തിരുവനന്തപുരം: സംസ്ഥാനത്ത് കുരുന്നുകളെ ആത്മഹത്യയിലേക്കും മാനസിക സംഘർഷത്തിലേക്കും തള്ളിവിട്ട് ഒാൺലൈൻ ഗെയിമുകൾ. ഇത്തരം ഗെയിമുകളുടെ മറവിൽ രക്ഷിതാക്കളുടെ പണം തട്ടുന്ന സംഘങ്ങളും സജീവം. സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്തും വ്യക്തിഗത വിവരങ്ങൾ ചോർത്തിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊലീസ് മുന്നറിയിപ്പ് ആവർത്തിക്കുകയാണ്.
കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഒാൺലൈൻ ഗെയിമുകൾക്ക് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായാണ് പൊലീസിെൻറ പുതിയ കണ്ടെത്തൽ. കുട്ടികളില്‍നിന്ന് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന കേസുകള്‍ സംസ്ഥാനത്ത് ദൈനംദിനം റിപ്പോർട്ട് ചെയ്യുകയാണ്. ഇത്തരം ഗെയിമുകൾ വാങ്ങാൻ ആദ്യം നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറിൽ നിന്നും നിരന്തരം പണം തട്ടുകയാണെന്നാണ് കണ്ടെത്തൽ.
ഇത്തരം സാമ്പത്തിക തട്ടിപ്പിനെതിരെ സൈബര്‍ നിരീക്ഷണവും ബോധവത്കരണവും ശക്തിപ്പെടുത്താനാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള സൈബർഡോമിെൻറ നീക്കം. കുട്ടികളിൽ നിന്നാണ് ഇത്തരം കബളിപ്പിക്കലിന് വിധേയരായവരുടെ അക്കൗണ്ട് നമ്പറുകളിൽ ഏറെയും ഇൗ തട്ടിപ്പുകാർക്ക് ലഭിച്ചത്. സാമ്പത്തിക തട്ടിപ്പിനൊപ്പം ലൈംഗിക ചൂഷണത്തിനുള്ള സാധ്യതയും ഇതിന് പിന്നിലുണ്ടെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നു.
കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്നെന്നും ഇതിൽ രക്ഷിതാക്കളുടെ ശ്രദ്ധ വേണമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും കുട്ടികൾ ഏറെ ഇഷ്ടപ്പെടാറുണ്ട്. ലോ എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും ഇവ പൊരുത്തപ്പെടുന്നതും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതും കുട്ടികളെ ഇത്തരം ഗെയിമുകളിലേക്ക് ആകർഷിക്കുന്നു. പിന്നീട് കുട്ടികൾ പെട്ടന്നുതന്നെ ഇതിന് അഡിക്റ്റ് ആകുകയും ചെയ്യുന്നു. ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. പല കോണുകളിൽ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരുപക്ഷെ ലൈംഗിക ചൂഷകരോ ഡാറ്റാ മോഷ്ടാക്കളോ മറ്റ് ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവർ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.
ഈ ഗെയിമിലൂടെ യഥാർഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു. ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയുമുണ്ടാകുന്നു. ഇത്തരം ഗെയിമുകളുടെ നിരോധനം ശാശ്വത പരിഹാരമല്ല. അതിനാല്‍ കുട്ടികളുടെ മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ മാതാപിതാക്കളുടെ നിരന്തര ജാഗ്രത വേണമെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്. കുട്ടികളുടെ മൊബൈല്‍ ഫോൺ ഉപയോഗത്തിെൻറ സമയം നിയന്ത്രിക്കണം. അവരുടെ കലാ-കായിക വിനോദങ്ങളടക്കം മറ്റു മേഖലകളിലേക്ക് വഴി തിരിച്ചുവിടണം. കൈവിട്ടുപോകുന്ന സാഹചര്യം കണ്ടാല്‍ പൊലീസിെൻറ 'ചിരി' ഹെൽപ്ലൈനിൽ വിളിച്ച് സഹായം തേടാം.
പ്രൊഫൈൽ ചിത്രങ്ങൾ ലോക്ക് ചെയ്യുക
സാമൂഹിക മാധ്യമങ്ങളിൽ പ്രൊഫൈലായി സ്വന്തം ചിത്രങ്ങൾ മാറ്റിമാറ്റിയിട്ട് ആനന്ദം കാണുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ, ജാഗ്രത പാലിക്കണമെന്നും പൊലീസ് പറയുന്നു. പലരും ഇത്തരത്തിലിടുന്ന ചിത്രങ്ങൾ അശ്ലീല സൈറ്റുകളുടേയും പബ്ലിക്കേഷനിൽ ഉപയോഗിക്കപ്പെേട്ടക്കാം. അത്തരത്തിൽ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ അക്കാര്യത്തിലും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ അശ്ലീല സൈറ്റുകളുടെയും അപ്ലിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾ വ്യാപകമാണ്. ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കുകയെന്നും പൊലീസ് നിർദേശിക്കുന്നു. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ ഉടൻ പൊലീസ് സഹായം തേടണമെന്നും പൊലീസ് ഉപദേശിക്കുന്നു.
എസ്.എം.എസ് ആയോ ഇ-മെയിലിലൂടെയോ വാട്സ്ആപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് നിർദേശിക്കുന്നു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണെന്ന വ്യാജേന ഒരു ഡോക്യുമെൻറ്, വീഡിയോ അല്ലെങ്കിൽ സോഫ്ട്‍വെയർ എന്നിവ ഏതെങ്കിലും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇ-മെയിൽ അയക്കും. ഇത്തരം മെയിലുകളിൽ മാൽവെയർ ഹാക്കർമാർ കടത്തി വിടുന്നു. ഇവ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വഴി ഇവയിൽ ഹാക്കർമാർ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മാൽവെയറുകൾ നിങ്ങളുടെ സിസ്റ്റത്തിലേക്ക് പ്രവേശിക്കും.
എസ്.എം.എസ് ആയി ലഭിക്കുന്ന ടെക്സ്റ്റുകളിലും ഇത്തരത്തിൽ ഒരു ഫിഷിങ് വെബ്സൈറ്റിലേക്ക് നയിക്കുന്ന ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും (സ്മിഷിങ്). ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് വഴി, വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ഇരയെ പ്രേരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്ന രീതിയാണുള്ളതെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. അതിനാൽ ഇക്കാര്യങ്ങളിൽ കടുത്ത ജാഗ്രത വേണമെന്നാണ് പൊലീസിെൻറ ഉപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.