എ.ഐ ഡോക്ടർ സേവനവുമായി ആപ്പിൾ ഹെൽത്ത് ആപ്പ്

'എ.ഐ ഡോക്ടർ' സേവനവുമായി ആപ്പിൾ ഹെൽത്ത് ആപ്പ്

ആപ്പിൾ തങ്ങളുടെ ഹെൽത്ത് ആപ്പിനെ പൂർണമായും നവീകരിക്കാൻ ഒരുങ്ങുകയാണ്. എ.ഐയുടെ സഹായത്തോടെ ആരോഗ്യ പരിപാലന മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

പുതിയ ഫീച്ചറുകൾക്ക് 'പ്രോജക്ട് മൾബറി' എന്നാണ് പേര് നൽകിയിരിക്കുന്നത്. നിലവിൽ ഇത് പരീക്ഷണഘട്ടത്തിലാണ്. ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങൾ മനസ്സിലാക്കി ഉപദേശങ്ങളിലൂടെ സഹായിക്കുക എന്നതാണ് ഈ പ്രോജക്ടിന്‍റെ ലക്ഷ്യം.

ആപ്പിള്‍ വാച്ച് ഒരു മികച്ച ഹെല്‍ത്ത് ട്രാക്കര്‍ ആണ്. ആപ്പിൾ വാച്ചിൽ അവ അണിയുന്ന ആളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്‍റെ അളവ് ഉൾപ്പടെയുള്ള കാര്യങ്ങൾ കാണാൻ സാധിക്കും. പുതിയ ഹെൽത്ത് ആപ്പ് വരുന്നതോടെ ഈ ഡേറ്റകൾ പരിശോധിച്ച് വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള പൂർണമായ അറിവ് ലഭിച്ചേക്കും. ഇതിനായി എ.ഐ ഏജന്‍റ് പ്രയോജനപ്പെടുത്തും.

അടുത്തിടെ ഇറങ്ങിയ പവര്‍ബീറ്റ്‌സ് പ്രോ 2 ഇയര്‍ഫോണിലും ഹാര്‍ട്ട് റേറ്റ് മോണിട്ടര്‍ ഉണ്ട്. ഇനി ഇറക്കാന്‍ പോകുന്ന എയര്‍പോഡ്‌സ്, എയര്‍പോഡ്‌സ് പ്രോ ഇയര്‍ഫോണുകളിലും കൂടുതൽ ഹെൽത്ത് ഫീച്ചറുകൾ കമ്പനി കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ആപ്പിൽ എ.ഐ ഡോക്ടര്‍ക്ക് വ്യക്തിയുടെ ശരീരത്തില്‍ നിന്നു ശേഖരിക്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തില്‍ വൈദ്യോപദേശം നല്‍കാന്‍ സാധിച്ചേക്കും. കഴിക്കുന്ന ഭക്ഷണമടക്കം ട്രാക്ക് ചെയ്യാനും വേണ്ട ക്രമീകരണങ്ങള്‍ പറഞ്ഞു തരാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

ഐഫോണ്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ ഉപകരണങ്ങളില്‍ അത് പ്രവര്‍ത്തിച്ചേക്കും. എന്നാല്‍, ഈ സേവനങ്ങൾ ലഭ്യമാകുന്നത് ഹെല്‍ത്ത് പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നാണ് സൂചന.

നിലവില്‍ ആപ്പിളിന്റെ ഫിസിഷ്യന്‍സ് എ.ഐ ഡോക്ടര്‍ക്ക് ഡേറ്റാ വിശകലനം ചെയ്യാനുള്ള പരീശീലനം നല്‍കുകയാണ്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ഉൾപ്പെടുത്തി ഈ സംവിധാനത്തെ മെച്ചപ്പെടുത്താനാണ് ആപ്പിളിന്‍റെ നീക്കം.

Tags:    
News Summary - Apple Health app with 'AI Doctor' service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.