വിവാദം; ജെമിനൈ-യുടെ ‘മണ്ടത്തരങ്ങൾ’ പരിഹരിച്ച് ‘റീലോഞ്ച്’ ചെയ്യാൻ ഗൂഗിൾ

എ.ഐ പോർക്കളത്തിൽ ഓപൺഎ.ഐയുടെ ചാറ്റ്ജിപിടിയോട് മത്സരിക്കാനായി ഗൂഗിൾ അവതരിപ്പിച്ച ചാറ്റ് ബോട്ടാണ് ജെമിനൈ (Gemini). എന്നാൽ, ഗൂഗിളിപ്പോൾ ജെമിനൈ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ്. യൂസർമാരുടെ നിർദേശങ്ങൾക്കനുസരിച്ച് ചിത്രങ്ങൾ നിർമിക്കുന്ന ജെമിനൈയുടെ ഇമേജ് ജനറേഷൻ ടൂൾ ആണ് ഗൂഗിളിന് തലവേദനയായിരിക്കുന്നത്. നിർമിക്കുന്ന ചിത്രങ്ങളിലെ അപാകതകൾ കാരണം താൽക്കാലികമായി ടൂൾ നിർത്തിവെക്കേണ്ടിവന്നിരുന്നു ഗൂഗിളിന്.

കഴിഞ്ഞ വർഷം ജെമിനൈയെ പരിചയപ്പെടുത്തിക്കൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞത് ‘ഗൂഗിൾ എ.ഐയുടെ ഏറ്റവും മികച്ച മോഡൽ’ എന്നായിരുന്നു. എന്നാൽ, ഈ വർഷം ഫെബ്രുവരി മുതൽ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ വിമർശനങ്ങൾ ഉയരാൻ തുടങ്ങുകയായിരുന്നു.

എ.ഐ ചാറ്റ്ബോട്ട് വെളുത്ത വർഗക്കാരുടെ ചിത്രം നിർമിക്കാൻ വിസമ്മതിക്കുന്നതായി അവകാശപ്പെട്ട യൂസർമാർ സമൂഹ മാധ്യമങ്ങളിൽ അമേരിക്കൻ ടെക് ഭീമനെ "വംശീയവാദി" എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ജർമനിയുടെ സൈനികരുടെ ചിത്രം ആവശ്യപ്പെട്ടപ്പോൾ ജർമൻ സൈനിക യൂണിഫോമിട്ടിരിക്കുന്ന ഏഷ്യൻ സ്ത്രീയുടെ ചിത്രമായിരുന്നു നൽകിയത്. മാർപാപ്പയുടെ ചിത്രം ചോദിച്ചപ്പോഴാകട്ടെ കറുത്ത നിറമുള്ള വനിതാ പോപ്പിന്റെ ചിത്രവും നിർമിച്ചു’ - ഇങ്ങനെ പോകുന്നു ജെമിനൈ-യുടെ വികൃതികൾ. നൽകുന്ന നിർദേശങ്ങൾക്ക് വിരുദ്ധമായ ഫലങ്ങൾ നൽകാൻ തുടങ്ങിയതോടെ വലിയ വിമർശനങ്ങളാണ് ടെക് ഭീമന് നേരിടേണ്ടി വന്നത്.

ജെമിനൈ-ക്കെതിരെ തുറന്നടിച്ച് ലോക കോടീശ്വരൻ ഇലോൺ മസ്കും രംഗത്തുവന്നിരുന്നു. മസ്കിനെ കുറിച്ചുള്ള ഒരു പ്രതികരണത്തിന്റെ പേരിലായിരുന്നു അദ്ദേഹം ഗൂഗിളിന്റെ എ.ഐ ചാറ്റ്ബോട്ടിനെ രൂക്ഷമായി വിമർശിച്ചത്. ഹിറ്റ്ലറിനാണോ മസ്കിനാണോ ലോകത്ത് ഏറ്റവും കൂടുതൽ മോശം പ്രതിച്ഛായയുള്ളതെന്നായിരുന്നു ചോദ്യം. ‘വ്യത്യസ്തമായ കാരണങ്ങളാൽ ഇരുവരും മോശം പ്രതിച്ഛായയുണ്ടാക്കിയിട്ടുള്ളതിനാൽ ആർക്കാണ് കൂടുതൽ എന്ന് പറയാൻ ബുദ്ധിമുട്ടാണെന്നാ’’ണ് ജെമിനൈ പ്രതികരിച്ചത്. അതിന് മറുപടിയായി ‘ഭ്രാന്തനും വർണവെറിയനും പുരോഗമന വിരോധിയുമായ എഐ’യെയാണ് ഗൂഗിൾ സൃഷ്ടിച്ചതെന്നായിരുന്നു മസ്‌ക് പ്രതികരിച്ചത്.

അതേസമയം, വരും ആഴ്ചകളിൽ ഗൂഗിൾ അതിൻ്റെ ജെമിനൈ എഐ ഇമേജ് ജനറേഷൻ ടൂൾ റീലോഞ്ച് ചെയ്യാൻ പോവുകയാണ്. അപാകതകൾ പരിഹരിച്ച ശേഷം വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതികൾ ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് ആണ് പ്രഖ്യാപിച്ചത്. 

Tags:    
News Summary - Google Plans to Relaunch Gemini AI Image Generation Tool Following Accuracy Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.