സൗജന്യമായി വാരിക്കോരി 4ജി ഡാറ്റ നൽകിക്കൊണ്ടായിരുന്നു ജിയോയുടെ ടെലികോം രംഗത്തേക്കുള്ള കടന്നുവരവ്. അന്ന് ഒരു ജിബിക്ക് 100ഉം 200ഉം രൂപ നൽകിയിരുന്നവർക്ക് ജിയോയുടെ വരവ് വലിയൊരു അനുഗ്രഹമായി മാറി. ജിയോയുടെ ചുവടുപിടിച്ച് മറ്റ് ടെലികോം സേവനദാതാക്കൾക്കും കുറഞ്ഞ താരിഫ് നിരക്കുകൾ അവതരിപ്പിക്കേണ്ടി വന്നു. എന്നാൽ, കാലക്രമേണ ജിയോ അടക്കമുള്ള എല്ലാ സ്വകാര്യ ടെലികോം കമ്പനികളും നിരക്കുകൾ കാര്യമായി തന്നെ ഉയർത്തുകയുണ്ടായി.
എന്നാലിപ്പോൾ, ജിയോസിനിമയിൽ സൗജന്യമായി ഐ.പി.എൽ കാണുന്ന ക്രിക്കറ്റ് പ്രേമികൾക്ക് മുന്നറിയിപ്പുമായി ജിയോ തന്നെ രംഗത്തുവന്നിരിക്കുകയാണ്. വൈകാതെ തന്നെ ജിയോസിനിമയിലെ ഉള്ളടക്കം ആസ്വദിക്കുന്നതിനും ഒരു തുക ഈടാക്കി തുടങ്ങും. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ജിയോയുടെ മീഡിയ ആൻഡ് കണ്ടന്റ് ബിസിനസ്സ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയിരിക്കുന്നത്.
ജനപ്രിയ ക്രിക്കറ്റ് ടൂർണമെന്റുകളുടെയും വെബ് സീരീസുകളുടെയും സിനിമകളുടെയും തത്സമയ സ്ട്രീമിംഗ് സൗജന്യമായി വാഗ്ദാനം ചെയ്യുന്ന ജിയോസിനിമ, ഇത്തവണത്തെ ഐ.പി.എല്ലിൽ വ്യൂവർഷിപ്പിന്റെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് തരംഗം സൃഷ്ടിച്ചിരുന്നു.
എന്നാൽ, മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി മത്സരിക്കാനായി ജിയോ 100-ലധികം പുതിയ സിനിമകളും വെബ് സീരീസുകളും പ്ലാറ്റ്‌ഫോമിലേക്ക് ചേർക്കാൻ പോവുകയാണ്. അവ ആസ്വദിക്കാനായി ഒരു ചെറിയ തുക സബ്സ്ക്രിപ്ഷൻ പ്ലാനായി ഉപയോക്താക്കളിൽ നിന്ന് ഈടാക്കുകയും ചെയ്യും. അടുത്ത ഐ.പി.എൽ മത്സരം ആസ്വദിക്കാൻ പണം മുടക്കേണ്ടി വരുമെന്ന് ചുരുക്കം.
പേടിക്കേണ്ട, മെയ് 28ന് ഐ.പി.എൽ 2023 സീസൺ അവസാനിച്ചതിന് പിന്നാലെയാണ് ജിയോസിനിമയിലെ ഉള്ളടക്കം കാണാനായി വരിക്കാർ പണം നൽകേണ്ടി വരിക. സ്ട്രീമിങ് ഇൻഡസ്ട്രിയിലെ പ്രധാന താരമാകാനാണ് ജിയോ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ജിയോ സിനിമ സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ജിയോ റീചാർജ് പ്ലാനുകൾക്കൊപ്പം ജിയോസിനിമ സബ്ക്സ്ക്രിപ്ഷൻ പ്ലാൻ അധിക തുകയായി ഈടാക്കാനാകും റിലയൻസിന്റെ പദ്ധതി. മറ്റുള്ള ഒ.ടി.ടി ഭീമന്മാരെ അപേക്ഷിച്ച് വളരെ കുറഞ്ഞ പ്ലാനുകളാകും ജിയോസിനിമ അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.