ന്യൂഡൽഹി: ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് അന്തിമതീരുമാനം സർക്കാർ നിയന്ത്രണത്തിലാക്കി കേന്ദ്ര വിജ്ഞാപനം. ഇവയിലെ ഉള്ളടക്കങ്ങൾ നീക്കുകയും മാറ്റംവരുത്തുകയും ചെയ്യുന്ന കാര്യത്തിൽ അപ്പീൽ നൽകാൻ അപ്പലേറ്റ് കമ്മിറ്റികളുണ്ടാക്കിയാണ് കേന്ദ്ര വിവരസാങ്കേതിക വിദ്യ-ഇലക്ട്രോണിക് മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഗ്രീവൻസസ് അപ്പലേറ്റ് കമ്മിറ്റി (ജി.എ.സി) എന്ന പേരിൽ മൂന്നുമാസത്തിനകം സർക്കാറുണ്ടാക്കുന്ന അപ്പലേറ്റ് കമ്മിറ്റികൾ 2023 ജനുവരിയോടെ നിലവിൽവരും. സമിതിയിൽ ഒരധ്യക്ഷനും രണ്ട് മുഴുസമയ അംഗങ്ങളുമുണ്ടാകും.
ഏതെങ്കിലും പോസ്റ്റുകൾക്കെതിരെ നടപടി എടുക്കാനോ നീക്കംചെയ്യാനോ കമ്പനികൾ വിസമ്മതിച്ചാൽ അപ്പലേറ്റ് കമ്മിറ്റിയെ സമീപിക്കാം. ഈ മാസം 28 മുതൽ പ്രാബല്യത്തിൽ വരുത്തിയ ഭേദഗതി ചെയ്ത ചട്ടങ്ങൾ അനുസരിച്ച് സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്നതും മാറ്റംവരുത്തുന്നതും സംബന്ധിച്ച കമ്പനികളുടെ തീരുമാനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നിയോഗിക്കുന്ന മൂന്നംഗ സമിതിക്ക് മുമ്പാകെ അപ്പീൽ നൽകാം. സമിതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
ഉള്ളടക്കം സംബന്ധിച്ച് സമൂഹമാധ്യമങ്ങളുടെ ഉപയോക്താക്കളിൽനിന്നുള്ള പരാതികൾ തീർപ്പാക്കാൻ ഓരോ കമ്പനിയും പരാതിപരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തിരുന്നു. അവർ പരാതി കിട്ടിയതായി 24 മണിക്കൂറിനകം സാക്ഷ്യപ്പെടുത്തണമെന്നും പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കണമെന്നും ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ 72 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ആ നിർദേശങ്ങൾ കമ്പനികൾ നടപ്പാക്കി മുന്നോട്ടുപോകുന്നുമുണ്ട്. എന്നാൽ, പരാതിപരിഹാര ഉദ്യോഗസ്ഥന്റെ തീരുമാനങ്ങൾക്കെതിരെ കോടതികളെയാണ് ഉപയോക്താക്കൾ ഇപ്പോൾ സമീപിക്കാറുള്ളത്. അതിനുപകരം ആ അപ്പീലുമായി സർക്കാർ കമ്മിറ്റിയെ സമീപിക്കാനാണ് ചട്ടം ഭേദഗതി ചെയ്തത്.
കമ്പനിയുടെ സാമൂഹിക മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ നീക്കംചെയ്യാനുള്ള പ്രക്രിയയയിൽ കേന്ദ്രസർക്കാറിന്റെ കമ്മിറ്റിക്കാകും അന്തിമാധികാരം.
ജി.എ.സി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുമെന്ന് കേന്ദ്ര വിവരസാങ്കേതിക ഇലക്ട്രോണിക്സ് മന്ത്രി അശ്വനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കുള്ള ശക്തമായ സന്ദേശമാണ് പുതിയ ചട്ടങ്ങളെന്നും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളെ സമൂഹമാധ്യമങ്ങൾ മാനിക്കണമെന്നും ഈ നീക്കം ഗുണപരമാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും അവകാശപ്പെട്ടു.
നിയമവിരുദ്ധമോ തെറ്റോ ആയ ഉള്ളടക്കം 72 മണിക്കൂറിനകം നീക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സമൂഹമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് കേന്ദ്രസർക്കാറിന്റെ നിയന്ത്രണം വരുമെന്ന് വിമർശനമുയർന്നുകഴിഞ്ഞു.
മൊത്തമായുള്ള കൈയടക്കൽ -കപിൽ സിബൽ
ന്യൂഡൽഹി: മാധ്യമലോകത്തെ മൊത്തമായും കൈയടക്കലാണ് പുതിയ ഐ.ടി ചട്ടമെന്ന് രാജ്യസഭാംഗവും മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ കുറ്റപ്പെടുത്തി. ആദ്യം അവർ ടി.വി ചാനലുകൾ പിടിച്ചെടുത്തു. ഇപ്പോഴവർ സമൂഹ മാധ്യമങ്ങളെകൂടി പിടിച്ചെടുക്കാനാണ് പോകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയും ആരോടും ഉത്തരം പറയേണ്ടതില്ലാത്ത ഒരു സർക്കാർ സംവിധാനത്തിലേക്കുമാണ് നാം നീങ്ങുന്നത്. സർക്കാറിന് സുരക്ഷിതത്വവും മറ്റുള്ളവർക്ക് അരക്ഷിതത്വവുമാണ് സർക്കാർ നയം. സാധാരണ പൗരന്മാർക്കായി ആകെ അവശേഷിച്ചിരുന്നത് സമൂഹ മാധ്യമങ്ങളായിരുന്നു. അപകീർത്തികരമായ വല്ലതും പറയുന്നവർ പ്രോസിക്യൂഷൻ നടപടിക്ക് വിധേയമാകുമായിരുന്നുവെന്നും സിബൽ ഓർമിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ അപ്പലേറ്റ് കമ്മിറ്റി അടിസ്ഥാനപരമായി സർക്കാറിന്റെ 'സെൻസർഷിപ് സ്ഥാപനമാ'യി മാറുമെന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ കുറ്റപ്പെടുത്തുന്നത്. ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടോ ഇല്ലേ എന്ന തീരുമാനം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്തതിലൂടെ ഓൺലൈൻ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിധികർത്താക്കളായി അവരെ നിശ്ചയിക്കുകയാണ് ചെയ്തതെന്നും ഫൗണ്ടേഷൻ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.