ഫോൺ വെള്ളത്തിൽ വീണാൽ ‘അരിയിൽ വെക്കരുത്..! പകരം, -ആപ്പിളിന് പറയാനുള്ളത് ഇതാണ്..

ഫോൺ വെള്ളത്തിൽ വീണാൽ മിക്കയാളുകളും ചെയ്യുന്ന കാര്യമാണ് ‘അരിയിൽ വെക്കൽ’. അങ്ങനെ ചെയ്താൽ ഫോണിനെ കേടുകൂടാതെ രക്ഷിച്ചെടുക്കാമെന്നാണ് പലരുടെയും ധാരണ. എന്നാൽ, മിഥ്യാധാരണ പൊളിച്ചടുക്ക​ുകയാണ് സാക്ഷാൽ ആപ്പിൾ.

ഫോൺ അരിയിൽ പൂത്തിവെക്കുന്ന രീതി യഥാർത്ഥത്തിൽ ഫോണിന് കൂടുതൽ കേടുവരുത്തുകയാണ് ചെയ്യുകയെന്ന് ആപ്പിൾ പറയുന്നു. അരിയുടെ ചെറിയ കണികകൾ ഫോണിലേക്ക് പ്രവേശിക്കുകയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമത്രേ.

ഇവ കൂടാതെ അത്തരം സാഹചര്യങ്ങളിൽ ഹെയർ ഡ്രെയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ആപ്പിൾ നിർദേശിക്കുന്നു. അതുപോലെ, ചാർജിങ് പോർട്ടുകളിൽ പേപ്പർ ടവലുകളോ കോട്ടൻ പഞ്ഞിയോ ഉപയോഗിക്കരുതെന്നും കമ്പനി അറിയിച്ചു.

നനഞ്ഞ ഐഫോണുകളെ രക്ഷിക്കാനായി ആപ്പിൾ നൽകുന്ന ഉപദേശം മറ്റൊന്നാണ്. ഫോണിനകത്ത് പ്രവേശിച്ച ദ്രാവകം നീക്കം ചെയ്യുന്നതിനായി കണക്റ്റർ താഴെ വരുന്ന രീതിയിൽ ഐഫോൺ കൈയ്യിൽ പിടിക്കുക. ശേഷം മറ്റേ കൈയ്യിലേക്ക് ഫോൺ മൃദുവായി ടാപ്പുചെയ്യാൻ ആപ്പിൾ ശുപാർശ ചെയ്യുന്നു. ശേഷം നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും ഫോൺ ഉണങ്ങാന്‍ വെക്കണം.

ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 30 മിനിറ്റ് കാത്തിരിക്കുക. അലര്‍ട്ട് വീണ്ടും വരികയാണെങ്കില്‍ കുറച്ച് മിനിറ്റ് കൂടി കാത്തിരിക്കുക. ശരിക്കും ഉണങ്ങാന്‍ 24 മണിക്കൂര്‍ വരെ എടുത്തേക്കാം. ആ സമയപരിധി വരെ ഉപയോക്താക്കള്‍ക്ക് ലിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് കാണാനാകുമെന്നും കമ്പനി വ്യക്തമാക്കി. ഫോൺ നനഞ്ഞിരിക്കുമ്പോൾ ചാർജ് ചെയ്യുന്നത് കഴിവതും ഒഴിവാക്കാനും ആപ്പിൾ നിർദേശിക്കുന്നു. 

Tags:    
News Summary - Apple Advises Against Using Rice Bags to Revive Wet iPhones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.