിച്ച് പോര്‍ചുഗലിനെ ചാമ്പ്യന്മാരാക്കിയതിന്‍െറ പേരില്‍ ഇനി ചരിത്രത്തില്‍ ക്രിസ്റ്റ്യാനോയുടെ പേരുണ്ടാകും.

ഭാഗ്യങ്ങളുടെ അകമ്പടിയോടെ ഗ്രൂപ് മത്സരങ്ങള്‍ കഷ്ടിച്ച് കടന്നുകൂടിയ ഒരു ടീമിനെ കലാശപ്പോരാട്ടത്തിന് യോഗ്യരാക്കിയതും ഫൈനലില്‍ മുഴുസമയവും കളിക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ് കളംവിടേണ്ടിവന്നിട്ടും ടീമിന്‍െറ നട്ടെല്ലായി നിലകൊണ്ടതും ക്രിസ്റ്റ്യാനോ ആയിരുന്നു. ലോകതാരമായിട്ടും മെസ്സിക്കു കഴിയാതെപോയത് ക്രിസ്റ്റ്യാനോ സ്വന്തം രാജ്യത്തിന് നേടിക്കൊടുത്തു. കളിയുടെ ഏഴാം മിനിറ്റില്‍ ഫ്രാന്‍സിന്‍െറ ദിമിത്രി പായെറ്റിന്‍െറ ഫൗളിന് ഇരയായി കാല്‍മുട്ടിനു പരിക്കേറ്റ് വീണ ക്രിസ്റ്റ്യാനോക്ക് 25ാം മിനിറ്റില്‍ വേദന അസഹ്യമായപ്പോള്‍ കരഞ്ഞുകൊണ്ട് സ്ട്രെച്ചറില്‍ കളംവിടാനായിരുന്നു വിധി. പോര്‍ചുഗല്‍ ടീമും ആരാധകരും ഞെട്ടിപ്പോയ നിമിഷം...

പക്ഷേ, കളത്തിനു പുറത്തിരുന്നപ്പോഴും ക്രിസ്റ്റ്യാനോ കളത്തില്‍ നിറഞ്ഞുനിന്നിരുന്നു. അതിന് സഹകളിക്കാരുടെ വാക്കുകള്‍ സാക്ഷി.
സെഡ്രിക് സൊയേഴ്സ് പറയുന്നതു കേള്‍ക്കൂ: ‘ക്രിസ്റ്റ്യാനോ വീണപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയിരുന്നു. എന്തുചെയ്യണമെന്ന് ഒരു നിമിഷം അന്തംവിട്ടുനിന്നുപോയി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ക്രിസ്റ്റ്യാനോ ഞങ്ങളോട് പറഞ്ഞ വാക്കുകള്‍ ടീമിനു മൊത്തം ആവേശമായി.

ശ്രദ്ധിക്കുക, ഒറ്റക്കെട്ടായി നിന്ന് പോരാടുക. നമ്മളാണ് ജയിക്കാന്‍ പോകുന്നത്. ഈ രാത്രി ചാമ്പ്യന്‍പട്ടത്തില്‍ കയറിനില്‍ക്കുക നമ്മള്‍ മാത്രമായിരിക്കും. കാരണം, അത്രമാത്രം ശക്തരാണ് നമ്മള്‍... അദ്ദേഹം ഞങ്ങളെ ഉത്തേജിതരാക്കി. ആ വാക്കുകള്‍ മതിയായിരുന്നു ഞങ്ങള്‍ക്ക് വീര്യത്തോടെ പോരാടാന്‍’ -സൊയേഴ്സ് പറഞ്ഞു. പരിക്കേറ്റ് പകരക്കാരനെ ഏല്‍പിച്ച് കരക്കുകയറിയെങ്കിലും കളത്തിനു പുറത്ത് ഓരോ കളിക്കാര്‍ക്കും നിര്‍ദേശം നല്‍കി ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നു, ഒരു സഹ കോച്ചിനെപ്പോലെ. ചിലപ്പോഴൊക്കെ കോച്ച് ഫെര്‍ണാണ്ടോ സാന്‍േറാസിനെക്കാള്‍ മികച്ചുനിന്നത് ലൈനരികില്‍ ക്രിസ്റ്റ്യാനോയുടെ വാക്കുകളായിരുന്നു.

അതാണ് ക്രിസ്റ്റ്യാനോ. ഗോളടിച്ചശേഷം ധ്യാനത്തില്‍ മുങ്ങിയപോലെ  സ്വയംമറന്നുനില്‍ക്കുന്ന മെസ്സിയെ പോലെയല്ല. പകരം, താന്‍ നേടിയ ഗോളിന്‍െറ, നീട്ടിക്കൊടുത്ത ഗോളവസരത്തിന്‍െറ പരിസമാപ്തിയില്‍ ഒരു പൊട്ടിത്തെറിക്കലാണ്. ഒരു ബോംബ് സ്ഫോടനത്തിനു സമാനമായി പ്രകമ്പനങ്ങള്‍ കൂട്ടുകാരിലേക്ക് പകര്‍ന്ന് അത് കാണികളില്‍ വെടിക്കെട്ടുകണക്കെ പൊട്ടിച്ചിതറിക്കാന്‍ ക്രിസ്റ്റ്യാനോക്കറിയാം. അതുകൊണ്ടാണ് അയാള്‍ മികച്ചൊരു ക്യാപ്റ്റന്‍ കൂടിയായി മാറുന്നത്.

ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍നിന്നോ തലയില്‍നിന്നോ ഒരു ഗോള്‍ പിറന്നാല്‍ പിന്നെ പോര്‍ചുഗല്‍ ടീമിനെ പിടിച്ചാല്‍ കിട്ടില്ല. പോളണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍പോലും അത് കണ്ടതാണ്. ആദ്യ കിക്ക് എടുത്ത ക്രിസ്റ്റ്യാനോ കൃത്യമായി വലകുലുക്കിയപ്പോള്‍ പിന്നാലെ വന്ന ആര്‍ക്കും പിഴച്ചില്ല. ഓരോ കിക്കിനും ക്രിസ്റ്റ്യാനോ നല്‍കിയ പിന്തുണ വ്യക്തമായിരുന്നു. ഗ്രൂപ്പില്‍ മൂന്നാമതായി വല്ലവിധേനയുമാണ് പ്രീക്വാര്‍ട്ടറില്‍ പോര്‍ചുഗല്‍ കടന്നുകൂടിയത്. ആദ്യ മത്സരങ്ങളിലൊന്നും ഗോളടിക്കാന്‍ ക്രിസ്റ്റ്യാനോക്കായില്ല. പക്ഷേ, ഹംഗറിക്കെതിരെ രണ്ടു ഗോളടിച്ചുകൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ ഫോമിലേക്കുയര്‍ന്നത്. അതോടെ പോര്‍ചുഗലും ഉണര്‍ന്നു.

യൂസേബിയോ, ലൂയി ഫിഗോ എന്നിവരെപ്പോലെ പ്രശസ്തരായ താരങ്ങളുണ്ടായിരുന്നിട്ടും വമ്പന്‍ പോരാട്ടങ്ങളുടെ കിരീടധാരണം കിട്ടാക്കനിയായിരുന്നു പോര്‍ചുഗലിന്. ആ ദുഷ്പേര് ഇപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരുത്തിയെഴുതിയിരിക്കുന്നു. മൂന്നു തവണ ബാലണ്‍ ഡി ഓര്‍ നേടിയ ക്രിസ്റ്റ്യാനോയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം ഈ യൂറോ കപ്പായിരിക്കും. സ്പോര്‍ട്ടിങ് ക്ളബ് പോര്‍ചുഗലിനായി കളിച്ചുകൊണ്ട് തുടങ്ങിയ ക്രിസ്റ്റ്യാനോ 18ാമത്തെ വയസ്സില്‍ മാഞ്ചസ്റ്ററിന്‍െറ താരമായി. 196 കളികളില്‍നിന്ന് 84 ഗോള്‍ നേടിയ ക്രിസ്റ്റി ആറു വര്‍ഷക്കാലം മാഞ്ചസ്റ്ററില്‍ തുടര്‍ന്നു. 2009 മുതല്‍ റിയല്‍ മഡ്രിഡിന്‍െറ കുന്തമുന ക്രിസ്റ്റ്യാനോയാണ്. 236 കളികളില്‍നിന്ന് 260 ഗോളുകള്‍ അടിച്ചുകൂട്ടി.

ക്ളബ് ഫുട്ബാളില്‍ വിലസുമ്പോഴും രാജ്യത്തിനായി തിളങ്ങുന്നില്ല എന്ന ആരോപണം ഒരുപോലെ ഏറ്റുവാങ്ങിയവരാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. ആ പേരുദോഷം മായ്ക്കാനാവാതെ കോപയില്‍ തലതാഴ്ത്തി മെസ്സി രാജ്യത്തിന്‍െറ കുപ്പായമഴിക്കുമ്പോഴാണ് യൂറോ കപ്പില്‍ പുണര്‍ന്ന് ക്രിസ്റ്റ്യാനോ തന്‍െറ പേരിലെ വന്‍ദോഷം മായ്ച്ചതെന്നത് തികച്ചും യാദൃച്ഛികമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.