‘അങ്ങനെ ഒപ്റ്റിമസിന് വേഗം കൂടി’; ടെസ്‍ല ഹ്യുമനോയ്ഡ് റോബോട്ടിന്റെ വിഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്

അപകടകരമായ സാഹചര്യങ്ങളില്‍ മനുഷ്യന് പകരം ജോലി ചെയ്യിക്കുകയെന്ന ലക്ഷ്യത്തോടെ ടെസ്‍ല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഒപ്റ്റിമസ്. ഒപ്റ്റിമസ് റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് വിവിധ ജോലികൾ ചെയ്യുന്നതിന്റെ വിഡിയോ കമ്പനി മേധാവി ഇലോൺ മസ്ക് ഇടക്കിടെ എക്സിൽ പങ്കുവെക്കാറുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒപ്റ്റിമസ് റോബോട്ട് ഷർട്ട് മടക്കിവെക്കുന്ന വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മേശയിൽ വെച്ച് ശ്രദ്ധയോടെ റോബോട്ട് ടീ ഷർട്ട് മടക്കിവെക്കുകയാണ്. എന്നാൽ, വളരെ പതുക്കെയാണ് ഒപ്റ്റിമസ് അത് ചെയ്യുന്നത്.

‘തനിക്ക് ഇതിലും വേഗത്തിൽ തുണി മടക്കിവെക്കാൻ കഴിയു’മെന്നായിരുന്നു വിഡിയോക്ക് അടിക്കുറിപ്പായി ഇലോൺ മസ്ക് അന്ന് എഴുതിയത്. അതുപോലെ, റോബോട്ട് സ്വന്തമായല്ല തുണി മടക്കുന്നതെന്നും നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണെന്നും മസ്ക് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, വൈകാതെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ റോബോട്ടിന് സ്വയം ചെയ്യാൻ സാധിക്കുമെന്നും മസ്ക് പറഞ്ഞിരുന്നു.


ഇപ്പോഴിതാ ഒപ്റ്റിമസിന്റെ മറ്റൊരു വിഡിയോ കൂടി ഇലോൺ മസ്ക് പങ്കുവെച്ചിരിക്കുകയാണ്. ഇത്തവണ ടെസ്‍ലയുടെ ഹ്യുമനോയ്ഡ് റോബോട്ട് അൽപ്പം വേഗത്തിൽ കാര്യങ്ങൾ ​ചെയ്യുന്നുണ്ട്. തിരക്കേറിയ ടെസ്‍ല ഫാക്ടറിയുടെ തറയിലൂടെ ഒപ്റ്റിമസ് ആത്മവിശ്വാസത്തോടെ ആരുടെയും സഹായമില്ലാതെ നടക്കുന്നതാണ് ഫൂട്ടേജിലുള്ളത്. 1 മിനിറ്റും 18 സെക്കൻഡും ഒപ്റ്റിമസ് സ്വതന്ത്രമായി സഞ്ചരിക്കുകയാണ്.

‘ഒപ്റ്റിമസ് ലാബിലൂടെ ഉലാത്തുന്നു’ എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് മസ്ക് കൗതുകകരമായ ക്ലിപ്പ് പങ്കിട്ടത്. ടെസ്‌ല ബോട്ട് എന്നും അറിയപ്പെടുന്ന ഒപ്റ്റിമസിന്റെ പുതിയ ക്ലിപ്പ് എന്തായാലും നെറ്റിസൺസിനെ ആകർഷിച്ചിട്ടുണ്ട്. ‘ആള് നടത്തത്തിൽ മുമ്പത്തേതിനേക്കാൾ 30 ശതമാനം വേഗത കൈവരിച്ചിട്ടുണ്ടെന്നാ’യിരുന്നു ഒരാൾ കമന്റ് ചെയ്തത്. 



Tags:    
News Summary - Elon Musk Shares New Video of Humanoid Robot Optimus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.