വാട്സ്ആപ്പിന് പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ നൽകിയ തിരിച്ചടി ഏറ്റവും ഗുണകരമായി മാറിയ ആപ്പുകളിലൊന്നാണ് ടെലിഗ്രാം. ഇൗയടുത്താണ് അവർ '500 മില്യൺ ആക്ടീവ് യൂസർമാർ' എന്ന നേട്ടത്തിലെത്തിയതും. എന്നാൽ, അമേരിക്കയിൽ ഇപ്പോൾ ടെലിഗ്രാമിന് ചെറിയൊരു പണി വരുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. രാജ്യത്തെ 'സേഫർ വെബ് കൂട്ടായ്മ' ആപ്പിളിനെതിരെ ഒരു പരാതിയുമായി കോടതി കയറിയിരിക്കുകയാണ്. അതാകെട്ട ടെലഗ്രാമിനെ ലക്ഷ്യമിട്ടുള്ളതും.
കാപിറ്റൽ കലാപവുമായി ബന്ധപ്പെട്ട് ട്രംപ് അനുകൂല തീവ്രവാദികൾ വിദ്വേഷം പരത്താനും ആക്രമണത്തിന് ആഹ്വാനം ചെയ്യാനും ഉപയോഗിച്ചെന്ന് കാട്ടി മെസ്സേജിങ് ആപ്പായ പാർലറിനെ ആപ്പിൾ അവരുടെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ, ടെലിഗ്രാമും കലാപകാരികൾ ഉപയോഗിച്ചിട്ടുണ്ടെന്നും അതിനെ എന്തുകൊണ്ട് നീക്കം ചെയ്യുന്നില്ലെന്നുമാണ് പരാതിക്കാർ ചോദിക്കുന്നത്.
വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് സുരക്ഷിതമായ വെബ്ബിന് വേണ്ടി പ്രവർത്തിക്കുന്ന നോൺ-പ്രൊഫിറ്റ് കൂട്ടായ്മയും അംബാസഡർ മാർക് ഗിൻസ്ബർഗുമാണ് ആപ്പിളിനെതിരെ പരാതി നൽകിയത്. കാപിറ്റൽ കലാപ സമയത്ത് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഭയപ്പെടുത്തുന്നതിനും അനുസരിപ്പിക്കുന്നതിനും മെസ്സേജിങ് ആപ്പ് ഉപയോഗിക്കുന്നു എന്ന അറിവുണ്ടായിട്ടും ആപ്പ് സ്റ്റോറിൽ തുടരാൻ ടെലിഗ്രാമിനെ അനുവദിച്ചു എന്ന് കാട്ടിയാണ് ആപ്പിളിനെതിരെ കേസ് നൽകിയത്. ആപ്പിൾ അവരുടെ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ ടെലിഗ്രാമും നീക്കം ചെയ്യണമെന്നും 55 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
ഉപയോക്താക്കൾ പോസ്റ്റുചെയ്ത ഉള്ളടക്കം നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിെൻറ പേരിൽ ഗൂഗിൾ, ആപ്പിൾ, ആമസോൺ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെക് ഭീമന്മാർ പാർലറിനെ അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കിയിരുന്നു. യുഎസിലെ കാപിറ്റൽ കലാപങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും ഈ അപ്ലിക്കേഷൻ ഉപയോഗിച്ചു എന്നതാണ് ആരോപണം. അതിന് തൊട്ടുപിന്നാലെയാണ് ടെലിഗ്രാമിനെതിരെയും പരാതി വരുന്നത്.
അതേസമയം സംഭവത്തിൽ ടെലിഗ്രാം പ്രതികരണവുമായി എത്തിയിരുന്നു. ''കഴിഞ്ഞയാഴ്ച, പതിനായിരക്കണക്കിന് യൂസർമാരിൽ എത്തിച്ചേരാനിടയുള്ള അക്രമത്തിനായുള്ള നൂറുകണക്കിന് പൊതു ആഹ്വാനങ്ങൾ ഞങ്ങളുടെ മോഡറേറ്റർമാർ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അക്രമത്തെ നേരിട്ട് പ്രേരിപ്പിക്കുന്ന ഉള്ളടക്കം മുൻകൂട്ടി നീക്കംചെയ്യുന്നതിന് പുറമേ ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ ടീം പ്രോസസ്സ് ചെയ്യുന്നതും തുടരുന്നുണ്ട്, " - ടെലിഗ്രാം സ്ഥാപകൻ പാവെൽ ഡുറോവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.