സ്‍പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ സാറ്റലൈറ്റ് വഴിയുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഗസ്സയിലെ ചാരിറ്റി സംഘടനകള്‍ക്ക് ഒരുക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ എതിർപ്പറിയിച്ച് രംഗത്തുവന്നത്.
എല്ലാ അർത്ഥത്തിലും മസ്‌കിന്റെ നീക്കത്തെ എതിർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഷ്‌ലോമോ കാർഹി അറിയിച്ചു. ഇന്റർനെറ്റ് സേവനം ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഗസയിലെ അന്താരാഷ്ട്ര ചാരിറ്റി സംഘടനകള്‍ക്കായുള്ള കണക്ടിവിറ്റിക്ക് സ്റ്റാര്‍ ലിങ്ക് പിന്തുണയ്ക്കും,’ എന്ന് എക്‌സ് അക്കൗണ്ടിലൂടെയാണ് മസ്‌ക് അറിയിച്ചത്. എന്നാൽ, സേവനം എന്നുമുതലാണ് ലഭ്യമാവുകയെന്നതിൽ വ്യക്തതയില്ല. റഷ്യൻ അധിനിവേശ സമയത്ത് യുക്രൈനിലും മസ്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നു.
ഇന്റർനെറ്റ് ലഭ്യമാക്കിയാൽ സ്റ്റാർലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നാണ് ഇസ്രായേൽ വിദേശകാര്യമന്ത്രിയുടെ ഭീഷണി. 'ഇതിനെതിരെ പോരാടാൻ ഇസ്രായേൽ എല്ലാ മാർഗവും സ്വീകരിക്കും. ഹമാസ് അത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നതിൽ സംശയമില്ല. അത് ഞങ്ങൾക്കറിയാം. മസ്‌കും മനസിലാക്കണം. ഹമാസ് ഐ.എസ്.ഐ.എസാണ്. ഇന്‍റര്‍നെറ്റ് നല്‍കിയാൽ സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കും. ' - മസ്കിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഷ്‌ലോമോ കാർഹി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.