കോട്ടയം: അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നുണ്ടാകാം. സൈബർ വിദഗ്ധരും പൊലീസ് ഉൾപ്പെടെ സുരക്ഷാവിഭാഗങ്ങളും നൽകുന്ന മുന്നറിയിപ്പാണിത്. ഇന്ത്യയിൽ ഭൂരിപക്ഷം പേരുടേയും ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലെന്നാണ് വിദ്ഗധരുടെ അഭിപ്രായം. രാജ്യത്തും, പ്രത്യേകിച്ച് കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് ഫോണുകളാണ്. അവ എളുപ്പം ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും പൂർണമായും സുരക്ഷിതമല്ലെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഫോൺ ഹാക്ക് ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഫോണിലെ ഡാറ്റ ഉപയോഗത്തിന്‍റെ തോത് അപ്രതീക്ഷിതമായി വർധിക്കുകയാണെങ്കിൽ അത് ഫോൺ ഹാക്ക് ചെയ്യുന്നുണ്ടെന്ന സൂചന നൽകുന്നതാണ്. ഹാക്ക് ചെയ്യപ്പെടുന്ന ഫോണിൽ പ്രവർത്തിക്കുന്ന മാൽവെയറാണ് ഡാറ്റ ഉപഭോഗത്തെ വർധിപ്പിക്കുന്നത്. അതിനാൽ ഫോണിലെ ഡാറ്റ ഉപയോഗം ഇടക്കിടെ ശ്രദ്ധിക്കുന്നത് ഉചിതമാകുമെന്നും വിദഗ്ധർ പറയുന്നു. സാധാരണ ഗതിയിൽ പാസ്വേർഡ് ഉപയോഗിച്ച് ഫോൺ ലോക്ക് ചെയ്യുകയാണ് മിക്കയാളുകളും ചെയ്യുക. പാസ്വേർഡ് പ്രവർത്തനം തെറ്റായി കാണുന്നുണ്ടെങ്കിലും അത് ഫോൺ ഹാക്കായതിന്‍റെ സൂചനയാകാം. നമുക്ക് അറിയാത്ത ആപ്പുകൾ ഫോണിൽ കണ്ടാൽ അതും ഫോൺ ഹാക്ക് ചെയ്തതിന്‍റെ ലക്ഷണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്.
നമ്മുടെ അറിവിലില്ലാത്ത കോളുകൾ ഫോൺ ഹിസ്റ്ററിയിലുണ്ടെങ്കിൽ അതും ഇതിന്‍റെ സൂചനയാണ്. അതിനാൽ ഇക്കാര്യങ്ങൾ ഇടക്കിടെ പരിശോധിക്കുന്നത് നന്നാകുമെന്നാണ് വിദഗ്ധാഭിപ്രായം.
ലളിതമായ പാസ്വേർഡുകൾ ഉപയോഗിക്കുന്ന രീതി മാറ്റുന്നതാണ് ഹാക്കിങ്ങിൽ നിന്നും ഫോണുകളെ രക്ഷിക്കാനുള്ള പ്രധാന മാർഗം. ഇടക്കിടെ പാസ്വേർഡുകൾ മാറ്റുന്നതും നല്ലതായിരിക്കും. വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗത്തിന് ശേഷം ഓഫ് ചെയ്യാൻ മറക്കരുത്. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗത്തിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ, സൈറ്റുകൾ, ലിങ്കുകളിൽ കയറുന്നതിലും ശ്രദ്ധിക്കണം. അപരിചിതമായ ലിങ്കുകളിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കൈമാറാതിരുന്നാലും ഫോൺ ഹാക്ക് ചെയ്യുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷപെടാമെന്ന മുന്നറിയിപ്പാണ് സൈബർ വിദഗ്ധർ നൽകുന്നത്.
‘ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തുനൽകുന്നെന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ? എങ്കിൽ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണെന്നാണ് കേരളാ പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിൽ കുടുങ്ങുന്നവരുടെയും എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷനായോ ആവും വരിക. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താവിന്റെ വിവരങ്ങൾ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവയായിരിക്കും. ഇത്തരം സന്ദേശങ്ങളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.