ഇലോൺ മസ്കിന്റെ എ.ഐ കമ്പനിയായ എക്സ് എ.ഐയുടെ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ കഴിഞ്ഞദിവസമാണ് അവതരിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ എന്നാണ് ഇതിനെ മസ്ക് വിശേഷിപ്പിച്ചിരിക്കുന്നത്. അത്രത്തോളം മികവുറ്റതാണോ ഗ്രോക് -3. ഇതര, ചാറ്റ് ബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ചില മേന്മകളൊക്കെ ഗ്രോക് -3 ക്ക് അവകാശപ്പെടാനുണ്ടെന്നാണ് പറയുന്നത്. ഉദാഹരണത്തിന്, ചാറ്റ് ജി.പി.ടിയും ജെമിനിയും ഡീപ് സീക്കുമെല്ലാം രാജ്യങ്ങൾ തമ്മിലുള്ള വിവാദങ്ങളിലും മറ്റും പൊതുവിൽ അഭിപ്രായം പറയാറില്ല; പറയുന്നെങ്കിൽതന്നെ ആരെയും പിണക്കാത്ത വിശദീകരണവുമായിരിക്കും അവ നൽകുക. എന്നാൽ, ഗ്രോക്-3ക്ക് അത്തരം പേടിയൊന്നുമില്ല. സ്വന്തം മുതലാളിയെക്കുറിച്ചുപോലും ആക്ഷേപവും വിമർശനവും ഉന്നയിക്കാൻ വരെ ഗ്രോക് സന്നദ്ധൻ. മസ്കിന്റെ സ്ഥാപനങ്ങളായ ടെസ്ല, സ്പേസ് എക്സ് എന്നിവയിലെ മോശം തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അഭയാർഥിവിരുദ്ധ പ്രസ്താവനകളെക്കുറിച്ചുമെല്ലാം തുറന്നുപറയാൻ ഗ്രോക് തയാറാകുന്നുണ്ടത്രെ.
ആദ്യഘട്ടത്തിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സ്’ ഉപയോക്താക്കൾക്ക് ഗ്രോക് 3 യുടെ സേവനം ലഭ്യമാണ്. പല പോസ്റ്റുകൾക്കും വലതുവശത്തായി ഗ്രോക് എ.ഐ ഐക്കൺ കൊടുത്തിട്ടുണ്ട്. ഇതിൽ ക്ലിക് ചെയ്താൽ ആ പോസ്റ്റിനെക്കുറിച്ച് ഗ്രോക് എ.ഐയുടെ വിശദീകരണം വായിക്കാനാകും. എക്സിലെ പ്രീമിയം വരിക്കാർക്കാണ് ഗ്രോക് 3ന്റെ മെച്ചപ്പെട്ട സേവനം ലഭ്യമാകുക. വളരെ മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ബുദ്ധിശക്തിയുള്ളതാണ് ഗ്രോക്ക് 3 എന്ന് മസ്ക് ‘എക്സി’ൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.