സതാംപ്റ്റൺ: ആധുനിക ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച തിരിച്ചുവരവ് കാണാനുള്ള ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ ചീട്ടുെകാട്ടാരം പോലെയാണ് തിങ്കളാഴ്ച രാത്രി തകർന്നു വീണത്. സമ്മർദത്തിനടിപ്പെട്ട് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ലക്ഷ്യം മറന്നപ്പോൾ വിദേശമണ്ണിൽ മറ്റൊരു പരമ്പര തോൽവിയുടെ കയ്പുനീരറിഞ്ഞു. നാലാം ടെസ്റ്റിൽ 60 റൺസിെൻറ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ വിരാട് കോഹ്ലിയും സംഘവും അഞ്ച് ടെസ്റ്റ് പരമ്പര 3-1നാണ് അടിയറവ് െവച്ചത്.
ചരിത്രത്തിലെ മികച്ച പേസ്നിരയിലൊന്ന് ഇന്ത്യയുടേതാണെന്ന് ഒാർമിച്ച കോച്ച് രവി ശാസ്ത്രി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്തെ ബാറ്റിങ് പ്രകടനത്തിൽ നിരാശനാണ്.
ആദ്യ ഇന്നിങ്സിൽ ആതിഥേയരെ 246 റൺസിന് പുറത്താക്കി ഇന്ത്യൻ ബൗളർമാർ നയം വ്യക്തമാക്കിയിരുന്നു. ഇതിൽ എട്ടാമനായി ഇറങ്ങി 78 റൺസെടുത്ത സാം കറെൻറ പ്രകടനം എടുത്തുപറയണം. രണ്ടാം ഇന്നിങ്സിലും ബാറ്റുകൊണ്ട് തിളങ്ങിയ കറൻ ഇൗ പരമ്പരയുടെ കണ്ടെത്തലെന്ന് അടിവരയിട്ടു.
ഇന്ത്യയുടെ മധ്യനിര കണ്ടുപഠിക്കേണ്ട നിലവാരത്തിലാണ് സമ്മർദഘട്ടത്തിൽ കൗമാരക്കാരൻ ബാറ്റുവീശുന്നത്. ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡോടെ മേൽക്കൈ നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾ വലിയ മെച്ചം കണ്ടില്ല. കോഹ്ലിയും (46) അവസാനം വരെ പിടിച്ചുനിന്ന് 27 റൺസ് ലീഡ് നേടിത്തന്ന പുജാരയുമാണ് (132) തിളങ്ങിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഇൗൻ അലി ഇന്ത്യൻ ഇന്നിങ്സിെൻറ അന്തകനായി. രണ്ടാം ഇന്നിങ്സിലും ബൗളർമാർ വിശ്വാസം കാത്തു. ഇംഗ്ലണ്ടിനെ 271ൽ ഒതുക്കി അവർ 246 റൺസ് വിജയലക്ഷ്യമൊരുക്കി.
ബാറ്റിങ് ട്രാജഡി രണ്ടു ദിവസം കൈയിൽ ഉണ്ടായിട്ടും എത്തിപ്പിടിക്കാവുന്ന ലക്ഷ്യം നേടിയെടുക്കാൻ ഇന്ത്യൻ ബാറ്റിങ്നിര പരാജയപ്പെടുകയായിരുന്നു. ഒാപണർമാർ ഒരിക്കൽകൂടി പരാജയമായി. ജെയിംസ് ആൻഡേഴ്സെൻറയും സ്റ്റുവർട്ട് ബ്രോഡിെൻറയും പന്തുകൾക്കു മുന്നിൽ ഇരുവരുടെയും മുട്ടിടിച്ചു. കെ.എൽ. രാഹുൽ (0) ബ്രോഡിെൻറ പന്തിൽ കുറ്റിതെറിച്ചാണ് മടങ്ങിയത്. ലോബാളിലായിരുന്നു വിക്കറ്റെന്ന് രാഹുലിന് ന്യായീകരിക്കാം. എന്നാൽ ഇക്കുറിയും സ്ലിപ്പിൽ ക്യാച്ച് നൽകിയായിരുന്നു ശിഖർ ധവാെൻറ (17) മടക്കം. ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിവീരൻ ചേതേശ്വർ പുജാരയുടെ (5) മടക്കം കനത്ത നഷ്ടമായി. ഏറെ പ്രതീക്ഷിച്ചിരുന്ന പുജാരക്ക് പക്ഷേ, ആൻഡേഴ്സെൻറ സ്വിങ്ങിനു മുന്നിൽ കുടുങ്ങാനായിരുന്നു വിധി.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലിയും ഉപനായകൻ അജിൻക്യാ രഹാനെയും ചേർന്ന് പടുത്തുയർത്തിയ 101 റൺസ് കൂട്ടുകെട്ടിൽ ആരാധകർ വിജയം മോഹിച്ചു. ആൻഡേഴ്സൺ, ബ്രോഡ്, സാം കറൻ എന്നിവരുടെ കുത്തിത്തിരിഞ്ഞ പന്തുകളെ ഒാഫ് സ്റ്റംപ് സുരക്ഷിതമാക്കി ഇരുവരും പ്രതിരോധിച്ച് കളിമെനഞ്ഞു. എന്നാൽ, 2014 ഇന്ത്യയെ തകർത്ത അതേ കൈകൾ കൊണ്ട് സ്പിന്നർ മുഇൗൻ അലി വീണ്ടും വിധി എഴുതി.
നാലാം ടെസ്റ്റ് വിജയത്തിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും സഹതാരങ്ങളും ഗ്രൗണ്ട് വിടുന്നു
10 റൺസിൽ എത്തിനിൽക്കേ തെൻറ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽനിന്നും രക്ഷപ്പെട്ട കോഹ്ലിയെ സ്കോർ 58ൽ എത്തിനിൽക്കേ ഷോർട്ട് ലെഗിൽ അലിസ്റ്റർ കുക്കിെൻറ കൈകളിൽ എത്തിച്ച് അലി ഇന്ത്യയുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി. കോഹ്ലിയുടെ ഉൾപ്പടെ നാലുവിക്കറ്റുകളാണ് അലി രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. സമ്മർദത്തെ അതിജീവിക്കാനുള്ള കെൽപ് ഹർദിക് പാണ്ഡ്യക്കും (0) ഋഷഭ് പന്തിനും (18) ഇനിയും കൈവന്നിട്ടില്ല. അവസാന പ്രതീക്ഷയായിരുന്ന രഹാനെയെ (51) കൂടി അലി പറഞ്ഞയച്ചതോടെ തോൽവി ഭാരം എത്രകണ്ട് കുറക്കും എന്നത് മാത്രമായി ചോദ്യം.
‘നമ്മൾ മോശമായല്ല കളിച്ചത്. എന്നാൽ, ചില ഘട്ടത്തിൽ പ്രകടനം കൂടുതൽ മെച്ചപ്പെടേണ്ടിയിരുന്നു. പ്രത്യേകിച്ച് ആദ്യ ഇന്നിങ്സിൽ. നന്നായി കളിച്ച ഇംഗ്ലണ്ട് വിജയം അർഹിക്കുന്നുണ്ട്. ടീം തുടര്‍ച്ചയായി തിരിച്ചടി നേരിട്ടപ്പോഴും ഇംഗ്ലണ്ട് പതറിയില്ല. സമ്മർദഘട്ടങ്ങളില്‍ അവര്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഇതുതന്നെയാണ് ടെസ്റ്റില്‍ വഴിത്തിരിവായ
ത്’ - ക്യാപ്റ്റൻ കോഹ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.