ചെന്നൈ: ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ രണ്ടാം തവണയും ഐകകണ്ഠ്യേന പാസാക്കി. നേരത്തെ ഇതേ ബിൽ നിയമസഭ പാസാക്കി ഗവർണർ ആർ.എൻ. രവിക്ക് അയച്ചെങ്കിലും അദ്ദേഹം ബിൽ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമ നിർമാണം നടത്താൻ നിയമസഭക്ക് അധികാരമില്ലെന്നും ബിൽ ഒട്ടനവധി കോടതി വിധികൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ തിരിച്ചയച്ചത്.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും ഇതേ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഓൺലൈൻ ചൂതാട്ടത്തിൽ പണം തുലച്ച 41 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 17 ലക്ഷം രൂപ നഷ്ടപ്പെട്ട സുരേഷ് കുമാർ എന്നയാൾ തന്റെ ആത്മഹത്യ കുറിപ്പിൽ ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സ്റ്റാലിൻ ബിൽ അവതരിപ്പിക്കവെ പറഞ്ഞു.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഹൈകോടതിയിലെ റിട്ട. ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് രൂപം നൽകിയത്. സമിതി പൊതുജനങ്ങളിൽനിന്നും അഭിപ്രായം തേടിയിരുന്നു.
2022 ഒക്ടോബർ 19ന് നിയമസഭയിൽ പാസാക്കിയ ഒക്ടോബർ 26ന് ഗവർണറുടെ അനുമതിക്കായി അയച്ചു. പിന്നീട് 131 ദിവസത്തിനുശേഷം ഗവർണർ ചില തടസ്സവാദങ്ങളുന്നയിച്ച് ബിൽ തിരിച്ചയക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ട നിരോധന നിയമം പാസാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ടോയെന്ന ഡി.എം.കെ -എം.പി എസ്. ആർ പാർത്ഥിപന്റെ പാർലമെന്റിലെ ചോദ്യത്തിന് സംസ്ഥാനങ്ങൾക്ക് ഇതിന് അധികാരമുണ്ടെന്ന കേന്ദ്ര മന്ത്രി അനുരാഗ് ഠാകുറിന്റെ മറുപടിയും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെയും ബില്ലിനെ പിന്തുണച്ചു. ശബ്ദവോട്ടോടെയാണ് സഭ ബിൽ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.