നിങ്ങൾ ഇയർഫോണുകൾ പതിവായി വൃത്തിയാക്കാത്തവരാണോ..? എങ്കിൽ അപകടമാണ്...!

സംഗീതാസ്വാദകർക്ക് ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് ഇയർഫോൺ. എന്നാൽ, എപ്പോഴെങ്കിലും നിങ്ങളുടെ ഇയർഫോണുകൾ സൂക്ഷ്മമായി പരിശോധിച്ചുനോക്കിയിട്ടുണ്ടോ..? അത് എത്രത്തോളം വൃത്തികേടായിട്ടുണ്ടെന്ന് അപ്പോൾ മനസിലാക്കാം. ഉപയോഗ ശേഷം അലക്ഷ്യമായി റൂമിന്റെ ഏതെങ്കിലും മൂലയിലേക്ക് എറിയുന്ന ഹെഡ്ഫോണുകളും ഇയർ ബഡ്സുകളുമെല്ലാം കാലക്രമേണ വൃത്തിഹീനമായി മാറും.

എങ്കിൽ അറിഞ്ഞോളൂ, വൃത്തിഹീനമായ ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ആളുകളുമായി ഷെയർ ചെയ്തെല്ലാം ഉപയോഗിക്കുന്നവ, ചെവി രോഗങ്ങൾക്ക് കാരണമാകും. അങ്ങനെ ചെയ്യുന്നവർക്ക് ശ്രവണ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കേൾവി ശക്തിയെയും സാരമായി ബാധിച്ചേക്കാം.

വൃത്തിഹീനമായ ഹെഡ്‌സെറ്റുകളുടെ ദീർഘകാല ഉപയോഗം ചെവി കനാലിൽ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് കാരണമാകും. ഈ സാഹചര്യത്തിൽ ചെവി അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിക്കുന്നു, ഇത് ചെവിയിൽ വീക്കം ഉണ്ടാക്കുന്നതിനും ദ്രാവകം അടിഞ്ഞുകൂടുന്നതിനും ഇടയാക്കും.

സുഹൃത്തുക്കളുമായൊക്കെ പങ്കിട്ട് ഉപയോഗിക്കുന്ന ഹെഡ്സെറ്റുകളാണ് കൂടുതൽ അപകടകാരി. കാരണം, ഓരോരുത്തരിലൂടെയും ഉപകരണത്തിലേക്ക് വൈവിധ്യമാർന്ന മൈക്രോബയോമുകൾ പ്രവേശിക്കുകയും അത് ഗുരുതരമായ അണുബാധകളിലേക്ക് നയിക്കുകയും ചെയ്തേക്കാം.

“ഇയർഫോണുകളിലെ ബാക്ടീരിയയുടെ സാന്നിധ്യം ചെവിയിലും ചുറ്റുമുള്ള ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഓഡിറ്ററി സിസ്റ്റത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ ചർമ്മത്തിൽ അലർജിയോ ഇറിറ്റേഷനോ ഉണ്ടാകാം. കൂടാതെ, രോഗപ്രതിരോധ ശേഷ കുറഞ്ഞതോ അല്ലെങ്കിൽ നിലവിലുള്ള ചെവി സംബന്ധമായ അസുഖങ്ങൾ ഉള്ളതോ ആയ വ്യക്തികൾ വൃത്തിഹീനമായ ഹെഡ്‌സെറ്റുകൾ ഉപ​യോഗിക്കുന്നത് കൂടുതൽ അപകടമാകും’’. - പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഇഎൻടി ആൻഡ് സ്ലീപ്പ് ഡിസോർഡർ സ്പെഷ്യലിസ്റ്റ് ഡോ. മുരാർജി ഗാഡ്‌ഗെയുടെ

ഇത്തരം പ്രശ്നങ്ങൾ തടയുന്നതിന് കർശനമായ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഇയർഫോണുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം ഹെഡ്‌സെറ്റുകൾ പതിവായി വൃത്തിയാക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യുന്നതിലൂടെ ബാക്ടീരിയ അണുബാധയെ അകറ്റി നിർത്താം. കൂടാതെ മണിക്കൂറുകളോളം ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക. അര മണിക്കൂർ കൂടുമ്പോഴെങ്കിലും ചെവിയിൽ നിന്ന് ഇയർഫോണുകൾ വേർപ്പെടുത്തി ഇടവേളയെടുക്കുക. 

Tags:    
News Summary - Dirty Earphones Can Lead to Ear Infections and Reduced Hearing Ability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.