വിദ്വേഷ പ്രചാരണത്തിനും രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ നുണകൾ പ്രചരിപ്പിക്കാനും വ്യാജ വിഡിയോകളും വാർത്തകളും സൃഷ്ടിച്ച്, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് നമ്മുടെ നാട്ടിൽ പുതുമയുള്ളതല്ല. മുഖ്യധാര മാധ്യമങ്ങൾവരെ അത്തരം നുണപ്രചാരണങ്ങൾക്ക് നേതൃത്വവും നൽകുന്നു. എന്നാൽ, ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.എസിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജ വിഡിയോ അവിടെ വലിയ ചർച്ചയായിരിക്കുന്നു. ഹെയ്തിക്കാരായ കുടിയേറ്റക്കാർ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനുവേണ്ടി കള്ളവോട്ട് ചെയ്യുന്നുവെന്ന് പറഞ്ഞ് നിർമിക്കപ്പെട്ട വ്യാജ വിഡിയോ ആണ് ഒന്ന്. പ്രചരിച്ച മറ്റൊരു വിഡിയോയിൽ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, ഡോണൾഡ് ട്രംപിനുള്ള വോട്ട് ബാലറ്റ് കീറിക്കളയുന്നതായിരുന്നു. ഇതും വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ വോട്ടർമാരിൽ പരസ്പര വിദ്വേഷം പരത്താനായി നിർമിക്കപ്പെട്ട റഷ്യൻ ട്രോളുകളാണ് ഇവയെന്ന് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അവകാശപ്പെടുന്നത്. കണ്ണുകൊണ്ട് നേരിട്ട് കാണുന്നതല്ലാത്ത ഒന്നും വിശ്വസിക്കാൻ കഴിയാത്ത ‘സത്യാനന്തര കാല’മാണിതെന്നാണ് യു.എസ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും എ.ഐ സഹായത്തോടെ വിദഗ്ധമായി നിർമിക്കപ്പെടുന്ന ഫേക്കുകൾ കണ്ടെത്താൻ ചില മാർഗങ്ങൾ വിവരിക്കുന്നു, മസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) ലാബ് വിദഗ്ധർ:
കണ്ണിമ വെട്ടുന്നതും ചുണ്ടനക്കവും ശ്രദ്ധിക്കുക: ഇമയനക്കലിന് സ്വാഭാവിക താളമുണ്ടോ എന്നും ചുണ്ടനക്കൽ സംഭാഷണത്തോട് ചേരുന്നോ എന്നും നിരീക്ഷിക്കാം.
കണ്ണുകളിലും കണ്ണടകളിലുമുണ്ടാകുന്ന പ്രതിബിംബങ്ങൾ: പ്രതിഫലനമുണ്ടാകുന്നുണ്ടോ എന്നും ഇത്തരം പ്രതിബിംബങ്ങൾ യോജിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കാം.
തൊലിയിൽ തോന്നിക്കുന്ന പ്രായം തന്നെയാണോ കണ്ണുകളിലും മുടിയിലും ഉള്ളതെന്ന് ഉറപ്പാക്കാം.
മിക്ക എ.ഐ വിഡിയോകളിലും കൈകൾ നിശ്ചലമോ കൃത്രിമ ചലനങ്ങൾ നടത്തുന്നതോ ആയി കാണാം. കൈകളിൽ വിരലുകൾ കുറവായോ അഞ്ചിൽ കൂടുതലായോ ചില ഫേക്കുകളിൽ കാണാറുണ്ട്.
വ്യാജ ചിത്രത്തിലെ/വിഡിയോയിലെ എഴുത്തുകൾ (ബോർഡ്, തെരുവിലെ സൂചകങ്ങൾ, കടകളുടെ പേരുകൾ) തുടങ്ങിയവ അക്ഷരം തെറ്റിയോ കണ്ണാടി പ്രതിബിംബം പോലെയോ ഉണ്ടാകാറുണ്ട്.
ഫേക്കുകൾ (എ.ഐ ടെക്സ്റ്റ്, ചിത്രങ്ങൾ, ശബ്ദം) കണ്ടെത്താൻ നിർമിതബുദ്ധി ടൂളുകൾതന്നെ നിലവിലുണ്ട്. അതേസമയം വ്യാജ വിഡിയോ കണ്ടെത്തൽ അൽപംകൂടി സങ്കീർണമാണ്. ഡിപ്വെയർ സ്കാനർ, ഫ്രീ ഡീപഫേക് ഡിറ്റെക്ടർ തുടങ്ങിയവ വന്നുതുടങ്ങിയിട്ടുണ്ട്. ‘കോപിലീക്സ് എ.ഐ ഡിറ്റക്ടർ’, ‘ക്വിൽബോട്ട്’, ‘ജിപിടിസീറോ’ തുടങ്ങിയവ ഉപയോഗിച്ച് എ.ഐ ടെക്സ്റ്റുകൾ കണ്ടുപിടിക്കാം. മനുഷ്യനാണോ എ.ഐ എഴുതിയതോ എന്നതിലേക്ക് സൂചന തരാൻ ഇത്തരം ടൂളുകൾക്ക് സാധിക്കും.
മിഡ് ജേണി, ദാൽ-ഇ, സ്റ്റേബിൾ ഡിഫ്യൂഷൻ തുടങ്ങിയവ നിർമിച്ച ഇമേജുകൾ കണ്ടെത്താൻ ‘സൈറ്റ് എൻജിൻ’ ടൂൾ ഉപയോഗിക്കാം. ഇത്തരം ചിത്രങ്ങൾ എവിടെയെല്ലാം ഉപയോഗിച്ചുവെന്ന് മനസ്സിലാക്കാൻ ‘ടിൻഐ’ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.