ചായക്കടകളും ബാർബർ ഷോപ്പുകളും മുതൽ കഫേകൾ വരെ മലയാളിക്ക് രാഷ്ട്രീയവും സാംസ്കാരികവുമായ ചർച്ചകൾക്കുള്ള വേദിയാണ്. അത്തരത്തിൽ ഘോരമായ സംവാദങ്ങൾക്കും രസകരമായ സംഭാഷണങ്ങൾക്കുമുള്ള ഏറ്റവും പുതിയ വേദിയാണ് 'ക്ലബ് ഹൗസ്'. രാഷ്ട്രീയം, സാഹിത്യം, സിനിമ, ചരിത്രം, സ്‌പോർട്‌സ്, ആരോഗ്യം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചാ മുറികൾ ക്ലബ് ഹൗസിൽ ഓരോ ദിവസവും തുടരുകയും അവസാനിക്കുകയും ചെയ്യുന്നുണ്ട്. ക്ലബ് ഹൗസിന്റെ ആരംഭം മുതൽ ഇന്നുവരെ ഇടവേളകളില്ലാതെ സംസാരിക്കുന്ന ചർച്ച മുറികളിൽ കേരളത്തിൽനിന്നുള്ള മൂവർ സംഘവും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല റൂമിനുള്ള ക്രീക്റ്റീവ് ഫസ്റ്റ് അവാർഡ് നേടിയ ഈ ചർച്ചാമുറിയുടെ കാവൽക്കാരാണ് ബിജി കുര്യൻ, അരബിന്ദ് ചന്ദ്രശേഖർ, തോമസ് സക്കറിയ എന്നിവർ.
സൗഹൃദം
ബിസിനസ് മേഖലയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് മൂവരും. ബി.എൻ.ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷനൽ) അംഗങ്ങളെന്ന പരിചയത്തിൽനിന്നാണ് മൂവരുടെയും സൗഹൃദം ഉടലെടുക്കുന്നത്. ബിജി കുര്യൻ അഡ്വർടൈസിങ് മേഖലയിൽ പ്രവർത്തിച്ചുവരുകയാണ്. ജെആൻഡ് ബി അസോസിയേറ്റ്സിന്റെ സഹസ്ഥാപകനും ബ്രാൻഡ് കൺസൽട്ടന്റുമാണ് ബിജി. ഇവന്റ് മാനേജ്മെന്റ് മേഖലയിൽ പ്രാവീണ്യം തെളിയിക്കുകയാണ് കടവന്ത്ര സ്വദേശി അരവിന്ദ് ചന്ദ്രശേഖർ. എറണാകുളത്ത് പ്രവർത്തിക്കുന്ന ടാമറിണ്ട് ഇവന്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിനുപുറമെ പോഡ്കാസ്റ്റിങ്ങും അരബിന്ദിനുണ്ട്. ആബാ സോഫ്റ്റ്ടെക്നോളജീസിന്റെ ഡയറക്ടറാണ് കോലഞ്ചേരി സ്വദേശി തോമസ് സക്കറിയ.
'സക്സസ് സ്റ്റോറീസ്' യാത്ര
കോവിഡ് കാലത്തെ ബോറടി മാറാനും, പുതുതായെത്തിയ ആപ്പിനെ പരിചയപ്പെടാനുമാണ് ആദ്യം 'കേരള കഫെ' എന്ന റൂം ആരംഭിച്ചത്. പ്രത്യേകിച്ചൊരു വിഷയത്തെ കേന്ദ്രീകരിക്കാതെയായിരുന്നു റൂമിലെ ആദ്യ ചർച്ചകളൊക്കെയും. പിന്നീട് അതിഥികളുടെ എണ്ണം കൂടിയതോടെ ചർച്ചാ വിഷയങ്ങളും വലുതായി. വിഷയങ്ങൾ വിജയങ്ങളിലേക്കെത്തി. പ്രതിദിനം 300ലധികം കേൾവിക്കാർ ഉണ്ടാകാറുണ്ട് സക്സക് സ്റ്റോറീസിന്. ഇതുവരെ 3000ത്തോളം സ്പീക്കർമാരാണ് ജീവിതത്തിലെ അസാധാരണമായ കഥകൾ സക്സസ് സ്റ്റോറീസിലൂടെ പങ്കുവെച്ചത്. സക്സസ് സ്റ്റോറീസ് യാത്രയാരംഭിച്ച് 90 ദിവസം പിന്നിട്ടപ്പോഴേക്കും രാജ്യത്തെ മികച്ച ക്ലബ് ഹൗസ് പരിപാടിയായി അത് തിരഞ്ഞെടുക്കപ്പെട്ടു.
തിരക്കുകളില്ലാതിരുന്ന, സമയം ഒരുപാടുണ്ടായിരുന്ന ലോക്ഡൗൺ കാലത്താണ് സക്സസ് സ്റ്റോറീസ് ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുകയും ജീവിതം സാധാരണഗതിയിലേക്ക് മാറുകയും ചെയ്യുമ്പോഴും, സക്സസ് സ്റ്റോറീസിന്റെ വിജയത്തേരോട്ടം തുടരുകയാണ്.
എല്ലാ ദിവസവും ഒന്നര മണിക്കൂർ നീണ്ട ചർച്ചകളിലേക്ക് പിന്നീട് ഞായറാഴ്ചകളിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന പരിപാടികളും ഉൾപ്പെടുത്തി. പായ്ക്കപ്പലിൽ ഒറ്റക്ക് ലോകം ചുറ്റിയ നേട്ടം കൈവരിച്ച അഭിലാഷ് ടോമി, മുൻ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരുൾപ്പെടെ നിരവധി വ്യക്തികളാണ് തങ്ങളുടെ ജീവിതത്തിലെ കഥകൾ പങ്കുവെക്കാൻ സക്സസ് സ്റ്റോറീസിലെത്തിയത്.
300 എപ്പിസോഡുകൾ പിന്നിടുമ്പോഴും ക്ലബ് ഹൗസ് വിജയത്തിന്റെ അമ്പരപ്പും കൗതുകവും ഇപ്പോഴും ഈ മൂവർ സംഘത്തിന് വിട്ടുമാറിയിട്ടില്ല. ക്ലബ് ഹൗസ് ആരംഭിച്ച് ഒരു വർഷമാകാനിരിക്കെ ഇടവേളകളില്ലാതെ സക്സസ് സ്റ്റോറീസ് ഇതിനോടകം 300 എപ്പിസോഡുകൾ പൂർത്തിയാക്കി. മുൻകൂട്ടി തീരുമാനിച്ച വിഷയങ്ങളിലല്ല ചർച്ചകൾ എന്നതാണ് സക്സസ് സ്റ്റോറീസിനെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാക്കുന്നത്. 7:30 മുതൽ ഒന്നര മണിക്കൂർ നീളും റൂമിലെ ചർച്ച.
വ്യത്യസ്തരായ മനുഷ്യരുടെ വ്യത്യസ്തമായ കഥകളും അനുഭവങ്ങളും പങ്കുവെക്കുന്നതിലൂടെ ജീവിതം ചോദ്യചിഹ്നമായവർക്ക് മുന്നിലേക്ക് ആശ്വാസത്തേക്കാൾ പ്രതിവിധികൾ എത്തിക്കാനാകുമെന്നതാണ് ഈ മുറിയുടെ സവിശേഷതകളിൽ മറ്റൊന്ന്. കേൾക്കുന്നവർക്കെല്ലാം സംസാരിക്കാൻ ഇടം നൽകുന്ന ഒരു ഫ്രീ സ്പേസ് അല്ല സക്സസ് സ്റ്റോറീസ്. കൃത്യമായ പ്രൊഫൈൽ പിക്ചറും സ്വയം പരിചയപ്പെടുത്തുന്ന ലഘു ബയോയും ഉള്ള ആളുകൾക്ക് ഹാൻഡ് റൈസിങ് സംവിധാനത്തിലൂടെ ചർച്ചയിൽ സംസാരിക്കാം. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങൾ പബ്ലിക് ആയിരിക്കും. ഞായറാഴ്ചകൾ അതിഥികളുടേതാണ്.
കേൾവിക്കാർക്ക് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമാകുന്നതുപോലെ ചിന്താഗതികളിലും വിശ്വാസങ്ങളിലും മാറ്റാമുണ്ടാക്കാൻ സക്സസ് സ്റ്റോറീസ് എന്ന വേദിക്ക് സാധിച്ചുവെന്നാണ് സ്ഥാപകരുടെയും അഭിപ്രായം. മനുഷ്യർ വ്യത്യസ്തരാണെന്നും ഓരോ മനുഷ്യനും ഓരോ കഥകളാണെന്നും സക്സസ് സ്റ്റോറീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.