മഡ്രിഡ്: കോവിഡ് 19 പടച്ചുവിട്ട സാമ്പത്തിക ചുഴലിയിൽ പതറി നിൽക്കുകയാണ് ഫുട്ബാൾ ലോകം. പ്രത്യേകിച്ച് യൂറോപ്പിലെ ക്ലബ് ഫുട്ബാളുകൾ. സീസൺ പകുതിപിന്നിടവെയെത്തിയ മഹാമാരിയിൽ കളിക്കളങ്ങൾക്ക് പൂട്ട് വീണതോടെ സാമ്പത്തിക പ്രതിസന്ധിയിലായത് ക്ലബുകളാണ്. വരുമാനവഴികളെല്ലാം അടഞ്ഞതോടെ കളിക്കാരുടെ പ്രതിഫലം മുതൽ ജീവനക്കാരുടെ വരെ നിലനിൽപ്പ് കഷ്ടത്തിലായി.
പ്രതിഫലം വെട്ടിക്കുറച്ചും, സർക്കാർ-അസോസിയേഷൻ സഹായം തേടിയുമെല്ലാമാണ് ആദ്യഘട്ടത്തിൽ പ്രതിസന്ധിയെ നേരിടുന്നത്. ഇനി സീസൺ പുനരാരംഭിച്ചാലും, നടുനിവർത്തി നിൽക്കാൻ കാലങ്ങളെടുക്കും. സീസണിനൊടുവിലെ ട്രാൻസ്ഫർ വിപണിയിലേക്കാണ് ക്ലബുകളുടെ അടുത്ത നോട്ടം. ബാങ്ക്ബാലൻസ് കൂടി കണക്കാക്കി ഏറെ കരുതലോടെയാവും ഇക്കുറി ട്രാൻസ്ഫർ വിപണിയിലെ ഇടപെടലുകൾ. വലിയ ഇടപാടുകളൊന്നും ഇക്കുറിയുണ്ടാവില്ലെന്നുറപ്പ്. അധികമായി കിടക്കുന്ന താരങ്ങളെയും, ലോണിൽ പോയവരെയും മറ്റും വിറ്റഴിക്കും. വൻപ്രതിഫലം പറ്റുന്നവരെയും കൈയൊഴിയാനുള്ള വഴികളും തേടുന്നു.
സ്പെയിനിലെ സൂപ്പർ ജയിൻറ്സ് ആയ റയൽ മഡ്രിഡും ബാഴ്സലോണയും ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റഴിക്കലിനാണ് ഒരുങ്ങുന്നതെന്ന് ‘മാർക’ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ താരങ്ങൾ, ലോണിൽ പോയവർ, പുതിയ താരങ്ങൾ എന്നിവരുൾപ്പെടെ 30 കളിക്കാരെ ഇരു ക്ലബുകളും വിറ്റഴിക്കുമെന്നാണ് സൂചന.
വിൽക്കാനുണ്ട് ബെയ്ൽ, റോഡ്രിഗസ്...
ലോണിൽ ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന മൊറോക്കോ താരം അഷ്റഫ് ഹകിമി തിരിച്ചെത്തുേമ്പാൾ റയൽ ബാക്കിൽ അദ്ദേഹത്തിന് ഇടമുണ്ടാവില്ല. അങ്ങനെയെങ്കിൽ, മികച്ച താരത്തെ പൊന്നും വിലയിൽ തന്നെ സിദാൻ വിൽക്കും. ഡാനി സെബല്ലോസ്, സെർജിയോ റിഗൂലൺ, ജീസസ് വല്ലേജോ, തകേഫുസ കുബോ, ബോർയ മയോറൽ തുടങ്ങിയ ‘ലോൺ റിട്ടേണീസ്’ എന്നിവരെല്ലാം വിൽക്കാനുള്ള പട്ടികയിലാണ്.
കഴിഞ്ഞ സീസണിൽ ലെഗാനസിൽ പേരെടുത്ത ഒസ്കർ റോഡ്രിഗസിനായി അവർ തന്നെ ചരടുവലി തുടങ്ങി. ബയേണിൽ നിന്നും മടങ്ങിയെത്തിയ ഹാമിഷ് റോഡ്രിഗസിനായി അത്ലറ്റികോ മഡ്രിഡ് സജീവമായി രംഗത്തുണ്ട്. ആറു വർഷ കരാർ കഴിയുന്ന റോഡ്രിഗസിനും റയൽ വിടാനാണ് ആഗ്രഹം.
ഗാരെത് ബെയ്ലാണ് ലിസ്റ്റിലെ പ്രമുഖൻ. സീസണിൽ നിരാശപ്പെടുത്തിയ താരത്തെ വലിയ വേതനം നൽകി നിലനിർത്തുക വെല്ലുവിളിയാണ്. വരും ട്രാൻസ്ഫറിൽ കിട്ടിയ വിലയ്ക്ക് ബെയ്ലിനെ വിൽക്കാനുള്ള സന്നദ്ധത ക്ലബ് നേരത്തെ അറിയിച്ചുകഴിഞ്ഞു. യുവൻറസിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ച മാഴ്സലോയും ഹോട് ലിസ്റ്റിലാണ്. ചുരുങ്ങിയത് 10 പേരെങ്കിലും ഇക്കുറി ക്ലബ് വിടുമെന്നതിൽ സംശയമില്ല.
ആവശ്യക്കാരെ കാത്ത് കുടീന്യോ, ഡെംബലെ..
19 പേരെ ബാഴ്സയുടെ ഫസ്റ്റ് ടീമിലുള്ളൂ. അൻസു ഫാത്തി, റിക്വി പിഗ്, ഇനാകി പെന, റൊണാൾഡോ അറായു എന്നീ റിസർവ് താരങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് അവർ സീസൺ പിന്നിടുന്നത്. നെറ്റോ, സെർജിയോ റോബർടോ എന്നിവർ പുതിയ താവളങ്ങൾ തേടിത്തുടങ്ങി. സീനിയറുകളായ സാമുവൽ ഉംറ്റിറ്റി, ഇവാൻ റാകിടിച്ച്, അർതുറോ വിദാൽ, അടുത്തിടെ എത്തിയ മാർട്ടിൻ ബ്രാത്വെയ്റ്റ്, ജൂനിയർ ഫിർപോ എന്നിവരുടെ ഭാവിയിലും ഉറപ്പില്ല. ഇൻറമിലാൻ സ്ട്രൈക്കർ ലോതറോ മാർടിനസ്, യുവൻറസ് മിഡ്ഫീൽഡർ മിറാലം പ്യാനിക്, ഫുൾബാക്ക് മത്യാ ഡി സിഗ്ലിയോ എന്നിവരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഈ വിറ്റഴിക്കൽ ശ്രമം.
കഴിഞ്ഞ സീസൺ മുഴുവൻ പരിക്ക് കാരണം പുറത്തിരുന്ന ഒസ്മാനെ ഡെംബലെയുടെ നിലനിൽപ്പും പ്രശ്നമാണ്. ബയേൺ മ്യൂണിക്കിൽ ലോണിൽ കളിക്കുന്ന ഫിലിപ് കുടീന്യോ തിരിച്ചെത്തിയാൽ നിലനിർത്തൽ കറ്റാലൻമാർക്ക് വെല്ലുവിളിയാവും. െപ്ലയിങ് ഇലവനിൽ ഇടവും, ശമ്പളമായി 50 ദശലക്ഷം യൂറോയും അധിക ബാധ്യതയാവും. ഈ സാഹചര്യത്തിൽ ബ്രസീൽ താരത്തിനായി പുതിയൊരു ആവശ്യക്കാരനെയാവും തേടുന്നത്. മറ്റ് ലോൺ താരങ്ങളായ മൗസ വാഗ്, കാർലസ് അലിന, റഫിഞ്ഞ എന്നിവർക്കും വിറ്റഴിക്കൽ പട്ടികയിലാവും സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.