സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിൽ ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം മാട്രിമോണി അടക്കം ഏതാനും ഇന്ത്യൻ ആപ്പുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ വിലക്കേർപ്പെടുത്തിയത് വലിയ വാർത്തയായി മാറിയിരുന്നു. പ്ലേ സ്റ്റോറിൽനിന്ന് പ്രയോജനമുണ്ടാക്കിയിട്ടും നന്നായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഫീസ് അടക്കുന്നില്ലെന്ന് കാട്ടി 10 കമ്പനികൾക്കെതിരെയായിരുന്നു ഗൂഗിൾ നടപടി സ്വീകരിച്ചത്.
എന്നാലിപ്പോൾ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ചില ഇന്ത്യന്‍ ആപ്പുകള്‍ പുനഃസ്ഥാപിച്ചിരിക്കുകയാണ് ഗൂഗിള്‍. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് തീരുമാനം പിൻവലിച്ചത്. പ്രശ്‌നത്തില്‍ ഇടപെട്ട കേന്ദ്ര ഐ.ടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആപ്പുകള്‍ നീക്കം ചെയ്ത ഗൂഗിളിന്റെ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും അതിന് അനുവദിക്കില്ലെന്നും ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
നൗക്കരി, 99ഏക്കേഴ്‌സ്, നൗക്കരി ഗള്‍ഫ് ഉള്‍പ്പടെയുള്ള ഇന്‍ഫോ എഡ്ജിന്റെ ആപ്പുകള്‍ ഗൂഗിള്‍ തിരികെയെത്തിച്ചിട്ടുണ്ട്. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും ഇന്ന് തിരിച്ചെത്തി. വൈകാതെ മറ്റ് ആപ്പുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഭാരത് മാട്രിമോണി ആപ്പുകളുടെ മാതൃകമ്പനി മാട്രിമോണി ഡോട്ട് കോം, ജീവൻസാതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്‌ക്കായിരുന്നു പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന് ആൽഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചത്. ഗൂഗിളിന്‍റെ നടപടിക്ക് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്‍റെ ഓഹരികൾ ഇടിഞ്ഞിരുന്നു. ഇന്ത്യയിലെ രണ്ട് ലക്ഷം ആപ്പുകളിൽ മൂന്ന് ശതമാനം ആപ്പുകൾക്ക് മാത്രമാണ് സർവീസ് ഫീ ചുമത്തിയിരിക്കുന്നതെന്നാണ് ഗൂഗിൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.