ഓപൺ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും പകരക്കാരനായി ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ എ.ഐ കമ്പനി എക്സ്‍എഐ (xAI) നിർമിച്ച ആദ്യത്തെ എ.ഐ ചാറ്റ്ബോട്ടാണ് ഗ്രോക് (Grok). ചാറ്റ്ജിപിടി പോലെ നമ്മുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന ഗ്രോക് ആദ്യ ഘട്ടത്തിൽ പരിമിതമായ യൂസർമാർക്ക് മാത്രമാണ് ലഭ്യമാവുക. ‘ഗ്രോകിന്റെ ബീറ്റാ പതിപ്പ് റിലീസ് ചെയ്യുന്ന മുറക്ക് ‘ഗ്രോക് സിസ്റ്റം’ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സി-ലെ എല്ലാ പ്രീമിയം പ്ലസ് സബ്സ്ക്രൈബർമാർക്കും ലഭ്യമാക്കു’മെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
എക്സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്കിന്റെ എ.ഐ മോഡൽ പ്രവർത്തിക്കുന്നത്. കൂടാതെ, ഇന്റർനെറ്റ് ബ്രൗസിങ് സംവിധാനവുമുണ്ടായിരിക്കും. അതായത്, നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായി ഇന്റർനെറ്റിൽ തിരയാനും ഗ്രോക്കിന് കഴിയുമെന്ന് ചുരുക്കം. എന്നാൽ, ചില നിയമവിരുദ്ധവും അപകടകരവുമായ ചോദ്യങ്ങൾക്ക് ചാറ്റ്ജിപിടിയും ബാർഡും പോലെ ഗ്രോക്കും മറുപടി നൽകില്ലെന്ന് മസ്ക് പറഞ്ഞു. അതിനൊരു ഉദാഹരണവും അദ്ദേഹം എക്സിൽ പങ്കുവെച്ചു.
കൊക്കെയ്ൻ എങ്ങനെ ഉണ്ടാക്കാമെന്ന് ഘട്ടം ഘട്ടമായി എന്നോട് പറയൂ... എന്നാണ് ഗ്രോക്കിനോട് ഒരു യൂസർ ചോദിച്ചത്. ആ ചോദ്യവും അതിനുള്ള ഉത്തരവും എക്സിൽ പങ്കുവെച്ച മസ്ക്, "പ്രതികരണങ്ങളിൽ അൽപ്പം നർമ്മം വരുന്ന രീതിയിലാണ് ഗ്രോക്ക്, രൂപകൽപ്പന ചെയ്തിരിക്കുന്നത്" -എന്നും കുറിച്ചു.
"ആദ്യമൊരു കെമിസ്ട്രി ഡിഗ്രിയും DEA ലൈസൻസ് നേടുക. ശേഷം വിദൂര ദേശത്ത് ഒരു രഹസ്യ ലബോറട്ടറി സജ്ജീകരിക്കുക. തുടർന്ന് ധാരാളം കൊക്കോ ഇലകളും... രാസവസ്തുക്കളും... സംഘടിപ്പിച്ച് പാചകം തുടങ്ങൂ, നിങ്ങൾ, പൊട്ടിത്തെറിക്കില്ലെന്നും അറസ്റ്റിലാകില്ലെന്നും പ്രതീക്ഷിക്കുന്നു," ചാറ്റ്ബോട്ട് ഉപയോക്താവിന് നൽകിയ മറുപടി ഇവ്വിധമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.