മസ്കിന് വീണ്ടും മനംമാറ്റം; സ്റ്റാർലിങ്ക് വഴി യുക്രെയ്ന് ഇന്‍റർനെറ്റ് സേവനം തുടരും

യുദ്ധകലുഷിതമായ യുക്രെയ്നിൽ ഇന്‍റർനെറ്റ് സേവനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ അയവുവരുത്തി ലോക കോടീശ്വരൻ ഇലോൺ മസ്ക്. മസ്കിന്‍റെ സ്ഥാപനമായ സ്പേസ് എക്സിന് കീഴിലെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴിയാണ് യുദ്ധത്തിന്‍റെ ആരംഭം മുതൽ യുക്രെയ്ന് തടസമില്ലാത്ത ഇന്‍റർനെറ്റ് ലഭ്യമാക്കിയിരുന്നത്. എന്നാൽ, ഇതിന്‍റെ ചെലവ് ഇനി വഹിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സേവനം അവസാനിപ്പിക്കാൻ പോകുകയാണെന്ന് മസ്ക് നേരത്തെ പറഞ്ഞത്.

'സ്റ്റാർലിങ്കിന് പണം നഷ്ടമാകുകയും മറ്റ് കമ്പനികൾ കോടിക്കണക്കിന് വരുമാനം നേടുകയുമാണ്. എന്നാലും, യുക്രെയ്ൻ സർക്കാറിന് സൗജന്യ സേവനം നൽകുന്നത് തുടരും' -മസ്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.

യുക്രെയ്നിൽ ഇന്‍റർനെറ്റ് സേവനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനമുയർന്നതോടെയാണ് മസ്കിന്‍റെ മനംമാറ്റം. യുദ്ധത്തിൽ അടിസ്ഥാന സൗകര്യങ്ങളും ആശയവിനിമയ മാർഗങ്ങളുമെല്ലാം തകർച്ച നേരിട്ട യുക്രെയ്ൻ ജനതക്ക് സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ഏറെ പ്രയോജനപ്പെട്ടിരുന്നു.

ഇതുവരെ 80 ദശലക്ഷം ഡോളറിന്‍റെ ചെലവാണ് ഇന്‍റർനെറ്റ് സേവനം നൽകുക വഴി തങ്ങൾക്കുണ്ടായതെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. ഈ വർഷം അവസാനത്തോടെ അത് 100 ദശലക്ഷം ഡോളറായി ഉയരും. യുക്രെയ്നിൽ ഇന്‍റർനെറ്റ് സേവനം നൽകുന്നതിന്‍റെ ചെലവ് യു.എസ് സൈന്യം ഏറ്റെടുക്കണമെന്നാണ് മസ്ക് ആവശ്യപ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം പെന്‍റഗണിന് സ്പേസ് എക്സ് കത്ത് നൽകിയിട്ടുമുണ്ടായിരുന്നു.

നേരത്തെ, യുദ്ധം അവസാനിപ്പിക്കാനെന്ന പേരിൽ മസ്ക് മുന്നോട്ടുവെച്ച ചില അഭിപ്രായങ്ങൾ വ്യാപക വിമർശനം വരുത്തിവെച്ചിരുന്നു. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലെൻസ്കിയും മസ്കിനെ പരിഹസിച്ചെത്തി. ഇതിൽ പ്രകോപിതനായാണ് മസ്ക് ഇന്‍റർനെറ്റ് സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

Tags:    
News Summary - Elon Musk will continue to fund internet service in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT