‘ആളുകൾക്ക് ഇഷ്ടംപോലെ ഡാറ്റ ലഭിക്കുന്നു, ഈ പോക്ക് ശരിയല്ല’; മൊബൈൽ നിരക്ക് വർധനയുടെ സൂചനയുമായി എയർടെൽ ചെയർമാൻ

രാജ്യത്ത് മൊബൈൽ നിരക്കുകൾ വീണ്ടും കൂടിയേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം പകുതിയോടെ താരിഫ് വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തലാണ് സൂചന നൽകിയിരിക്കുന്നത്. പല സർക്കിളുകളിൽ നിന്നായി മിനിമം റീചാർജ് പ്ലാൻ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് എർടെലിന്റെ പുതിയ തീരുമാനം.

എയർടെൽ കഴിഞ്ഞ ദിവസം അവരുടെ 99 രൂപയുടെ മിനിമം റീചാർജ് പ്ലാൻ ഒഴിവാക്കിയിരുന്നു. പകരം പ്ലാൻ നിരക്ക് 57 ശതമാനം വർധിപ്പിച്ച് 155 രൂപയാക്കുകയും ചെയ്തു.

നിലവിൽ കമ്പനി വിപണിയിൽ നിന്ന് കുറഞ്ഞ വരുമാനമാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും അതിനാൽ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനായി, 2023 പകുതിയോടെ എയർടെൽ റീചാർജ് പ്ലാനുകളുടെ താരിഫ് ഉയർത്തുമെന്നും മൊബൈൽ വേൾഡ് കോൺഗ്രസിൽ മാധ്യമങ്ങളോട് സംസാരിക്കവേ മിത്തൽ പറഞ്ഞു.

ആളുകൾ മുടക്കുന്ന പണത്തിനേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വിപണികളിലും വിലക്കയറ്റമുണ്ടായി, അതിൽ ആർക്കും പരാതികളൊന്നുമില്ല. അതുകൊണ്ട് തന്നെ റീചാർജ് പ്ലാനുകളുടെ താരിഫ് ഉയർത്തുന്നതും ആളുകളെ കാര്യമായി ബാധിക്കില്ല. എല്ലാ മേഖലകളിലും ശമ്പളവും കൂടിയിട്ടുണ്ട്. ഒന്നും നൽകാതെ ആളുകൾ 30 ജിബി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം തന്നെ ടെലികോം ഭീമൻമാരെല്ലാം 10 മുതൽ 25 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2021 നവംബറിൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ 18 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചിരുന്നു. പുതിയ നീക്കത്തിലൂടെ ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയർത്താനാണ് ടെലികോം കമ്പനികൾ പദ്ധതിയിടുന്നത്.

Tags:    
News Summary - Airtel recharge tariffs might increase by mid-2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.