ആദ്യ യൂട്യൂബ് വിഡിയോക്ക് 20 വയസ്സ്. 'മീ അറ്റ് ദി സൂ' എന്ന പേരിൽ വെറും 19 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വിഡിയോ 2005 ഏപ്രിൽ 24നാണ് പോസ്റ്റ് ചെയ്തത്. യൂട്യൂബ് സഹസ്ഥാപകനായ ജാവേദ് കരീമാണ് വിഡിയോ പോസ്റ്റ് ചെയ്തത്. എഡിറ്റിങ്ങോ പശ്ചാത്തല സംഗിതമോ ഫിൽറ്ററോ ഒന്നും ഇല്ലാത്ത ആ വിഡിയോക്ക് 356 മില്യൺ കാഴ്ചക്കാരാണ് ഉള്ളത്. 10 മില്യൺ അഭിപ്രായങ്ങളും.
സാൻ ഡീഗോ മൃഗശാലയിൽ നിന്നുള്ള വീഡിയോയിൽ ആനകളുടെ മുന്നിൽ നിന്ന് ജാവേദ് സംസാരിക്കുന്ന 19 സെക്കന്‍റുകൾ മാത്രമാണ് ഉള്ളത്. 'നമ്മൾ ആനകളുടെ മുന്നിലാണ്. ഇവരുടെ ഏറ്റവും രസകരമായ കാര്യം അവർക്ക് വളരെ നീളമുള്ള തുമ്പിക്കൈകളുണ്ട് എന്നതാണ്, അത് വളരെ നല്ലതാണ്. അത്രേ പറയാനുള്ളു' എന്നാതാണ് വിഡിയോയിലെ വാചകങ്ങൾ.
യൂട്യൂബിലെ ആദ്യ വിഡിയോ സാൻ ഡീഗോ മൃഗശാലയിൽ നിന്നായതിൽ സന്തോഷമുണ്ടെന്ന് മൃഗശാല അധികൃതർ കമന്‍റിൽ അറിയിച്ചു. 17 മില്യണിലധികം ലൈക്കുകളും വിഡിയോ നേടി. 5.3 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ജാവേദ് കരീമിന്റെ ചാനലിലെ ഒരേയൊരു വിഡിയോ കൂടിയാണിത്.
വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്, ജാവേദ് കരീം, ചാഡ് ഹർലി, സ്റ്റീവ് ചെൻ എന്നിവർ ചേർന്ന് 2005 ഫെബ്രുവരി 14 നാണ് സ്ഥാപിച്ചത്. നിലവിൽ ഗൂഗിളിന്റെ ഉടമസ്ഥതയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.