ലോകത്തെ ഏറ്റവും ജനകീയമായ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയുടെ സാധ്യതകളെക്കുറിച്ച് ആവേശത്തോടെയും കൗതുകത്തോടെയുമാണ് ആളുകൾ സംസാരിക്കാറുള്ളത്. ചോദിച്ചാൽ എന്തും സാധിച്ചുതരുന്ന ഉപകരണമെന്ന നിലയിലാണ് ചാറ്റ് ബോട്ടുകളെ ഉപയോക്താക്കൾ സമീപിക്കാറുള്ളതും. അത് ശരിയുമാണ്. ഉദാഹരണത്തിന്, യു ട്യൂബിൽ എങ്ങനെ നല്ലൊരു വിഡിയോ നിർമിക്കാമെന്ന് ചോദിച്ചാൽ മികച്ച നിർദേശങ്ങളടങ്ങിയ മറുപടി ഉടൻ ലഭിക്കും. ചില ചാറ്റ് ബോട്ടുകൾ ഒരു വിഡിയോതന്നെ നിർമിച്ച് കാണിക്കുകയും ചെയ്യും. പക്ഷേ, എങ്ങനെ ഒരു ആയുധം നിർമിക്കാം, അല്ലെങ്കിൽ ആണവായുധം വികസിപ്പിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് ചാറ്റ് ജി.പി.ടിയിൽനിന്ന് മറുപടിയൊന്നും ലഭിക്കില്ല.
ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐയുടെ നയത്തിന്റെ ഭാഗമാണത്. മാനവകുലത്തിന് ദോഷകരമായ ഒരു കാര്യത്തിനും കൂട്ടുനിൽക്കില്ലെന്നാണ് കമ്പനിയുടെ പോളിസി. പക്ഷേ, ജനുവരി 11ന് ഈ പോളിസിയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണവർ. ‘മിലിട്ടറി’, ‘യുദ്ധം’ തുടങ്ങിയ വാക്കുകളൊന്നും ഇനിയങ്ങോട്ട് നിഷിദ്ധമാകില്ലെന്നാണ് പുതിയ നയം. ഇതനുസരിച്ച്, ആയുധ നിർമാണത്തെക്കുറിച്ച ചോദ്യത്തിന് ചില സൂചനകളെങ്കിലും മറുപടിയായി ലഭിക്കും. ‘ദി ഇന്റർസെപ്റ്റ്’ എന്ന ജേണലാണ് ഓപൺ എ.ഐയുടെ നയംമാറ്റം റിപ്പോർട്ട് ചെയ്തത്.
അടുത്തകാലത്തായി പെന്റഗൺ പോലുള്ള സംഘങ്ങളുമായി ചേർന്ന് ഓപൺ എ.ഐ ചില പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. സൈബർസുരക്ഷയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണവ. സ്വാഭാവികമായും പെന്റഗണിന്റെ ഇത്തരം പരിപാടികൾ സൈനികാവശ്യങ്ങൾക്കു കൂടിയാവും. അമേരിക്കയുടെ ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജക്റ്റ് ഏജൻസിയുമായി ചേർന്നും ഓപൺ എ.ഐ പ്രവർത്തിക്കുന്നുണ്ട്. ഇവയത്രയും സൈനികാവശ്യങ്ങൾക്കുള്ളതാണ്.
ഇതിന്റെ ഭാഗമായിട്ടാണ് നയം മാറ്റം. വലിയ ആശങ്കകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് ആണവായുധങ്ങൾവരെ വികസിപ്പിക്കാൻ ഈ നയം മാറ്റത്തിലൂടെ സാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.