ന്യൂഡല്‍ഹി: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്വിറ്ററുമായുള്ള തർക്കത്തിന് പിന്നാലെ സമൂഹമാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാല് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയിൽ വ്യക്തമാക്കി.
ട്വിറ്റര്‍, ഫെയ്സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മന്ത്രിയുടെ പ്രസ്താവന. നിങ്ങൾക്ക് ഇന്ത്യയിൽ സ്വതന്ത്രമായി വ്യാപാരം നടത്തി പണം ഉണ്ടാക്കാമെന്നും അതേസമയം, രാജ്യത്തെ നിയമങ്ങൾ കര്‍ശനമായി പാലിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
കാപിറ്റൽ ഹിൽ ആക്രമിക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ െപാലീസുമായി സഹകരിച്ചു. ചെങ്കോട്ടയില്‍ സംഘർഷം ഉണ്ടായപ്പോൾ സര്‍ക്കാറിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ചെങ്കോട്ട നമ്മുടെ അഭിമാന സ്തംഭമാണ്. ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച ട്വിറ്റർ പ്രതിനിധികളും കേന്ദ്ര വാർത്ത വിനിമയ സെക്രട്ടറി അജയ് സാവ്നിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ സ്വന്തം നിയമങ്ങളെയും മാര്‍ഗ നിര്‍ദേശങ്ങളേക്കാളും ഉപരി ഇന്ത്യന്‍ നിയമങ്ങളെ ബഹുമാനിക്കണമെന്നും അനുസരിക്കണമെന്നും കൂടിക്കാഴ്ചയിലും ഇന്ത്യ ട്വിറ്ററിെന അറിയിച്ചു. ഗ്ലോബല്‍ പബ്ലിക് പോളിസി വൈസ് പ്രസിഡൻറ് മോണിക് മേച്ചെ, ഡെപ്യൂട്ടി ജനറല്‍ കൗണ്‍സലും വൈസ് പ്രസിഡൻറുമായ ജിം ബേക്കർ എന്നിവരാണ് ട്വിറ്ററിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഖലിസ്ഥാന്‍ വാദത്തെ പിന്തുണക്കുന്നതും പാകിസ്താെൻറ പ്രേരണയില്‍ പ്രവര്ത്തിക്കുന്നതുമായതെന്നും ചൂണ്ടിക്കാട്ടി 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിർദേശം പൂർണമായും അംഗീകരിക്കാൻ ട്വിറ്റർ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.