വിവിധ ഓൺലൈൻ തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഷോപ്പിങ്ങിനും കടകളിലും മറ്റുമെല്ലാം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പേയ്മെന്റ് സാധാരണയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതുവഴി ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യവും കൂടുകയാണ്.
പണം നൽകാൻ എന്ന വ്യാജേന പേയ്മെന്റ് ലിങ്കുകൾ അയച്ച് അവയിൽ പിൻ നമ്പർ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് തട്ടിപ്പുകാരുടെ പുതിയ രീതി. പണം സ്വീകരിക്കാനാണെന്ന് കരുതി പിൻ നമ്പർ നൽകുമ്പോഴേക്കും നമ്മുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ സ്വീകരിക്കാൻ അഞ്ച് മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ് പൊലീസ്. ഈ നിർദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ തട്ടിപ്പിൽ വീഴാതെ രക്ഷപ്പെടാനാകും.
കോവിഡ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾക്കാണ് ചാകരയായത്. ഇടപാടുകളേറെയും ഓൺലൈനായതോടെ അറിഞ്ഞും അറിയാതെയും വൻ തുകയാണ് പലർക്കും നഷ്ടം. പാസ്വേഡുകൾ കൈമാറുന്നതും അജ്ഞാത അക്കൗണ്ടുകളിലേക്ക് പണമയക്കുന്നതും അറിയാത്തവരുമായി ചാറ്റ് ചെയ്യുന്നതുമെല്ലാമാണ് മിക്കവരെയും കെണിയിലാക്കുന്നത്. വ്യാജ ഇ-മെയിൽ സൃഷ്ടിച്ചും ഒ.എൽ.എക്സ് സൈറ്റിലെ പരസ്യത്തിന്റെ പേരിലും ഹണിട്രാപ്പിലൂടെയും ഓൺലൈൻ ലോട്ടറി, സിം ആക്ടിവേഷൻ എന്നിവയുടെ പേരിലുമെല്ലാം വൻ തട്ടിപ്പാണ് നടക്കുന്നത്.
കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ ഗൃഹനാഥന്റെ അനുഭവം നോക്കാം: ഫേസ്ബുക്കിൽ വിഡിയോസ് കാണവെ 'അജ്ഞാത സുന്ദരി' മെസഞ്ചർ നഗ്നയായി ഇതേപോലെ കാണിക്കാനാവശ്യപ്പെട്ടു. 'ശൃംഗാര കോൾ' അവസാനിച്ചപാടെ വന്നു യുവാവിന്റെ നഗ്നദൃശ്യങ്ങൾ മെസഞ്ചറിൽ. ഉടൻ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുകയും പണം അയക്കാനാവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചതോടെ ദൃശ്യങ്ങൾ ഇൻറർനെറ്റിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്നായി ഭീഷണി.
ഇതോടെ, ബംഗളൂരുവിലെ സുഹൃത്ത് വഴി 5000 രൂപ അയച്ചു. ഉത്തരേന്ത്യയിലുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്നും ഹൈദരാബാദിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നുമാണ് തട്ടിപ്പിനിരയായ യുവാവ് പറയുന്നത്. വിഡിയോ കാളിനിടെ പ്രത്യേക ആപ്പുവഴി നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് ബ്ലാക്മെയിലിങ് ചെയ്യുകയാണ് ഇവരുടെ രീതി. നിരവധി പേർ ഇത്തരക്കാരുടെ കെണിയിൽ വീഴുന്നുണ്ടെങ്കിലും മിക്കവരും മാനഹാനി ഭയന്ന് പരാതിപ്പെടാത്തതും ഇവർക്ക് തുണയാവുകയാണ്.
സിം കാർഡ് ആക്ടിവേഷന്റെ പേരിൽ ബി.എസ്.എൻ.എല്ലിനെ മറയാക്കിയും തട്ടിപ്പ് നിരവധിയാണ്. കൊയിലാണ്ടിയിലെ അധ്യാപകൻ സിം വാങ്ങിയതോടെ മേൽവിലാസം ഉറപ്പാക്കാൻ ഫോണിൽ വിളി വന്നു. പിന്നീട് സിം ആക്ടിവേറ്റാകാൻ ഈ നമ്പറിൽ വിളിക്കണമെന്ന് മെസേജ് വന്നു. നമ്പറിൽ വിളിച്ചതോടെ സാങ്കേതിക പ്രശ്നമുണ്ടെന്നും കിട്സ് സപ്പോർട്ട് ആപ് ഫോണിൽ ഡൗൺലോഡ് ചെയ്ത് സ്ക്രീൻ ഷെയർ ചെയ്യാനും നിർദേശിച്ചു. പത്തുരൂപ ഒരു അക്കൗണ്ടിലേക്ക് അയക്കുകകൂടി ചെയ്തതോടെ അക്കൗണ്ടിൽനിന്നും പണം കുറയാൻ തുടങ്ങി. അക്കൗണ്ടിലുണ്ടായിരുന്ന 33,248 രൂപയിൽ 33,000 രൂപയാണ് നഷ്ടമായത്. ഈ തട്ടിപ്പ് വ്യാപകമായതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുതെന്ന് ബി.എസ്.എൻ.എൽ തന്നെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ പത്തുരൂപ ട്രാൻസ്ഫർ ചെയ്യാനാവശ്യപ്പെട്ട് തൊണ്ടയാട് ബൈപ്പാസിലെ വനിത ഡോക്ടറിൽനിന്ന് ആറരലക്ഷം കവർന്നത് അടുത്തിടെ സൈബർ പൊലീസ് തിരിച്ചുപിടിച്ചതാണ് ആശാവഹമായത്. എന്നാൽ, ബാങ്കുകളുടെ കെ.വൈ.സിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഇപ്പോൾ കൂടിയിട്ടുണ്ട്. വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി 'പണം കടം'വാങ്ങുന്നതിനും നിരവധി പേരാണ് ഇരകളായത്.
ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീറിന്റെയും ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയുടെയും ഫോട്ടോ ഡി.പിയാക്കിവരെ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടു. മലയാളികളുടെ സഹായത്തോടെ ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിനു പിന്നിൽ. +91 7428453809 എന്ന നമ്പർ ഉപയോഗിച്ചാണ് ഇരുവരുടെയും പേരിൽ അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടത്. പൊലീസുകാരുടെ പേരിലും വ്യാജ അക്കൗണ്ടുകളുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോണിൽനിന്ന് 5,000 രൂപയുടെ അഞ്ച് ഗിഫ്റ്റ് കാർഡുകൾ 25,000 രൂപക്ക് വാങ്ങി prodpect.organization2000@mail.ru എന്ന വിലാസത്തിലേക്ക് അയക്കാനാവശ്യപ്പെട്ടും തട്ടിപ്പ് നടത്തുന്നുണ്ട്.
എറണാകുളത്തെ ജ്വല്ലറിയുടെ ഓൺലൈൻ മത്സരത്തിൽ സമ്മാനം ലഭിച്ചെന്ന് പറഞ്ഞുള്ള തട്ടിപ്പിനും നിരവധി പേർ ഇരകളായി. സമ്മാനം കിട്ടിയ സ്വർണ കമ്മൽ പോസ്റ്റ് ഓഫിസിലെത്തുമ്പോൾ 1000 രൂപ അടച്ച് വാങ്ങണമെന്നാവശ്യപ്പെടുന്നതിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തന്ത്രത്തിൽ ചോദിച്ചാണ് തട്ടിപ്പ്.
മലയാളി സ്ത്രീയാണ് വിളിച്ചതെന്ന് ഇത്തരം കാൾ വന്ന പന്നിയങ്കര സ്വദേശി പറയുന്നു. വീട് വാടകക്ക് നൽകാനുണ്ടെന്ന് ഒ.എൽ.എക്സിൽ പരസ്യം നൽകിയതോടെ പട്ടാളക്കാരനെന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ച് തട്ടിപ്പ് നടത്തിയതും അടുത്ത കാലത്താണ്. കനകാലയ ബാങ്കിനടുത്തുള്ള വീട് ഇഷ്ടമായെന്ന് പറഞ്ഞ് ഇയാൾ ആർമി ഓഫിസാണ് വീട്ടുവാടക അക്കൗണ്ടിലേക്കിടുക എന്നുപറഞ്ഞ് ഉടമയുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കുകയും പരിശോധനക്ക് പത്തുരൂപ അയക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പണമയച്ചതിനുപിന്നാലെ അക്കൗണ്ടിൽനിന്ന് പതിനായിരം രൂപ നഷ്ടമായി. ഉടൻ സൈബർ സെല്ലിലറിയിച്ച് അക്കൗണ്ട് മരവിപ്പിച്ചതിനാലാണ് കൂടുതൽ പണം നഷ്ടമാകാതിരുന്നത്.
ഓൺലൈൻ ഗെയിമുകളുടെ മറവിൽ ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തുന്ന സംഭവങ്ങളും നിരവധിയാണ്. മക്കളുടെ ഓൺലൈൻ ഗെയിമിനിടെ കല്ലായി സ്വദേശിനിയായ മാതാവിന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. പാസ്വേഡുകൾ കൈമാറ്റം ചെയ്യപ്പെട്ടതോടെയാണ് അക്കൗണ്ടിലെ പണം നഷ്ടമായത്.
ഓൺലൈൻ സംവിധാനത്തിലെ ഒരു യൂസർ നെയിമും പാസ്വേഡും ആർക്കും കൈമാറരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഒരാളുടെ ഫേസ്ബുക്കിന്റെയോ ഓൺലൈൻ ഗെയിമിന്റെയോ ഇ-മെയിലിന്റെയോ പാസ്വേഡ് ലഭിച്ചാൽ ഗൂഗ്ൾ ഡ്രൈവിലെ ഫയലിൽ സൂക്ഷിച്ച വിവരങ്ങൾ ചോർത്താൻ കഴിയും. മാത്രമല്ല ബാങ്ക് അക്കൗണ്ടിലെ പണവും അപഹരിക്കാനാവുമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.